25 November Monday

ഇരച്ചുകയറി സുനാമിത്തിരപോലെ

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2024

മാങ്ങാട്ടിടം വട്ടിപ്രത്ത് ക്വാറിയിലേക്ക് മണ്ണിടിഞ്ഞ നിലയിൽ

കൂത്തുപറമ്പ്
കാലവർഷത്തെ തുടർന്നുള്ള ദുരിതത്തിന് ശമനമായെന്ന പ്രതീക്ഷയിലായിരുന്നു വട്ടിപ്രത്തുള്ളവർ. ഇതര പ്രദേശങ്ങളെ പ്രളയജലം മുക്കിയപ്പോൾ ഇവിടെ ബാധിച്ചിരുന്നില്ലെന്ന ആശ്വാസവും അവർക്കുണ്ടായിരുന്നു . എന്നാൽ ഞായർ പുലർച്ചയോടെ അപ്രതീക്ഷിതമായി പ്രദേശത്തെ ഏക്കറുകളോളം പരന്നു കിടക്കുന്ന കരിങ്കൽ ക്വാറിയിൽ കൂറ്റൻ മൺ തിട്ടയിടിഞ്ഞ് വീണു. സുനാമിത്തിരമാലപോലെ  ക്വാറിയിൽനിന്ന് 40 അടിയിലേറെ ഉയരത്തിലാണ് വെള്ളം കരയിലേക്ക് ഇരച്ചു കയറി. ഉഗ്ര ശബ്ദത്തോടെ അലയടിച്ചുവന്ന വെള്ളത്തോടൊപ്പം കൂറ്റൻ കരിങ്കല്ലുകളും ഒഴുകിയെത്തി. മരത്തടികളും കരിങ്കൽ പാറകളും മണ്ണും കുത്തിഒഴുകി  ഉരുൾപൊട്ടിയ പ്രതീതി. കല്ലുകൾ പതിച്ച് വീടുകൾ തകർന്നതോടൊപ്പം വൻ മരങ്ങളും കടപുഴകി. കുത്തൊഴുക്കിൽ തകർന്ന വീടിന്റെ ഉടമ മന്ദമ്പേത്ത് ബാബുവും ഭാര്യ ലീലയും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ബാബു പുലർച്ചെ എഴുന്നേറ്റ് പശുവിനെ കറക്കുന്നതിനിടെയാണ്‌  വെള്ളപ്പാച്ചിലിന്റെ ശബ്ദം കേട്ടത്. ഉടൻ ഭാര്യയെയും കൂട്ടി സുരക്ഷിതസ്ഥാനത്തേക്ക് മാറിയതിനാൽ ജീവൻ രക്ഷപ്പെട്ടു. സാരമായി പരിക്കേറ്റ ലീല പരിയാരത്തെ കണ്ണൂർ ഗവ.  മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഉറക്കത്തിനിടെയാണ്‌ ടി പ്രനീതിന്റെ വീട്ടിൽ വെള്ളം ഇരച്ചെത്തുന്നത്.  ഉടൻ കുട്ടികളെയുമെടുത്ത് സുരക്ഷിത സ്ഥാനത്തേക്ക് ഓടി. വെള്ളപ്പാച്ചിലിൽ പറമ്പൻ മധു, പറമ്പൻ ബാബു എന്നിവരുടെ വീടുകൾക്കും പി സതിയുടെ കടക്കും കേടു പറ്റി. ചെളിവെള്ളം ഒഴുകിയെത്തി നിരവധി വീടുകൾ മലിനമായി. കൂത്തുപറമ്പ് അഗ്‌നിരക്ഷാസേനയും  പൊലീസും  ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡും  രക്ഷാപ്രവർത്തനം നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ,  തഹസിൽദാർ സി പി മണി, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എം സുരേന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗം കെ ധനഞ്ജയൻ,   ഏരിയാ സെക്രട്ടറി ടി ബാലൻ, ജില്ലാ പഞ്ചായത്തംഗം  യു പി ശോഭ,  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ ഷീല,  പഞ്ചായത്ത് പ്രസിഡന്റ്‌  പി സി ഗംഗാധരൻ, ടി അശോകൻ എന്നിവർ   രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top