22 December Sunday

ജില്ലയിലെ 
ഏറ്റവും വലിയ 
മയക്കുമരുന്ന്‌ 
വേട്ട കോടിയുടെ മയക്കുമരുന്ന്‌ 
കിടപ്പുമുറി സംഭരണകേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2024
കാസർകോട്‌
ഉപ്പള പത്വാടി അൽഹ്‌ലാഹ മൻസിലിൽ അസ്കർ അലി (26) യുടെ വീട്ടിൽനിന്നും പൊലീസ്‌ പിടികൂടിയത്‌ 3.4 കി.ഗ്രാം എംഡിഎംഎയും 640 ഗ്രാം കഞ്ചാവും 30 ലഹരി ഗുളികയും 96.9 ഗ്രാം കൊക്കെയ്‌നും ഉൾപ്പെടെ ഒരു കോടിയോളം രൂപയുടെ മയക്കുമരുന്ന്‌.  ജില്ലയിലെ ഏറ്റവും വലിയ മയക്കുമരുന്ന്‌ വേട്ടയാണ്‌  ഉപ്പളയിലേതെന്ന്‌ ജില്ലാ പൊലീസ്‌ മേധാവി ഡി ശിൽപ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞ 30ന്‌ മേൽപറമ്പ്‌ പൊലീസ്‌ കൈനോത്തുനിന്നും 49.3 ഗ്രാം എംഡിഎംഎയുമായി കൊപ്പൽ സ്വദേശിയായ അബ്ദുറഹ്മാനെ അറസ്റ്റുചെയ്തിരുന്നു. ഇയാളിൽനിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ അസകർ അലിയുടെ വീട്‌ പരിശോധിച്ചത്‌. സ്കാഡ്‌ അംഗങ്ങളുടെ നിരീക്ഷണത്തിലായിരുന്നു പ്രതിയുടെ വീടും പരിസരവും. ബേക്കൽ ഡിവൈഎസ്‌പി വി വി മനോജിന്റെ നിർദേശപ്രകാരം മേൽപ്പറമ്പ്‌ ഇൻസ്പെക്ടർ എ സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ സ്ഥലത്തെത്തിയത്‌. തുടർന്ന്‌  മഞ്ചേശ്വരം സബ്‌ ഇൻസ്പെക്ടർ കെ കെ നിഖിലും സംഘവും എത്തി. അസ്‌കർ അലി കുടുംബത്തോടൊപ്പമാണ്‌ അവിടെ താമസിക്കുന്നത്‌. എന്നാൽ പൊലീസ്‌ വീട്ടിലെത്തിയപ്പോൾ വീട്ടിൽ ആരുമുണ്ടായില്ല. പിന്നീട്‌ അസ്‌കറിനെ വിളിച്ചുവരുത്തി പരിശോധന നടത്തുകയായിരുന്നു.  കിടപ്പുമുറിയിൽ കാർഡ്‌ ബോർഡ്‌ പെട്ടികളിൽ സൂക്ഷിച്ച നിലയിലായിരുന്നു മയക്കുമരുന്ന്‌. 3.4 കിലോഗ്രാം കല്ലുരൂപത്തിലുള്ള എംഡിഎംഎ, 96.9 ഗ്രാം കൊക്കെയ്‌ൻ, 640 ഗ്രാം കഞ്ചാവ്‌, 30 ഗുളിക എന്നിവയാണ്‌ കണ്ടെത്തിയത്‌. ഗുളികയിൽ ഏതുതരം മയക്കുമരുന്നാണ്‌ അടങ്ങിയിരിക്കുന്നതെന്ന്‌ വ്യക്തമല്ല. പിടിച്ചെടുത്തവ വിശദ പരിശോധനക്കായി ഫോറൻസിക് വിഭാഗത്തിന്‌ കൈമാറി. മയക്കുമരുന്നിന്റെ ഉറവിടം അന്വേഷിച്ചുവരികയാണ്‌. കൂടുതൽ അന്വേഷണത്തിനായി പ്രത്യേക സ്വകാഡ്‌ രൂപീകരിക്കും. സംഭവത്തിൽ കൂടുതൽ പ്രതികളുള്ളതായി സംശയിക്കുന്നുണ്ടെന്നും. അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ വിവരം പുറത്തുപറയാനാവില്ലെന്നും ജില്ലാ പൊലീസ്‌ മേധാവി പറഞ്ഞു. പ്രതി അസ്കർ അലിയെ റിമാൻഡ്‌ ചെയ്തു. അന്വേഷണത്തിൽ എസ്‌ഐ സലീം, എസ്‌സിപിഒ പ്രതീഷ്‌ ഗോപാൽ, എസ്‌സിപിഐ പ്രദീപൻ, ഡബ്യുപിസിപിഒ വന്ദന, എഎസ്‌ഐ മധു, എസ്‌സിപിഒ ധനേഷ്‌, എഎസ്‌ഐ സുമേഷ്‌രാജ്‌, സിപിഒമാരായ നീതീഷ്‌, പ്രഷോബ്‌, നിതിൻ എന്നിവരും പങ്കെടുത്തു. 
 
കാസർകോട്‌
ഉപ്പള പത്വാടിയിൽ വീട്ടിൽനിന്നും ഒരു കോടിയോളം രൂപയുടെ മയക്കുമരുന്നുകൾ പിടിച്ചെടുത്ത സംഭവത്തിൽ കൂടുതൽ പ്രതികളുള്ളതായി സംശയിക്കുന്നതായി പൊലീസ്‌.  പ്രതിയായ അസ്‌കർ അലി നിലവിൽ മറ്റ്‌ ജോലികളൊന്നും ചെയ്യാത്ത ആളാണ്‌. അങ്ങനെയെങ്കിൽ  അസ്‌കറിന്‌  ഇത്രയും വിലകൂടിയ മയക്കുമരുന്ന്‌ വസ്‌തുക്കൾ  എവിടെ നിന്ന്‌ ലഭിച്ചുവെന്നതും അന്വേഷിച്ചുവരികയാണ്‌.  മുമ്പും അസ്‌കറിനെതിരെ മയക്കുമരുന്ന്‌ കൈവശം വച്ചതിന്‌ പൊലീസ്‌ കേസെടുത്തിട്ടുണ്ട്‌. കുറഞ്ഞ അളവിലായതിനാൽ പിഴ അടപ്പിച്ച്‌ വെറുതെ വിടുകയായിരുന്നു. എട്ടുവർഷം മുമ്പാണ്‌ അസ്‌കർ ഇപ്പോഴത്തെ വീട്ടിലേക്ക്‌ താമസം മാറുന്നത്‌. ഇവിടെ അപരിചിതരായ പലരും  വന്നിരുന്നതായി പ്രദേശവാസികൾ പറയുന്നു. ഈ വീട്‌ മയക്കുമരുന്നുകൾ സൂക്ഷിക്കാൻ മുമ്പും ഉപയോഗിച്ചിരുന്നതായി സംശയമുണ്ട്‌. കൂടുതൽ ചോദ്യം ചെയ്യലിനു ശേഷം കേസിലെ മുഴുവൻ പ്രതികളെയും ഉടