ആലപ്പുഴ
ജില്ലയിൽ ബുധനാഴ്ച പുലർച്ചെ വീശീയ ശക്തമായ കാറ്റിൽ വ്യാപക നാശനഷ്‌ടം. സ്‌കൂട്ടറിൽ പ്രഭാത ഭക്ഷണ ഡെലിവറിക്ക് പോയ നിലമ്പൂർ സ്വദേശി താജുദ്ദീന്റെ മുകളിലേക്ക് തെങ്ങ് വീണ് ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീടിനുമുകളിൽ തെങ്ങ് വീണ് തെക്കേക്കര പല്ലാരിമംഗലം കോട്ടക്കട്ടേത്ത് തറയിൽ ഗോമതിയ്‌ക്ക് പരിക്കേറ്റു. നങ്കൂരമിട്ട മത്സ്യബന്ധന വള്ളങ്ങൾ കാറ്റിൽ കൂട്ടിയിടിച്ച് കേടുപാടുപറ്റി. കഞ്ഞിക്കുഴി ചെറുവാരണം അയ്യപ്പൻചേരി ശ്രീധർമശാസ്താ ക്ഷേത്രത്തിൽ ചുറ്റമ്പലം നിർമാണത്തിനായി സ്ഥാപിച്ച താൽക്കാലിക പന്തൽ തകർന്നു. മാന്നാർ തൃക്കുരട്ടി ധർമശാസ്താക്ഷേത്രത്തിന്റെ മതിൽതകർന്നു. മാവേലിക്കരയിൽ കെഎസ്ഇബിയുടെ ആറു സെക്ഷനുകളിലായി 19 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി.
ജില്ലയിൽ ഒരുവീട് പൂർണമായും 50 വീടുകൾ ഭാഗികമായും തകർന്നു. അമ്പലപ്പുഴ താലൂക്കിലാണ് ഏറെയും നാശം. ചേർത്തല- –- 13, അമ്പലപ്പുഴ –--20, കുട്ടനാട് –--രണ്ട്, കാർത്തികപ്പള്ളി –--12, മാവേലിക്കര –--അഞ്ച്, ചെങ്ങന്നൂർ- –-നാല് എന്നീ വീടുകൾ ഭാഗികമായി തകർന്നു. മരംവീണ് വിവിധയിടങ്ങളിൽ വൈദ്യുതി പോസ്റ്റുകളും ലൈനുകളും പൊട്ടി നിരവധി പ്രദേശങ്ങൾ ഇരുട്ടിലായി. നാശനഷ്ടം കണക്കാക്കിയിട്ടില്ല. വൈകിട്ടോടെ വൈദ്യുതി ഭാഗികമായി പുനഃസ്ഥാപിച്ചു.
ആലപ്പുഴ ജനറൽ ആശുപത്രി കോമ്പൗണ്ടിൽ പാർക്ക് ചെയ്ത കാറിനും ഉപയോഗശൂന്യമായ മൂന്ന് വാഹനങ്ങൾക്കും മുകളിലേക്ക് വൻമരം കടപുഴകിവീണു. ജനറൽ ആശുപത്രിവളപ്പിൽ നിന്ന മറ്റൊരു മരം പാലസ് റോഡിലേക്ക് വീണു. അഗ്നിരക്ഷാസേന എത്തി ഇവ മുറിച്ചുമാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..