22 December Sunday
ചികിത്സാ പിഴവെന്ന് ബന്ധുക്കൾ

ചികിത്സയിലിരിക്കെ യുവതി മരിച്ചു

സ്വന്തം ലേഖകൻUpdated: Monday Jul 22, 2024
വിളപ്പിൽ 
വയറുവേദനയ്ക്ക് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സതേടിയ യുവതി തുടർ ചികിത്സയ്ക്കിടെ തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രിയിൽ മരിച്ചു. മലയിൻകീഴ് കുഴുമം ശരത്‌ ഭവനിൽ കൃഷ്ണ തങ്കപ്പൻ (28) ആണ്‌ മരിച്ചത്‌. ജനറൽ ആശുപത്രിയിലെ ചികിത്സാ പിഴവാണ്‌ മരണ കാരണമെന്നാരോപിച്ച്‌ ബന്ധുക്കൾ നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകി. 
ഒരാഴ്ച മുമ്പാണ് വയറുവേദനയെ തുടർന്ന് കൃഷ്ണയെ തിരുവനന്തപുരം തൈക്കാട് ആശുപത്രിയിലെത്തിച്ചത്‌.  അവിടെവച്ച് മൂത്രാശയ കല്ലാണ് കാരണമെന്ന്‌ കണ്ടെത്തി. വിദഗ്ധ ചികിത്സയ്ക്ക് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും അവിടെ അഡ്മിറ്റാകുകയും ചെയ്തു. ഇതിനിടെ ശരീരക്ഷീണം അകറ്റുന്നതിനായി യുവതിക്ക് ഡ്രിപ്പ് നൽകി. ഇതിനുശേഷമാണ് യുവതിയുടെ നില വഷളായതെന്നാണ്‌ ബന്ധുക്കളുടെ ആരോപണം. യുവതിക്ക് ബോധം നഷ്ടപ്പെടുകയും രക്തം കട്ടപിടിക്കുകയും ചെയ്തതോടെ മെഡിക്കൽ കോളേജിലേക്ക്‌ മാറ്റുകയായിരുന്നു.  
എന്നാൽ, ഉദര സംബന്ധമായ അസുഖങ്ങൾക്ക് സാധാരണഗതിയിൽ നൽകുന്ന പാന്റോപ്രസോൾ എന്ന മരുന്ന് മാത്രമാണ് ജനറൽ ആശുപത്രിയിൽ നിന്ന്‌ രോഗിക്ക് നൽകിയതെന്‌ അധികൃതർ പറഞ്ഞു. ഇൻജക്‌ഷനല്ല ഡ്രിപ്പിലൂടെയാണ്‌ മരുന്ന്‌ നൽകിയതെന്നും പറഞ്ഞു. കൃഷ്‌ണ അബോധാവസ്ഥയിലായ ഉടനെ തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ ഞായർ രാവിലെ ആറോടെ മരിക്കുകയായിരുന്നു. യുവതിക്ക് ആസ്‌ത്‌മയും അലർജിയും ഉണ്ടായിരുന്നുവെന്നും അതാണ് നില വഷളാകാൻ കാരണമെന്നും അധികൃതർ പറഞ്ഞു.  
ആലപ്പുഴ ചെങ്ങന്നൂർ സ്വദേശിനിയാണ് കൃഷ്ണ. അഞ്ച്‌ വർഷത്തിനുമുമ്പായിരുന്നു മലയിൻകീഴ്‌ സ്വദേശി എസ്‌ ശരത്തുമായുള്ള വിവാഹം. രണ്ടരവയസ്സുള്ള  മകളുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുനൽകി. സംസ്കാരം പിന്നീട്‌.
മൃതദേഹവുമായി 
പ്രതിഷേധം
നെയ്യാറ്റിൻകര
ചികിത്സയിലിരിക്കെ മരിച്ച കൃഷ്‌ണപ്രിയയുടെ മൃതദേഹവുമായി നെയ്യാറ്റിൻകര ജനറൽ ആശുപത്രി കവാടത്തിൽ രാത്രിയും ബന്ധുക്കൾ ഉപരോധിച്ചു. സർജറി വിഭാഗം ഡോക്ടർ നൽകിയ കുറിപ്പിൻമേൽ നൽകിയ കുത്തിവയ്‌‌പിനെ തുടർന്നാണ്‌ അസ്വസ്ഥതയും ബോധക്ഷയവും അനുഭവപ്പെട്ടതെന്ന്‌ ബന്ധുക്കൾ ആരോപിച്ചു. ബന്ധപ്പെട്ട ഡോക്ടർ, ജീവനക്കാർ എന്നിവർക്കെതിരെ നടപടി വേണമെന്നും ഉന്നതതല അന്വേഷണം വേണമെന്നുമാണ്‌ ആവശ്യം. 
നെയ്യാറ്റിൻകര ഡിവൈഎസ്‌പി ഷാജി, തഹസിൽദാൽ ശ്രീകല എന്നിവർ പ്രതിഷേ‌ധക്കാരുമായി സംസാരിച്ചെങ്കിലും കലക്ടർ വരണമെന്നും ആവശ്യങ്ങൾ അംഗീകരിക്കാതെ പിരിഞ്ഞ് പോകില്ലെന്നുമായിരുന്നു നിലപാട്. തുടർന്ന്‌ എഡിഎം സ്ഥലത്തെത്തി പ്രതിഷേധിക്കാരുമായി സംസാരിച്ചു. ആരോപണ വിധേയനായ ഡോക്ടറെ അന്വേഷണ വിധേയമായി സസ്‌പൻഡ്‌ ചെയ്യാമെന്നും നഷ്ടപരിഹാരം നൽകാമെന്നുമുള്ള ഉറപ്പിൽ സമരം അവസാനിപ്പിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top