23 December Monday

മാതൃകാ 
മത്സ്യഗ്രാമത്തിന് 
7.5 കോടി തീരദേശത്തിന്റെ മുഖം മാറും
 മത്സ്യത്തൊഴിലാളികളുടെ ജീവിതവും

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2024

മാതൃകാ മത്സ്യഗ്രാമം പദ്ധതി നടപ്പാക്കുന്ന മാട്ടൂൽ സൗത്ത് അഴിമുഖം. മടക്കര -മാട്ടൂൽ പാലത്തിൽനിന്നുള്ള ദൃശ്യം

മാട്ടൂൽ
തീരദേശമേഖലയുടെ സമഗ്രവികസനവും മത്സ്യത്തൊഴിലാളികളുടെ ക്ഷേമവും ലക്ഷ്യമാക്കിയുള്ള മാതൃകാ മത്സ്യഗ്രാമം പദ്ധതിക്ക്   7.5 കോടി രൂപയുടെ ഭരണാനുമതി. മാട്ടൂൽ സൗത്ത് കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുക. പുഴയും കടലും സംഗമിക്കുന്ന അഴിമുഖത്തിന്റെ സമീപത്താകും മുഖ്യ പ്രവർത്തനം. എം വിജിൻ എംഎൽഎയുടെ നിർദേശത്തെത്തുടർന്നാണ് കല്യാശേരി മണ്ഡലത്തിലേക്ക് മത്സ്യഗ്രാമമെത്തിയത്. തീരദേശ വികസന കോർപറേഷൻ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.
കടൽ, പുഴ എന്നിവിടങ്ങളുമായി ബന്ധപ്പെടുന്ന തൊഴിലാളികളുടെ സർവ ക്ഷേമവും ലക്ഷ്യമാക്കുന്നതോടൊപ്പം മത്സ്യബന്ധയാനങ്ങൾ സുഗമമായി കരക്കടുപ്പിക്കാനും സുരക്ഷിതമായി സംരക്ഷിക്കാനും ഉതകുംവിധം ഫിഷ് ലാൻഡിങ് സെന്ററിനാണ് പ്രഥമ പരിഗണന. ഇത്‌ മത്സ്യത്തൊഴിലാളികളുടെ ഏറെക്കാലത്തെ ആവശ്യമാണ്.  കടലിനെയും പുഴയെയും ബന്ധിപ്പിച്ച്‌ ജല ടൂറിസവും സമുദ്രോൽപ്പന്ന ഭക്ഷ്യശാലയും സജ്ജമാക്കും. ഇക്കോ ടൂറിസമാണ് നടപ്പാക്കുക. കമ്യൂണിറ്റി ഹാളും നിർമിക്കും. തൊഴിലാളികൾക്ക് വരുമാന വർധന ലക്ഷ്യമാക്കിയുള്ള മൂല്യവർധിത ഉൽപ്പന്ന നിർമാണ യൂണിറ്റിനും വിപണന കേന്ദ്രത്തിനും നിർദേശമുണ്ട്. അതിനൂതനവും വിശാലവുമായ അക്വേറിയവും ഫിഷ് സ്പായുമൊരുക്കും. ജലാശയങ്ങളിലെ സ്വാഭാവിക ജീവിതം കാണാനുതകുന്ന രീതിയിലാകും അക്വേറിയം സജ്ജമാക്കുക. വല നെയ്ത്ത് യൂണിറ്റും യാഥാർഥ്യമാക്കും. അലങ്കാര മത്സ്യകൃഷി,  ക്രൂസ് ടൂറിസം പദ്ധതി, തീരദേശത്ത്‌ ഭക്ഷണശാലയോടുചേർന്ന് താൽക്കാലിക വിശ്രമകേന്ദ്രം, സുനാമി ഷെൽട്ടർ ഉൾപ്പടെയുള്ളവ അനുബന്ധമായി ഒരുക്കും.  വിവിധ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ്  ക്രൂയിസ് പദ്ധതി നടപ്പിലാക്കുക. വിനോദ സഞ്ചാര മേഖലക്ക് ഉൾപ്പെടെ ഉണർവേകാൻ ഇവ ഉപകരിക്കും. സഞ്ചാരിളെ ആകർഷിക്കാൻ ഹൗസ് ബോട്ടുകളും സ്പീഡ് ബോട്ടുകളും സജ്ജമാക്കും. 250 പേർക്ക് ഇരിക്കാവുന്നതാണ്  കമ്യൂണിറ്റി ഹാൾ.    
മാട്ടൂൽ സൗത്ത് മേഖലയിലാണ് പദ്ധതിപ്രവർത്തനം. തീരദേശ വികസന കോർപറേഷൻ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. എംഎൽഎയുടെ അധ്യക്ഷതയിൽ കല്യാശേരി ബ്ലോക്ക് പഞ്ചായത്തിൽചേർന്ന ഉന്നതതല യോഗത്തിൽ  വിശദ പ്രോജക്ട്‌ തയ്യാറാക്കാൻ തീരുമാനിച്ചു. ഇതിനുമുന്നോടിയായി പദ്ധതി പ്രദേശങ്ങൾ വിദഗ്‌ധ സംഘം  സന്ദർശിക്കും.  സർക്കാർ അനുമതിനേടി പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിൽ നടപ്പാക്കുകയാണ്‌ ലക്ഷ്യം. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top