മോറാഴ
കനലെരിയുന്ന ഓർമകളോടെയെത്തിയ രക്തസാക്ഷി കുടുംബാംഗങ്ങളെയും സ്വാതന്ത്ര്യ സമരസേനാനി കുടുംബാംഗങ്ങളെയും വരവേറ്റ് മോറാഴ. സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കരിവെള്ളൂർ രക്തസാക്ഷി ദിനത്തിൽ സംഘടിപ്പിച്ച സംഗമത്തിനാണ് സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിലൂടെ ചോരവീണ് കുതിർന്ന മോറാഴ സാക്ഷ്യംവഹിച്ചത്. മോറാഴ സമരകേന്ദ്രമായ അഞ്ചാംപീടികയിൽ നടന്ന സ്‌മൃതി സംഗമത്തിൽ പാപ്പിനിശേരി, തളിപ്പറമ്പ്, ശ്രീകണ്‌ഠപുരം, മയ്യിൽ, ആലക്കോട് ഏരിയകളിലെ സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബാംഗങ്ങളെയും രക്തസാക്ഷി കുടുംബാംഗങ്ങളെയും ആദരിച്ചു.
ഇടുക്കി എൻജിനിയറിങ് കോളേജിൽ കെഎസ്‌യു യൂത്ത്‌കോൺഗ്രസുകാർ അരുംകൊലചെയ്‌ത തൃച്ചംബരത്തെ ധീരജ് രാജേന്ദ്രൻ, മുസ്ലിംലീഗുകാർ ട്രിപ്പ്‌വിളിച്ചുകൊണ്ടുപോയി കൊലപ്പെടുത്തിയ പന്നിയൂരിലെ ഓട്ടോ ഡ്രൈവർ പി കൃഷ്‌ണൻ, ആർഎസ്‌എസുകാർ കൊലപ്പെടുത്തിയ കണ്ണപുരത്തെ റിജിത്ത്, കോലത്തുവയലിലെ മനോജ്, ബിജെപിക്കാർ കൊലപ്പെടുത്തിയ പുലിക്കുരുമ്പയിലെ മാമ്പള്ളം രാജീവൻ, കാവുമ്പായി രക്തസാക്ഷി പി കുമാരൻ, കോൺഗ്രസുകാർ കൊലപ്പെടുത്തിയ കുടിയാന്മലയിലെ വി കെ സതീശൻ, പ്രകാശൻ, സുകുമാരൻ എന്നീ രക്തസാക്ഷികളുടെ കുടുംബാംഗങ്ങളും കണ്ടക്കൈ, കാവുമ്പായി, മോറാഴ ഉൾപ്പെടെയുള്ള സമരങ്ങളിൽ പങ്കെടുത്ത 96 സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബാംഗങ്ങളും ആദരമേറ്റുവാങ്ങി.
അനുസ്‌മരണവും ആദരവും സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജൻ ഉദ്‌ഘാടനംചെയ്‌തു. സംഘാടക സമിതി ചെയർമാൻ ടി കെ ഗോവിന്ദൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം വി ജയരാജൻ സംസാരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ടി വി രാജേഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി മുകുന്ദൻ, പി കെ ശ്യാമള, ടി ചന്ദ്രൻ, കെ നാരായണൻ, എൻ അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു. ഏരിയാസെക്രട്ടറി കെ സന്തോഷ് സ്വാഗതവും ഒ സി പ്രദീപൻ നന്ദിയുംപറഞ്ഞു. യുവധാര കലാവേദി അഞ്ചാംപീടിക അവതരിപ്പിച്ച സംഗീത ശിൽപ്പവും കർഷകസംഘം മോറാഴ വില്ലേജ് കമ്മിറ്റി അവതരിപ്പിച്ച സംഘനാദവും അരങ്ങേറി.
കേരളത്തെ രൂപപ്പെടുത്തിയത് കമ്യൂണിസ്‌റ്റുകാർ: ഇ പി
തളിപ്പറമ്പ്
കേരളം ഇന്നുകാണുന്ന കേരളമായത് കമ്യൂണിസ്‌റ്റ് പാർടിയുടെ കരുത്തിലാണെന്നും അല്ലായിരുന്നെങ്കിൽ ഉത്തർപ്രദേശുപോലെ കഴുകന്മാർ കൊത്തിപ്പറിക്കുന്ന നാടായി മാറിയേനെയെന്നും സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ. ഭിന്നിച്ചുനിന്നിരുന്ന കേരളത്തെ ഒന്നിപ്പിച്ചതും ഐക്യകേരളം സാധ്യമാക്കിയതും കമ്യൂണിസ്‌റ്റ് പാർടിയാണ്. സിപിഐ എം കണ്ണൂർ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന സ്‌മൃതിസംഗമം അഞ്ചാംപീടികയിൽ ഉദ്‌ഘാടനംചെയ്യുകയായിരുന്നു ഇ പി.
