രാജപുരം
കയർ ഭൂവസ്ത്രം വിരിച്ച് കൃഷിയിടങ്ങൾക്ക് സംരക്ഷണവും മനോഹാരിതയും നൽകി പരപ്പ ബ്ലോക്ക് പഞ്ചായത്ത്. മഴക്കാലത്ത് തോടുകളുടെ കരയിടിഞ്ഞും വയലുകളിലും മറ്റ് കൃഷിയിടങ്ങളിലും വെള്ളവും മണ്ണും കയറി കൃഷി നശിക്കുന്നത് തടയാനും കയർ ഭൂവസ്ത്രത്തിലൂടെ പരിഹാരം കണ്ടെത്തുകയാണ് ബ്ലോക്ക് പഞ്ചായത്ത്. വിവിധ പഞ്ചായത്തുകളിൽ തൊഴിലുറപ്പ് പദ്ധതിയിൽ തോടുകളുടെയും പാടങ്ങളുടെയും ബണ്ടുകൾ കയർ ഭൂവസ്ത്രം വിരിച്ച് ബലപ്പെടുത്തുന്ന പ്രവൃത്തിയാണ് നടത്തുന്നത്. മണ്ണിന്റെ സ്വഭാവം മെച്ചപ്പെടുത്തുന്നതിനും മണ്ണൊലിപ്പ് തടയുന്നതിനും പ്രകൃതിദത്ത നാര് കൊണ്ട് നെയ്തുണ്ടാക്കുന്ന കയർ വസ്ത്രത്തിന് സാധിക്കും. ചകിരിയിൽ നെയ്യുന്ന ഭൂവസ്ത്രങ്ങളാണ് ഉപയോഗിക്കുന്നത്.
കോടോം ബേളൂർ പഞ്ചായത്തിലെ 35 ഏക്കർ വിസ്തൃതിയുള്ള ഏറ്റവും വലിയ പാടശേഖരമാണ് 19-ാം വാർഡിലെ ബാത്തൂർ. കാലവർഷത്തിൽ 10 ഏക്കറോളം കൃഷിയിടം ഇവിടെ നശിച്ചിരുന്നു. ഇവിടെ കയർ ഭൂവസ്ത്രം ഉപയോഗിച്ച് തോടിന്റെ വശങ്ങൾ 700 മീറ്ററോളം നീളത്തിൽ മണ്ണ് ഉപയോഗിച്ച് ബണ്ട് നിർമിച്ച് ഭൂവസ്‌ത്രം വിരിച്ചു സംരക്ഷിക്കുകയായിരുന്നു. ഇതിനായി 3,83,961 ലക്ഷം രൂപയാണ് ചെലവഴിച്ചത്. കയർ ഭൂവസ്ത്രം വിരിച്ചതോടെ വർഷങ്ങളായി കൃഷിക്കാർ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരമായി.
പനത്തടി പഞ്ചായത്തിലെ 13-ാം വാർഡിലെ ചെറുപനത്തടി തോടിനും സംരക്ഷണ ഭിത്തി സ്ഥാപിച്ചു. മറ്റു പഞ്ചായത്തുകളിലും ബണ്ട് നിർമാണ പ്രവൃത്തി നടന്നുവരുന്നു. കയർഫെഡിൽ നിന്നാണ് കയർ ഭൂവസ്ത്രം വാങ്ങുന്നത്. പനത്തടി പഞ്ചായത്തിന്റെ ഭൂവസ്ത്ര പദ്ധതി തിങ്കളാഴ്ച കലക്ടർ കെ ഇമ്പശേഖർ ഉദ്ഘാടനംചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..