കണ്ണൂർ
മഞ്ഞപ്പിത്തം വ്യാപകമായ തളിപ്പറമ്പ് മേഖലയിൽ വിതരണംചെയ്യുന്ന വെള്ളത്തിൽ മനുഷ്യവിസർജ്യത്തിന്റെയും സാന്നിധ്യം. തളിപ്പറമ്പ് നഗരസഭയിൽ വിതരണംചെയ്യുമ്പോൾ ആരോഗ്യവകുപ്പ് പിടിച്ചെടുത്ത കുടിവെള്ളം പരിശോധിച്ചപ്പോഴാണ് മലത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. ജാഫർ എന്ന സ്വകാര്യ ഏജൻസിയാണ് വെള്ളം വിതരണംചെയ്യുന്നത്. ഇവരുടെ കുടിവെള്ള ടാങ്കറും ഗുഡ്‌സ് ഓട്ടോയും നഗരസഭ ആരോഗ്യവിഭാഗം വെള്ളിയാഴ്‌ച പിടിച്ചെടുത്തു.
കുറുമാത്തൂർ പഞ്ചായത്തിലെ 14ാം വാർഡ് ചവനപ്പുഴയിലെ കിണറ്റിൽനിന്നാണ് ഇവർ വെള്ളംശേഖരിക്കുന്നത്. ഹാജരാക്കിയ ജല ഗുണനിലവാര പരിശോധനാ റിപ്പോർട്ട് പ്രകാരം ഈ കിണറ്റിലെ വെള്ളം ശുദ്ധമാണ്. എന്നാൽ വിതരണത്തിനെത്തിയ വെള്ളത്തിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഹാജരാക്കിയ ജലപരിശോധനാ റിപ്പോർട്ട് കൃത്രിമമാണ്. നിർദിഷ്ട ക്ലോറിനേഷൻ നടപടികളോ ശുദ്ധീകരണ പ്രവൃത്തികളോ ഇവിടെ ചെയ്യുന്നില്ലെന്നും ആരോഗ്യവകുപ്പ് വിലയിരുത്തി. ഈ കിണർ തുടർച്ചയായി ക്ലോറിനേഷൻ നടത്താനും അധികൃതർ നിർദേശിച്ചു.
തളിപ്പറമ്പ് നഗരത്തിലെ ഒട്ടുമിക്ക ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും തട്ടുകടകളിലും കുടിവെള്ളമെത്തിക്കുന്നത് ഈ ഏജൻസിയാണ്. ഏഴാംമൈലിലെ ഒരു സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഈ ഏജൻസി കുടിവെള്ളംവിതരണംചെയ്‌തിരുന്ന സമയത്ത് കുട്ടികൾക്ക് മഞ്ഞപ്പിത്തം പിടിപെട്ടതായും ആരോഗ്യ വകുപ്പിന് വിവരം ലഭിച്ചു. ഡെപ്യൂട്ടി ഡിഎംഒ കെ സി സച്ചിൻ നേതൃത്വത്തിലുള്ള സംഘമാണ് തളിപ്പറമ്പിൽ പരിശോധന നടത്തിയത്. ബ്ലോക്ക് മെഡിക്കൽ ഓഫീസർ അഷ്‌റഫ്, ആരോഗ്യ വകുപ്പ് ഫീൽഡ് വിഭാഗം ജീവനക്കാരായ ബിജു, സജീവൻ, പവിത്രൻ, ആര്യ എന്നിവരും സംഘത്തിലുണ്ടായി.
അബദ്ധധാരണ മാറ്റണം
കണ്ണൂർ
തളിപ്പറമ്പ് മേഖലയിൽ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ രോഗത്തെക്കുറിച്ചുള്ള അബദ്ധധാരണകൾ മാറ്റണമെന്ന നിർദേശവുമായി ആരോഗ്യവകുപ്പ്. സമൂഹമാധ്യമങ്ങളിലുൾപ്പെടെ പ്രചരിക്കുന്ന തെറ്റായ സന്ദേശങ്ങൾ രോഗവ്യാപനം കൂട്ടാൻ കാരണമാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.
ആശുപത്രികളിൽ കേസുകൾ കുറവാണെന്നതുകൊണ്ട് മഞ്ഞപ്പിത്തവ്യാപനമില്ലെന്ന് അർഥമില്ല. ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സിക്കേണ്ട രോഗമല്ല ഇത്. ഇ കോളി ബാക്ടീരിയയാണ് രോഗം പരത്തുന്നതെന്ന ധാരണ തെറ്റാണ്. ഹെപ്പറ്റൈറ്റിസ് വൈറസാണ് രോഗം പരത്തുന്നത്. വെള്ളം പരിശോധിച്ചപ്പോൾ വൈറസ് സാന്നിധ്യമില്ലെങ്കിൽ വെള്ളം മലിനമല്ലെന്ന് ധരിക്കരുത്. വാട്ടർ ടാങ്കിലും ലോറികളിലും ഗുഡ്സ് ഓട്ടോയിലും വിതരണംചെയ്യുന്ന വെള്ളത്തിൽ ഒരു തവണ പരിശോധിക്കുമ്പോൾ ഇ കോളിയില്ലെങ്കിലും വൈറസുണ്ടാകാം. സാധാരണ വാട്ടർ ഫിൽട്ടറുകൾ വൈറസിനെ നശിപ്പിക്കില്ല.
തിളപ്പിച്ചാറ്റിയ വെള്ളംമാത്രം കുടിക്കുക, ശുചിമുറി ഉപയോഗിച്ചശേഷം കൈകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക എന്നിവയാണ് രോഗ വ്യാപനം തടയാനുള്ള പ്രധാനമാർഗങ്ങൾ. കഴിഞ്ഞ മെയ് മാസത്തിൽ തളിപ്പറമ്പ് കേന്ദ്രീകരിച്ചുണ്ടായ മഞ്ഞപ്പിത്തവ്യാപനത്തിൽ തളിപ്പറമ്പ്, ആന്തൂർ നഗരസഭകളിലും ഏഴോം, പട്ടുവം, പരിയാരം, കുറുമാത്തൂർ, ചപ്പാരപ്പടവ്, മയ്യിൽ പഞ്ചായത്തിലുമായി 450ലേറെ കേസാണ് റിപ്പോർട്ട് ചെയ്‌തത്. ജില്ലയിൽ ഈ വർഷം റിപ്പോർട്ട് ചെയ്ത ആകെ കേസുകളിൽ പകുതിയിൽ കൂടുതൽ ഈ പ്രദേശങ്ങളിലാണ്. തളിപ്പറമ്പ് പരിധിയിൽ രണ്ട് യുവാക്കൾ രോഗം ബാധിച്ച് മരിച്ചു. ആരോഗ്യവകുപ്പും പരിയാരം മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗവും ചേർന്ന് വ്യാപകമായി ഫീൽഡ് സർവേ നടത്തി. ആരോഗ്യവകുപ്പും നഗരസഭയും ചേർന്ന് നടത്തുന്ന രോഗനിയന്ത്രണ പ്രവർത്തനങ്ങളുമായി പൊതുജനങ്ങളും വ്യാപാരികളും ഹോട്ടലുടമകളും സഹകരിക്കണമെന്നും ആരോഗ്യവകുപ്പ് അഭ്യർഥിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..