ചെറുവത്തൂർ
കയ്യൂരിന്റെയും ചീമേനിയുടെയും പോരാട്ട ഭൂമികയിൽ കൂടുതൽ കരുത്തോടെ മുന്നേറാൻ ആഹ്വാനം ചെയ്‌ത് സിപിഐ എം ചെറുവത്തൂർ ഏരിയാ സമ്മേളനത്തിന് ചെറുവത്തൂരിൽ ആവേശകരമായ തുടക്കം. രാവിലെ കണ്ണംകുളം വി വി സ്‌മാരകത്തിൽ നിന്നുള്ള ദീപശിഖ ജില്ലാ സെക്രട്ടറിയറ്റംഗം സാബു അബ്രഹാം ജാഥാലീഡർ രജീഷ് വെളളാട്ടിന് കൈമാറി. ചെറുവത്തൂർ റെയിൽവേ മേൽപാലത്തിന് സമീപത്തെ മുനമ്പത്ത് ഗോവിന്ദൻ –- കെ നാരായണൻ പ്രതിനിധി സമ്മേളന നഗരിയിൽ ഏരിയാ സെക്രട്ടറി കെ സുധാകരൻ ദീപശിഖ കൊളുത്തി. സി കുഞ്ഞികൃഷ്ണൻ പതാകയുയർത്തി. പ്രതിനിധികളെ വരവേറ്റ് സ്വാഗതഗാന സംഗീത ശിൽപവും അരങ്ങേറി.
പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്തു. കയനി കുഞ്ഞിക്കണ്ണൻ താൽക്കാലിക അധ്യക്ഷനായി. രജീഷ് വെള്ളാട്ട് രക്തസാക്ഷി പ്രമേയവും എം രാജീവൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംഘാടകസമിതി ചെയർമാൻ മാധവൻ മണിയറ സ്വാഗതം പറഞ്ഞു. കയനി കുഞ്ഞിക്കണ്ണൻ, രജീഷ് വെള്ളാട്ട്, പി സി സുബൈദ, പി വി കൃഷ്ണൻ, പ്രവിഷാ പ്രമോദ് എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. ഏരിയാ സെക്രട്ടറി കെ സുധാകരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പൊതു ചർച്ചയിൽ 31 പേർ പങ്കെടുത്തു. 21 ഏരിയാ കമ്മിറ്റിയംഗങ്ങളടക്കം 171 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നു.
മുൻ കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എം രാജഗോപാലൻ എംഎൽഎ, പി ജനാർദനൻ, സി പ്രഭാകരൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ ഇ കുഞ്ഞിരാമൻ, കെ വി ജനാർദനൻ എന്നിവർ സംബന്ധിക്കുന്നു. വ്യാഴം രാവിലെ ചർച്ചക്കുള്ള മറുപടിയും പുതിയ കമ്മിറ്റി തെരെഞ്ഞെടുപ്പും ജില്ലാ സമ്മേളന പ്രതിനിധികളുടെ തെരെഞ്ഞെടുപ്പും നടക്കും. പകൽ മൂന്നിന് ചെറുവത്തൂർ കൊവ്വലിലെ പള്ളിക്ക് സമീപത്ത് നിന്നും പ്രകടനം ആരംഭിക്കും. ചെറുവത്തൂർ ബസ്‌സ്റ്റാൻഡ് പരിസരത്തെ കെ കുഞ്ഞിരാമൻ നഗറിൽ നടക്കുന്ന പൊതുസമ്മേളനം കേന്ദ്രക്കമ്മിറ്റിയംഗം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..