18 November Monday

സംരക്ഷണം വൈകരുത്‌ നീലേശ്വരത്തിന്റെ ചരിത്രശേഷിപ്പിന്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2024

കാട് കയറി നശിക്കുന്ന നീലേശ്വരം കോവിലകം കൊട്ടാരം

നീലേശ്വരം
നീലേശ്വരം രാജവംശത്തിന്റെ ഭാഗമായ കോവിലകം കൊട്ടാരം തകർച്ചയിൽ.  രണ്ട് ഗജരാജ പ്രതിമകൾ കാവൽ നിൽക്കുന്ന കൂറ്റൻ കൽത്തൂണുകളോട് കൂടിയ കൊട്ടാരത്തിന്റെ മുൻഭാഗം ഇപ്പോഴും അതേപടി നിൽക്കുന്നുണ്ടെങ്കിലും പിൻഭാഗത്തെ സ്ഥിതി പരമദയനീയം. കാടുകയറിയും കല്ലുകളും മേൽക്കൂരയും അടർന്നുവീണും കെട്ടിടം ഏതുനിമിഷയും  തകർന്നുവീഴുമെന്ന അവസ്ഥയിലാണ്.  1920ലാണ്  കൊട്ടാരം നിർമിച്ചത്. ഇവിടെ ആദ്യം പുല്ലു മാളിക എന്നറിയപ്പെടുന്ന  കൊട്ടാരമായിരുന്നു.
ഏറെക്കാലം ലാൻഡ് ട്രിബ്യൂണൽ ക്യാമ്പ്‌ സിറ്റിങ്‌ പ്രവർത്തിച്ചിരുന്നു. എന്നാൽ ഇത്‌ പിന്നീട്‌  കാഞ്ഞങ്ങാട്ടേക്ക് മാറ്റി. സിനിമ, ഹ്രസ്വ  ചിത്രങ്ങൾ, ആൽബങ്ങൾ തുടങ്ങിയവയുടെ ചിത്രീകരണം ഇവിടെ നടക്കാറുണ്ട്.  കൊട്ടാരത്തെ പൈതൃക സ്മാരകമായി ഏറ്റെടുക്കാൻ വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് തീരുമാനിച്ചിരുന്നു. പിന്നീട് പ്രൊഫ. കെ പി ജയരാജൻ  നഗരസഭ ചെയർമാനായിരിക്കെ  കൊട്ടാരത്തെ മ്യൂസിയമാക്കി മാറ്റാനുള്ള നടപടിക്ക് വേഗത കൂട്ടി. കൗൺസിൽ അംഗീകരിച്ച ആവശ്യം സർക്കാറിലേക്ക് അയക്കുകയും പുരാവസ്തു വകുപ്പ് ഡയറക്ടർ റെജികുമാർ  കൊട്ടാരം സന്ദർശിച്ച് സർക്കാരിലേക്ക് റിപ്പോർട്ടു നൽകുകയുംചെയ്തു. 2016 മെയ് 30ന്  മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി  കൊട്ടാരം സന്ദർശിക്കുകയും  പൈതൃക മ്യൂസിയമാക്കി മാറ്റുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ കൊട്ടാരം ഏറ്റെടുക്കുമ്പോൾ നൽകേണ്ട നഷ്ടപരിഹാര തുക സംബന്ധിച്ച് ധാരണയിലെത്താൻ കഴിഞ്ഞില്ല. ഇതിനിടയിൽ പ്രളയവും കോവിഡും  വന്നതോടെ പദ്ധതി അനിശ്ചിതത്വത്തിലായി.   ഇപ്പോഴത്തെ നഗരസഭാ ഭരണസമിതി സർക്കാരിൽ സമ്മർദ്ദം  ചെലുത്തിയതിനെ തുടർന്ന്  മന്ത്രിയായിരുന്ന അഹമ്മദ് ദേവവർകോവിൽ കൊട്ടാരം സന്ദർശിക്കുകയും  മ്യൂസിയമായി മാറ്റമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
 
മ്യൂസിയം വന്നാൽ സംരക്ഷിക്കപ്പെടും
കെ ജീവന്‍ ബാബു  കലക്ടറായിരിക്കെ  കൊട്ടാരത്തെ പൈതൃക മ്യൂസിയമാക്കി മാറ്റാൻ പ്രത്യേക താല്‍പര്യമെടുക്കുകയും നടപടിക്രമങ്ങള്‍ക്ക് വേഗം കൂട്ടുകയും ചെയ്തിരുന്നു. എന്നാൽ അപ്രതീക്ഷിതമായി പ്രളയവും കോവിഡും ഉണ്ടായതാണ് നടപടിക്രമം  അനിശ്ചിതത്വത്തിലാക്കിയത്. 
നീലേശ്വരം രാജാവിന്റെ പൂര്‍ണകായ പ്രതിമയും ഇ എം എസിന്റെ സ്മാരകമായി ചരിത്ര മ്യൂസിയവും റഫറന്‍സ് ലൈബ്രറിയും ഉള്‍പ്പെടെ സ്ഥാപിക്കാനാണ് നീക്കം നടത്തിയത്. ഇതോടൊപ്പം വടക്കേ മലബാറിലെ കര്‍ഷക സമരചരിത്രങ്ങളെയും സ്വാതന്ത്ര്യ സമര പോരാട്ടത്തെയും നീലേശ്വരം രാജവംശത്തെയും കുറിച്ച്‌  പുതുതലമുറക്ക് പരിചയപ്പെടുത്താനും കഴിയും. നിലവില്‍ പ്രഖ്യാപിച്ച പുരാരേഖ മ്യൂസിയം നടപ്പായാല്‍ നാശോന്മുഖമായ ഈ ചരിത്രശേഷിപ്പ് അതിന്റെ പൂര്‍ണതയില്‍ സംരക്ഷിക്കപ്പെടും.
 
പ്രൊഫ. കെ പി ജയരാജൻ
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top