26 December Thursday

വിദ്യാരംഭം കലോത്സവത്തിന് തിരിതെളിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Saturday Oct 21, 2023

തുഞ്ചൻപറമ്പിൽ വിദ്യാരംഭം കലോത്സവം വിൽസൺ സാമുവൽ ഉദ്ഘാടനംചെയ്യുന്നു

 തിരൂർ

തുഞ്ചൻപറമ്പിൽ വിദ്യാരംഭത്തിന്റെ ഭാഗമായി വിദ്യാരംഭം കലോത്സവത്തിന് തിരിതെളിഞ്ഞു. സംഗീത നാടക പ്രതിഭ വിൽസൺ സാമുവൽ ഉദ്ഘാടനംചെയ്തു. തുഞ്ചൻ സ്മാരക ട്രസ്റ്റ് ചെയർമാൻ  എം ടി വാസുദേവൻ നായർ അധ്യക്ഷനായി. തന്റെ നാടക ജീവിതത്തിന് തിരശ്ശീല വീഴുമെന്ന്‌ കരുതിയ സമയത്ത്‌ ‘ഗോപുരനടയിൽ’ എന്ന നാടകവുമായി എം ടി വാസുദേവൻ നായരാണ്‌ പ്രതിസന്ധി പരിഹരിച്ചതെന്ന് വിൽസൺ സാമുവൽ പറഞ്ഞു. 
തുഞ്ചൻ ട്രസ്റ്റ് പ്രസിദ്ധീകരിച്ച അക്ഷരമാല, രാമായണാമൃതം എന്നീ പുസ്തകങ്ങൾ വിൽസൺ സാമുവലിന് നൽകി എം ടി വാസുദേവൻ നായർ പ്രകാശിപ്പിച്ചു. ഡോ. കെ ശ്രീകുമാർ സംസാരിച്ചു. ആലങ്കോട് ലീലാകൃഷ്ണൻ സ്വാഗതവും പി കൃഷ്ണൻകുട്ടി നന്ദിയും പറഞ്ഞു.
തുടർന്ന് നിരഞ്ജന സുബ്രഹ്മണ്യം ഭരതനാട്യവും ഹൃദ്യ ഹരിദാസ് മോഹിനിയാട്ടവും സരിത ദാസ് ഭരതനാട്യവും അവതരിപ്പിച്ചു.
 
തുഞ്ചൻപറമ്പിൽ 
ഇന്ന്
വൈകിട്ട് 5.30ന്‌ കലാവിരുന്ന്, 6.30ന്‌ നൃത്തശില്‍പ്പം,  എട്ടിന്‌ മോഹിനിയാട്ടം.
 
എം ടിയെന്ന ‘വെളിച്ചം’
തിരൂർ
കലാജീവിതത്തിന് തിരശ്ശീല വീഴുന്ന ഘട്ടത്തിൽ വെള്ളിവെളിച്ചവുമായി  എത്തിയ ഗുരുവിന്  പ്രണാമവുമായി സംഗീത നാടക പ്രതിഭ വിൽസൺ സാമുവൽ തുഞ്ചൻപറമ്പിലെത്തി.
കോഴിക്കോട്‌ സംഗമം തിയറ്റേഴ്സിന്റെ പ്രധാന പ്രവർത്തകനായിരുന്ന വിൽസൺ സാമുവലും സംഘവും കെ ടി മുഹമ്മദിന്റെ  നാടകങ്ങളായിരുന്നു അവതരിപ്പിച്ചിരുന്നത്. എന്നാൽ,  ഇടക്കാലത്ത് ഇവരുടെ നാടകത്തിൽനിന്ന് കെ ടി മുഹമ്മദ് പിൻമാറിയതോടെ സംഗമം തിയറ്റേഴ്സ്  പ്രതിസന്ധിയിലായി. കലാജീവിതം വഴിമുട്ടിയ ഘട്ടത്തിലാണ് വിൽസൺ സാമുവലിന്റെ നേതൃത്വത്തിൽ നാടകരചനക്കായി  എം ടിയെ സമീപിക്കുന്നത്. നാടക മേഖലയിൽ അതുവരെ കൈവയ്ക്കാത്ത എം ടി ഇവരെ നിരുത്സാഹപ്പെടുത്തിയതോടെ സംഗമം തിയറ്റേഴ്സ് നിർത്താൻ തീരുമാനിച്ചു. ഇതിനിടെയാണ്  ഒരാഴ്ചക്കുശേഷം  എം ടി  സാമുവലിനെ തേടിയെത്തിയതും ‘ഗോപുരനടയിൽ’ എന്ന നാടകവുമായി മുന്നോട്ടുപോകുന്നതും. ഗോപുരനടയിൽ നാടകം സംവിധാനംചെയ്തതും എം ടിയാണ്.   പ്രതിസന്ധിഘട്ടത്തിൽ താങ്ങായി എത്തിയ എം ടിയാണ് തന്റെ നാടക ജീവിതത്തിന്‌ വെളിച്ചമേകിയതെന്നും വിൽസൺ സാമുവൽ വിദ്യാരംഭം കലോത്സവ ഉദ്‌ഘാടന വേദിയിൽ പറഞ്ഞു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top