23 December Monday

വര അസ്സലാക്കും മാഷ്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2024

സഞ്ജയ് വെങ്ങാട്ട് വരച്ച ചിത്രം മുഖ്യമന്ത്രി പിണറായി വിജയന് സമ്മാനിക്കുന്നു (ഫയൽ ചിത്രം)

ചെറുവത്തൂർ
ക്ലാസ്‌ മുറിയിൽ ഭൗതികശാസ്‌ത്രം പഠിപ്പിക്കുന്ന സഞ്‌ജയ്‌ വെങ്ങാട്ട്‌ എന്ന അധ്യാപകനെ പലർക്കും അറിയുമായിരിക്കും. ഈ അധ്യാപകന്റെ  ഉള്ളിലുള്ള കലാകാരനെ പലരും തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. പടന്ന എംആർവിഎച്ച്‌എസ്‌എസിലെ ഫിസിക്‌സ്‌ അധ്യാപകനാണ്‌ സഞ്‌ജയ്‌. 
വരകളിൽ അസാമാന്യ കൈയൊതുക്കവും വിസ്മയവും വിരിയിക്കുകയാണ്‌ ഇദ്ദേഹം. പെൻസിൽ, ക്രയോൺസ്‌ എന്നിവയാണ്‌ മാധ്യമം. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവരുടെ  ജീവൻ തുടിക്കുന്ന ചിത്രങ്ങൾ ഇദ്ദേഹം വരച്ചിട്ടുണ്ട്‌. സാഹിത്യകാരൻ എം മുകുന്ദന്റെ ചിത്രമാണ് അവസാനമായി വരച്ചത്‌. കൂടാതെ ജീവിച്ചിരിക്കുന്നവരും മൺമറഞ്ഞുപോയവരുമായ നിരവധി വ്യക്തികളുടെ ചിത്രങ്ങൾ ഇതിനകം വരച്ചുകഴിഞ്ഞു.  ചിലരുടെ ചിത്രങ്ങൾ വരച്ചെടുക്കാൻ ദിവസങ്ങൾ എടുക്കുമെങ്കിലും ചിലത് വരക്കാൻ ഒന്നോ രണ്ടോ മണിക്കൂറുകൾ മതിയാകും. ആരുടെ ചിത്രമാണോ വരച്ചത് അവർക്ക് സൗജന്യമായി ചിത്രം ഫ്രെയിം ചെയ്തു നൽകുകയാണ് രീതി. താൻ നൽകുന്ന ചിത്രം കാണുമ്പോൾ അവരുടെ മുഖത്തു വിരിയുന്ന ചിരിയാണ് ചിത്രകാരനെന്ന നിലയിൽ തനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമെന്ന് ഈ അധ്യാപകൻ പറയും. 
കാടങ്കോട് സ്വദേശിയായ സഞ്ജയ്  അറിയപ്പെടുന്ന ക്വിസ് മാസ്റ്റർകൂടിയാണ്. ജില്ലാ കോടതിയിലെ സീനിയർ ക്ലർക്ക്‌ ദീപശ്രീയാണ്  ഭാര്യ. ആത്മിക, നിനവ് എന്നിവർ മക്കൾ. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top