28 December Saturday

സ്വപ്‌നതീരമൊരുങ്ങുന്നു, ആകാശക്കാഴ്‌ചകൾ കാണാൻ

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2024

തലശേരി കടൽപ്പാലം

തലശേരി
തലശേരി കടൽപ്പാലത്തിന്‌ മുകളിലൂടെ സുന്ദരകാഴ്‌ചകൾ ആസ്വദിച്ച്‌ ഇനി യാത്രചെയ്യാം. തലശേരി പൈതൃക ടൂറിസം പദ്ധതി മൂന്നാംഘട്ടത്തിൽ കടൽപ്പാലത്തിന്‌ മുകളിൽ ആകാശപാതയാണ്‌ ഒരുങ്ങുന്നത്‌. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കിഫ്‌ബി ബോർഡ്‌ യോഗം 29.75 കോടി രൂപയുടെ പദ്ധതിക്ക്‌ ധനാനുമതി നൽകി.  തലശേരിയുടെ സ്വപ്‌നപദ്ധതികളിലൊന്നാണ്‌ ഇതിലൂടെ യാഥാർഥ്യമാകുന്നത്‌.   
കരയിൽനിന്ന് തുടങ്ങി കടൽപ്പാലംചുറ്റി അർധവൃത്താകൃതിയിലാകും ആകാശപാത. ദീപാലങ്കാരങ്ങൾകൂടിയാവുന്നതോടെ കാഴ്‌ചയുടെ പുത്തനനുഭവമാകും.  പദ്ധതിരൂപരേഖ തയ്യാറാക്കാനും മറ്റുമായി കിഫ്ബി, കിഡ്ക് (കെഐഐഡിസി) ഉദ്യോഗസ്ഥരും സാങ്കേതികവിദഗ്ധരും തലശേരി കടൽപ്പാലത്തിലെത്തി  പരിശോധന നടത്തിയിരുന്നു. 
തലശേരി കടൽപ്പലവും പരിസരവും ഇതിനകം പ്രധാന ടൂറിസം ഹബ്ബായികഴിഞ്ഞു. സായാഹ്നങ്ങളിൽനൂറുകണക്കിനാളുകളാണ്‌ ഇവിടെ വിശ്രമിക്കാനെത്തുന്നത്‌. ആഘോഷവേളകളിലും അവധിദിനങ്ങളിലും ഇവിടെ ഉത്സവാന്തരീക്ഷമാണ്‌. 
ടൂറിസം സർക്യൂട്ടായി വളരും
തലശേരിയുടെ വിനോദസഞ്ചാര വികസനത്തിൽ നിർണായക ചുവടുവയ്‌പാകും ആകാശപാത. തലശേരി – -മാഹി ബൈപ്പാസ്‌ തുറന്നതോടെ വ്യാപാര മാന്ദ്യംനേരിടുന്ന നഗരത്തിലേക്ക്‌ കൂടുതൽ ആളുകളെ ആകർഷിക്കാൻ ഇതിലൂടെ സാധിക്കും. ചിത്രത്തെരുവും പിയർറോഡും പെർഫോമിങ്‌ കേന്ദ്രമായ ഫയർടാങ്ക്‌ കുളവും എല്ലാം ചേരുന്നതാണ്‌ കടൽപ്പാലം പരിസരം. ചരിത്രം സ്‌പന്ദിക്കുന്ന ജവഹർഘട്ടും സെന്റ് ആംഗ്ലിക്കൻ ചർച്ചും തലശേരി കോട്ടയും ഓവർബറീസ് ഫോളിയും ഹെർമൻ ഗുണ്ടർട്ട് മ്യൂസിയവും ഉൾപ്പെടുന്ന തലശേരി ടൂറിസം സർക്യൂട്ടിലെ പ്രധാന കേന്ദ്രമായി ആകാശപാത വരുന്നതോടെ കടൽപ്പാലംമാറും. 
തലശേരിയുടെ രുചിവൈവിധ്യത്തിന്റെ കേന്ദ്രംകൂടിയാണിവിടം. പാണ്ടികശാലകൾ പലതും കടകളായി. അതിവേഗം വളരുന്ന തലശേരിയുടെ വികസനത്തിലെ  നിർണായക ചുവടുവയ്‌പാണ്‌ ആകാശപാത. ഇതോടെ തലശേരിയുടെ  തലപ്പൊക്കം ഇനിയുമേറും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top