സ്വാതന്ത്ര്യസമരത്തിൽ ബ്രീട്ടീഷ് പട്ടാളക്കാർക്ക് മാപ്പെഴുെതിക്കൊടുത്ത സവർക്കറെ പോരാളിയായിക്കാട്ടുന്ന കേന്ദ്ര ഭരണാധികാരികൾ ചരിത്രത്തെ അട്ടിമറിക്കുകയാണ്. ഭരണഘടനയെ പരിഹസിക്കുന്നവരായി ബിജെപി സർക്കാർ മാറി. ഭരണഘടനയ്‌ക്ക് രൂപം നൽകിയ അംബേദ്‌കറെ എത്രമാത്രം മോശമായിട്ടാണ് ചിത്രീകരിക്കുന്നത്. ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ജനാധിപത്യം അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. തെക്കേ മലബാറിലെ കർഷക കലാപത്തെ മാപ്പിള കലാപമാക്കി ചിത്രീകരിച്ച് അടിച്ചമർത്തിയതുപോലെയാണ് സംഘപരിവാറും കോൺഗ്രസും ചേർന്ന് മുസ്ലീംപ്രീണനമെന്നുപറഞ്ഞ് ഇടതുപക്ഷത്തെ വേട്ടയാടുന്നത്. കേരളത്തെ ഒന്നിപ്പിച്ചപോലെ രാജ്യത്തെ ഒന്നിപ്പിക്കാനും ഇടതുപക്ഷത്തിനുമാത്രമേ കഴിയൂ എന്നും ഇ പി പറഞ്ഞു.
രചനാ – ഹ്രസ്വചിത്ര മത്സരം
തളിപ്പറമ്പ
സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കഥ –- കവിത –- ലേഖന രചന, ഹ്രസ്വചിത്രം എന്നിവയിൽ മത്സരം. വിഷയം: ലേഖനം–- കേന്ദ്ര അവഗണനയുടെ രാഷ്ട്രീയം (600 വാക്ക്), കഥ: പൊതുസമൂഹത്തിൽ ഒറ്റപ്പെട്ടുപോയ സ്ത്രീ (1000 വാക്ക്), കവിത: വയനാടിന്റെ രോദനം (60 വരി), ഹ്രസ്വചിത്രം: വിദ്വേഷ രാഷ്ട്രീയം (ക്രെഡിറ്റ് ഉൾപ്പെടെ 15-–-20 മിനിറ്റ്).
മലയാള ഭാഷയിൽ എഴുതിയ ഇതുവരെ പ്രസിദ്ധീകരിക്കാത്ത സൃഷ്ടികളായിരിക്കണം. ഒരു വിഭാഗത്തിൽ ഒരു രചന മാത്രം. രചനകൾ ഡിടിപി ചെയ്ത് തപാൽ വഴിയോ (കവറിന് പുറത്ത് 'കണ്ണൂർ ജില്ലാ സമ്മേളനം- സാഹിത്യ മത്സരം' എന്ന് രേഖപ്പെടുത്തണം) ഇ-–-മെയിൽ (പിഡിഎഫ് ഫോർമാറ്റിൽ) ആയോ ലഭ്യമാക്കണം. ഹ്രസ്വചിത്രം പെൻഡ്രൈവിൽ സേവ്ചെയ്‌തോ യുട്യൂബ് ലിങ്കായോ സമർപ്പിക്കാം. അവസാന തീയതി: ജനുവരി 15. വിലാസം: സംഘാടകസമിതി ഓഫീസ്, സിപിഐ എം കണ്ണൂർ ജില്ലാ സമ്മേളനം, ടാക്സി സ്റ്റാൻഡിന് സമീപം, തളിപ്പറമ്പ് കണ്ണൂർ, 670141. ഇ–-മെയിൽ: cpimconference24cnr@gmail.com.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..