21 November Thursday

തെരഞ്ഞെടുപ്പാവാറായി, 
പ്രതാപൻ ‘തള്ളും നാടകവും’ തുടങ്ങി

സ്വന്തം ലേഖകൻUpdated: Saturday Oct 21, 2023
തൃശൂർ
ലോക്‌സഭാ തെരഞ്ഞെടുപ്പ്‌  അടുത്തതോടെ ടി എൻ പ്രതാപൻ എംപി, അനിൽ അക്കര  ഉൾപ്പെടെ കോൺഗ്രസ്‌ നേതാക്കളുടെ  ‘തള്ള്‌’  തുടങ്ങി. എംപിയായി നാലരവർഷത്തിനിടെ കേന്ദ്രസർക്കാരിനെതിരെ വാതുറക്കാൻ മടിച്ചിരുന്ന ടി എൻ പ്രതാപന്റെ നേതൃത്വത്തിൽ ടോൾ കൊള്ളയുടെ പേരു പറഞ്ഞ്‌  പാലിയേക്കര പ്ലാസയിൽ  അക്രമാസക്ത സമരം നടത്തിയത്‌  ജനങ്ങൾക്കു മുന്നിൽ അപഹാസ്യരാകാൻ ഇടയാക്കി.  
ടോൾ പ്ലാസ കമ്പനി നടത്തിയ നിർമാണപ്രവൃത്തികളിൽ  അഴിമതിയും ക്രമക്കേടും ഇഡി റെയ്‌ഡിൽ  കണ്ടെത്തിയിരുന്നു.   ഇതിന്റെ പേരിലാണ്‌ കോൺഗ്രസ്‌ മാർച്ച്‌ നടത്തിയത്‌. ടോൾ പ്ലാസ ഓഫീസിലേക്ക്‌ മാർച്ചെന്ന പേരിൽ   പൊലീസിനെ കൈയേറ്റം ചെയ്യാനാണ്‌ കോൺഗ്രസ്‌ നേതാക്കൾ ശ്രമിച്ചത്‌.  
തുടർന്ന്‌  നേരത്തേ തയ്യാറാക്കിയ തിരക്കഥപ്രകാരം ഉന്തും തള്ളും കുഴഞ്ഞുവീഴലും ഉൾപ്പെടെ നാടകം. പൊലീസ്‌ സംയമനം പാലിച്ചിട്ടും കോൺഗ്രസ്‌ നേതാക്കൾ അക്രമാസക്തരായി.  സമരം അവസാനിക്കുംവരെ സമരകേന്ദ്രത്തിലി രുന്ന   ടി എൻ പ്രതാപൻ, അനിൽ അക്കര, ജോസ്‌ വള്ളൂർ എന്നിവർ  പിന്നീട്‌ കൈക്ക്‌ പരിക്കേറ്റുവെന്ന പേരിൽ  ജില്ലാ  ആശുപത്രിയിൽ  ചികിത്സ തേടുന്നു.  തുടർന്ന്‌  പതിവുപോലെ വാർത്താസമ്മേളന നാടകവും.  
 പ്രതാപൻ ആശുപത്രിക്കിടക്കയിൽ കിടക്കുമ്പോഴും, ടോൾ പ്ലാസ അടച്ചുപൂട്ടണമെന്ന് ആവശ്യവുമായി  കേന്ദ്ര  മന്ത്രി നിതിൻ ഗഡ്കരിക്കയച്ച എംപിയുടെ  കത്ത്‌ മാധ്യങ്ങളുടെ ഓഫീസിൽ എത്തിയതോടെ നാടകത്തിന്‌ തിരശ്ശീലവീണു. 
  കോൺഗ്രസ്‌ ഭരണകാലത്ത്‌ തുടങ്ങിയ  ദേശീയപാത നിർമാണത്തിലെ അഴിമതിക്കും  അപാകത്തിനുമെതിരെ വർഷങ്ങളായി ജനങ്ങൾ സമരപാതയിലാണ്‌. കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ വന്നിട്ടും  പരാതികൾ പരിഹരിച്ചില്ല.  നേരത്തേയുള്ള കരാറുകൾപ്രകാരം വലിയ ടോൾ നിരക്കും ഈടാക്കുകയാണ്‌.
ദേശീയപാതയുടെ ദുരിതപരിഹാരത്തിനായി സംസ്ഥാന സർക്കാർ ഇടപെടലുകൾ നടത്തുമ്പോൾ അതിന്‌ തുരങ്കംവച്ച എംപിമാരുൾപ്പെടെ കോൺഗ്രസ്‌ നേതാക്കളാണ്‌ ഇപ്പോൾ സമരനാടകവുമായി രംഗത്തെത്തിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top