കണ്ണൂർ
ആകാശത്തോളം അറിവ്, കടലോളം വിസ്‌മയം, കൗതുകത്തിന്റെ ആകാശഅതിരുകൾ തൊട്ട് ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്‌റ്റ് സീസൺ –-13ലെ ജില്ലാ മത്സരം. ബഹിരാകാശ വിസ്‌മയങ്ങളെ ലളിതമായും, എന്നാൽ ശാസ്‌ത്രഗാംഭീര്യം ഒട്ടുംചോരാതെയും അവതരിപ്പിച്ച ശാസ്‌ത്ര പാർലമെന്റും തുടർന്നുള്ള സംവാദവും കണ്ണൂർ കൃഷ്‌ണമേനോൻ സ്‌മാരക ഗവ. വനിതാ കോളേജിനെ വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും ഉത്സവവേദിയാക്കി. കൗതുകക്കണ്ണുകളുള്ള കുഞ്ഞുകൂട്ടുകാരുടെ അതിശയകരമായ പ്രകടനങ്ങൾ മത്സരത്തെ മണിക്കൂറുകൾ നീണ്ടതാക്കി. ബഹിരാകാശ ശാസ്ത്രത്തിന്റെയും പ്രപഞ്ചവിസ്മയങ്ങളുടേയും ലോകമായിരുന്നു ജില്ലയിലെ വിദ്യാലയങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾ പങ്കാളികളായ ശാസ്ത്രപാർലമെന്റ്.
ടാലന്റ്‌ഫെസ്‌റ്റ് വയലാർ പുരസ്‌കാര ജേതാവ് അശോകൻ ചരുവിൽ ഉദ്‌ഘാടനംചെയ്‌തു. ദേശാഭിമാനി ന്യൂസ് എഡിറ്റർ പി സുരേശൻ അധ്യക്ഷനായി. വിദ്യാഭ്യാസ റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ആർ രാജേഷ്‌കുമാർ, കെഎസ്‌ടിഎ ജില്ലാ സെക്രട്ടറി കെ ശശീന്ദ്രൻ, സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, പി അജീന്ദ്രൻ എന്നിവർ സംസാരിച്ചു. കണ്ണൂർ യൂണിറ്റ് മാനേജർ പി സജീവ് കൃഷ്‌ണൻ സ്വാഗതവും അസിസ്‌റ്റന്റ് എഡിറ്റർ കെ പി ജൂലി നന്ദിയുംപറഞ്ഞു. ശാസ്‌ത്ര പാർലമെന്റിൽ ഐഎസ്‌ആർഒ സീനിയർ സയന്റിസ്‌റ്റ് വി പി ബാലഗംഗാധരൻ വിഷയാവതരണം നടത്തി. യുഎൽ സ്‌പേസ് ക്ലബ് കോ–-ഓഡിനേറ്റർ പി എസ് അഭിനന്ദ്, ടീം ലീഡർ കെ വരുൺ എന്നിവർ കുട്ടികളുമായി സംവദിച്ചു. പി പി സതീഷ്‌കുമാർ സ്വാഗതവും എ ചന്ദ്രിക നന്ദിയുംപറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..