ഇരിട്ടി
പെരുമ്പറമ്പിലെ ജനവാസമേഖലയിൽ രണ്ടാം ദിവസവും കാട്ടുപന്നിക്കൂട്ടമെത്തി വ്യാപകമായി കൃഷി നശിപ്പിച്ചു. മാതോളി ശ്രീനിവാസൻ, മന്നമ്പേത്ത് പ്രമോദ്കുമാർ എന്നിവരുടെ കൃഷിയിടത്തിലെ കപ്പ, ചേന, ചേമ്പ്, കൂവ എന്നിവ കഴിഞ്ഞ രാത്രിയിൽ തകർത്തു. തിങ്കൾ രാത്രിയിലും കാട്ടുപന്നികളിറങ്ങി ജോണി യോയാക്കിന്റെ 200 നേന്ത്രവാഴകളും കപ്പയും നശിപ്പിച്ചിരുന്നു.
മാതോളി ശ്രീനിവാസൻ കൃഷിയിടത്തിന്ചുറ്റും സാരിവിരിച്ച് തീർത്ത വേലിയും തകർത്താണ് വിളവെടുപ്പിന് പാകമായ കപ്പയും കൂവയും ചേമ്പും നശിപ്പിച്ചത്. പ്രമോദ്കുമാറിന്റെ വീട്ടുപറമ്പിലെ ചേനയും ചേമ്പുമാണ് നശിപ്പിച്ചത്. വനംവകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു. ഫോറസ്റ്റർ സുനിൽകുമാർ ചെന്നപ്പൊയിൽ, ബീറ്റ് ഫോറസ്റ്റർ ഈടൻ രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ കൃഷിനഷ്ടം വിലയിരുത്തി. വനമേഖലയിൽനിന്ന് കിലോമീറ്ററോളം അകലെയുള്ള ജനവാസ മേഖലയാണ് കാട്ടുപന്നികൾ താവളമാക്കിയത്. പന്നികളെ വെടിവച്ചുകൊല്ലാൻ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി രജനി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..