കൽപ്പറ്റ
റോഡിന്റെ പേര് ‘പൊന്നട’ എന്നാണ്. നന്നാക്കേണ്ടവരുടെ മനസ്സിന്റെ കാഠിന്യം ഇരുമ്പിനെ വെല്ലും. റോഡ് തകർന്ന് മൂന്ന് വർഷമായിട്ടും നഗരസഭാധികൃതർക്ക് കുലുക്കമില്ല. പൊന്നട–-ചൂര്യാറ്റ പാതയിലെ ദുർഘടയാത്രക്ക് മാറ്റമില്ല.
മണിയങ്കോട് പാലം മുതൽ വെങ്ങപ്പള്ളി പഞ്ചായത്ത് അതിർത്തിവരെ നീളുന്ന മൂന്ന് കിലോമീറ്റർ പൂർണമായി തകർന്നു.
നെടുനിലംവരെ കുണ്ടുംകുഴിയും നിറഞ്ഞു. ഇതിനപ്പുറം ടാറിട്ട റോഡുണ്ടായിരുന്നോയെന്ന ചോദ്യമാണിപ്പോൾ. നെടുനിലം മുതൽ ഇ കെ നായനാർ സ്മാരക ഗ്രന്ഥാലയംവരെ തകർന്ന് തരിപ്പണമാണ്. കുഴികൾ നിറഞ്ഞ നെടുനിലം ജങ്ഷനിലെ വളവ് സ്ഥിരം അപകടകേന്ദ്രമാണ്. ഇരുചക്രവാഹനങ്ങളിൽനിന്ന് വീണുള്ള അപകടം പതിവാണ്. പൊന്നട ക്രഷറിൽനിന്ന് ലോഡുമായി നിരന്തരം ലോറികൾ പോകുന്നതിനാൽ അതിരൂക്ഷമായ പൊടിശല്യവും ജനങ്ങളെ വലയ്‌ക്കുന്നു.
മഴയായാൽ ചെളിക്കുളവും അല്ലാത്തപ്പോൾ പൊടിമയവുമാണ്. പൊന്നട കടന്ന് കൽപ്പറ്റ–-മാനന്തവാടി റോഡിലേക്ക് എത്തേണ്ടവർക്ക് തകർന്ന പുളിയാർമല–- മുണ്ടേരി റോഡും താണ്ടണം. കൽപ്പറ്റ ജനറൽ ആശുപത്രിയിലേക്ക് ഉൾപ്പെടെ പോകുന്നവരാണ് ദുരിതംപേറുന്നത്. പൊന്നട–-ചൂര്യാറ്റ പാതയിൽ കാൽനടപോലും ദുഷ്‌കരമായതോടെ സിപിഐ എമ്മിന്റെ നേതൃത്വത്തിലും ജനകീയമായും നഗരസഭയിലേക്ക് നിരവധി പ്രക്ഷോഭം നടന്നെങ്കിലും ഭരണസമിതി കണ്ടില്ലെന്ന് നടിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു.
വെങ്ങപ്പള്ളി
പഞ്ചായത്തിൽ
ടെൻഡറായി
നഗരസഭാ അതിർത്തി കഴിഞ്ഞ് റോഡിന്റെ 300 മീറ്റർ വെങ്ങപ്പള്ളി പഞ്ചായത്തിലാണ്. ഇതും തകർന്നനിലയിലാണ്. നവീകരണത്തിന് ടെൻഡറായി. 300 മീറ്റർ നവീകരിക്കാൻ 15 ലക്ഷം രൂപയാണ് അനവദിച്ചത്. പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. മൂന്നു കിലോമീറ്റർ റോഡിന് കൽപ്പറ്റ നഗരസഭ ഇതുവരെ നീക്കിവച്ചത് 18 ലക്ഷമാണ്. അവഗണന അവസാനിപ്പിച്ച് പ്രവൃത്തിക്ക് ആവശ്യമായ തുക അനുവദിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..