23 December Monday

വെങ്ങാനൂർ മാതൃക പഠിക്കാൻ രാജ്യം

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2024

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ പാലിയേറ്റീവ് കെയർ ടീം 
അംഗങ്ങൾ വെങ്ങാനൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ 
പ്രസിഡന്റ് ആർ എസ് ശ്രീകുമാറിനൊപ്പം

കോവളം
മാതൃകാ സാന്ത്വന പരിചരണപ്രവർത്തനങ്ങൾ നേരിൽപഠിക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സംഘം വെങ്ങാനൂർ പഞ്ചായത്തിലെത്തി. അലോപ്പതി–- ആയുർവേദ–- ഹോമിയോ ആശുപത്രികളുടെ പ്രവർത്തന രീതികളും സേവനങ്ങളും മനസ്സിലാക്കാൻകൂടിയാണ് സംഘമെത്തിയത്.
  വെള്ളി രാവിലെ ഒമ്പതോടെ വിഴിഞ്ഞം സിഎച്ച്സിയിലെത്തിയ സംഘത്തെ പഞ്ചായത്ത് പ്രസിഡന്റ്‌ ആർ എസ് ശ്രീകുമാർ, മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. ഐ എസ് ജവഹർ, പഞ്ചായത്തംഗം അഷ്ടപാലൻ, ഹെൽത്ത് സൂപ്പർവൈസർ ജയചന്ദ്രൻ, ഇൻസ്പെക്ടർ അഭിലാഷ് തുടങ്ങിയവർ സ്വീകരിച്ചു.  തുടർന്ന് മുട്ടയ്ക്കാട് സർക്കാർ ആയുർവേദ ആശുപത്രി, മംഗലത്തുകോണം ഹോമിയോ ആശുപത്രി എന്നിവിടങ്ങളിലുമെത്തി. ബഡ്സ് സ്കൂളും സന്ദർശിച്ചു. 
    സമഗ്ര സാന്ത്വന പരിചരണ പ്രവർത്തനങ്ങൾ പ്രസിഡന്റ്‌ വിശദീകരിച്ചു. ആരോഗ്യ സ്ഥാപനങ്ങൾ നടത്തുന്ന പ്രവർത്തനങ്ങളെ സംബന്ധിച്ച് ഡോ. ലക്ഷ്മിയും പാലിയേറ്റീവ് കെയറിനെക്കുറിച്ച്‌ നഴ്സ് സന്ധ്യയും വിശദീകരിച്ചു. പഞ്ചായത്തിന്റെ പൊതുവായ വികസന പ്രവർത്തനങ്ങളെക്കുറിച്ചും ജനകീയാസൂത്രണ പ്രവർത്തനങ്ങളെ സംബന്ധിച്ച്‌ അസി. സെക്രട്ടറി സുനിത സംസാരിച്ചു. 
  കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെയും ആരോഗ്യമേഖലയിൽ നടക്കുന്ന പ്രവർത്തനങ്ങളെയും ക്ഷേമപ്രവർത്തനങ്ങളെയും ടീം അംഗങ്ങൾ പ്രശംസിച്ചു. പാലിയേറ്റീവ് കെയർ നാഷണൽ ടീം ലീഡറായ ശാലിനിയുടെ നേതൃത്വത്തിൽ റോൺ (അസം), സെയ്ദ് അസ്കരി (ജമ്മു കശ്മീർ), സുനന്ദ (മഹാരാഷ്ട്ര), രാജേന്ദ്ര (ബിഹാർ), ജോൺ സൂര്യ (ആൻഡമാൻ നിക്കോബാർ), റീന (പാലിയം ഇന്ത്യ) എന്നിവരും ടീമിൽ ഉണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top