കാഞ്ഞങ്ങാട്
കുമാരനാശാന്റെ ഒരു കവിതക്ക് ഉള്ളൂർ അവതാരികയെഴുതി. ഏതാണ് ഈ കൃതി? അത്യാവശ്യം സാഹിത്യധാരണ ഉള്ളവർപ്പോലും ഒന്നമ്പരക്കും. അപ്പോഴതാ കൊച്ചുമിടുക്കരുടെ ഉത്തരം: ചണ്ഡാലഭിക്ഷുകി. യുപി വിഭാഗത്തിൽ ഇത്തരം ചോദ്യം ഹിറ്റായപ്പോൾ ശരീരഭാരവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും വലിയ മുട്ടയിടുന്ന പക്ഷി ഏതാണെന്നായിരുന്നു എൽപിക്കാർക്കായി ഉയർന്ന ചോദ്യം. അതിനും മിടുക്കർ സംശയമേതുമില്ലാതെ ഉത്തരം പറഞ്ഞു: കിവി.
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്‌റ്റ് കുട്ടികൾ ആവേശമാക്കിയപ്പോൾ ഉത്തരവും ഞൊടിയിടയിൽ പറന്നിറങ്ങി. ദേശാഭിമാനി പത്രത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ വന്ന വിജ്ഞാന നുറുങ്ങുകളാണ് ചോദ്യമായി കുട്ടികൾക്ക് മുന്നിലെത്തിയത്. ഏഴ് ഉപജില്ലയിൽനിന്നും എൽപി, യുപി, എച്ച്‌എസ്, എച്ച്‌എസ്‌എസ് വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനക്കാരാണ് ജില്ലാ മത്സരത്തിനെത്തിയത്.
ഒന്നാം സ്ഥാനത്തിന് 10,000 രൂപയും സർട്ടിഫിക്കറ്റും മൊമന്റോയും രണ്ടാം സ്ഥാനത്തിന് 5000 രൂപയും സർട്ടിഫിക്കറ്റും മൊമന്റോയുമാണ് സമ്മാനം. ഇവർക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം. സംസ്ഥാന മത്സരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, അക്ഷരമുറ്റം ബ്രാൻഡ് അംബാസിഡർ മോഹൻലാൽ എന്നിവർ സമ്മാനം നൽകും. മൊത്തം രണ്ടുകോടിയുടെ സമ്മാനമാണ് ഈ വർഷം മിടുക്കർക്ക് നൽകുന്നത്.
കാഞ്ഞങ്ങാട് ഹൊസ്‌ദുർഗ് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ സംവിധായകൻ മനോജ് കാന തിരിതെളിച്ച് ഉദ്‌ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്‌സൺ കെ വി സുജാത അധ്യക്ഷയായി. കെഎസ്‌ടിഎ സംസ്ഥാന സെക്രട്ടറി കെ രാഘവൻ, പിടിഎ പ്രസിഡന്റ് രഞ്ജിരാജ്, പ്രധാനാധ്യാപകൻ എം ടി രാജേഷ്, ദേശാഭിമാനി അസിസ്റ്റന്റ് മാനേജർ എൻ വി രാമചന്ദ്രൻ, കെ വി ജയപാൽ, എഫ്‌എസ്‌ഇടിഒ ജില്ലാ സെക്രട്ടറി കെ ഹരിദാസ്, ദേശാഭിമാനി കാസർകോട് ബ്യൂറോ ചീഫ് വിനോദ് പായം എന്നിവർ സംസാരിച്ചു. സി മോഹനൻ സ്വാഗതവും ടി വി നന്ദകുമാർ നന്ദിയും പറഞ്ഞു.
ജില്ലാ വ്യവസായ കേന്ദ്രം മാനേജർ കെ സജിത്ത്‌കുമാർ രക്ഷിതാക്കൾക്കായി സ്വയം തൊഴിൽ സംരംഭങ്ങളെക്കുറിച്ച് ക്ലാസെടുത്തു. കുട്ടികളുടെ മത്സര സമയത്ത് രക്ഷിതാക്കൾക്കായി ക്വിസ് മത്സരവും സംഘടിപ്പിച്ചു. പത്മനാഭൻ കാടകം മത്സരം നിയന്ത്രിച്ചു.
സമാപനസമ്മേളനത്തിൽ നഗരസഭാ ചെയർപേഴ്‌സൺ കെ വി സുജാത വിജയികൾക്ക് സമ്മാനം നൽകി. കെ ഹരിദാസ് അധ്യക്ഷനായി. വിനോദ് പായം സ്വാഗതവും ടി കെ നാരായണൻ നന്ദിയും പറഞ്ഞു.
മത്സരങ്ങൾ അധ്യാപകരായ കെ വി രാജേഷ്, പി മോഹനൻ, കെ ലളിത, പി ശ്രീകല, കെ വി രാജൻ, എം വി സഞ്ജയൻ, എം -ബിഞ്ജുഷ, എം രമേശൻ, പി ദിലീപ് കുമാർ, പി പി ബാബുരാജ്, പി പി കമല എന്നിവർ നിയന്ത്രിച്ചു.
അശ്വിൻരാജിന് ഹാട്രിക്
കാഞ്ഞങ്ങാട്
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്‌റ്റ് ജില്ലാ മത്സരത്തിൽ തുടർച്ചയായ മൂന്നാം തവണയും കെ അശ്വിൻരാജ് ഒന്നാമൻ. നീലേശ്വരം രാജാസ് എച്ച്എസ്എസിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ അശ്വിൻരാജ് യുപി വിഭാഗത്തിലാണ് ഇത്തവണയും ഒന്നാംസ്ഥാനം നേടിയത്.
കഴിഞ്ഞവർഷത്തെ സംസ്ഥാന മത്സരത്തിൽ രണ്ടാംസ്ഥാനക്കാരനാണ്. എൽപി ക്ലാസ് മുതൽ അശ്വിൻരാജ് ജില്ലാ മത്സരത്തിനെത്തുന്നുണ്ട്. നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ നാഗച്ചേരിയിലെ പി രാജേഷിന്റെയും പനയാൽ സ്വദേശിനി കെ ഉമാവതിയുടെയും മകനാണ്. സഹോദരി ശ്രീലക്ഷ്‌മി നീലേശ്വരം രാജാസ് എച്ച്‌എസ്‌എസിൽ പ്ലസ് വൺ വിദ്യാർഥിനി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..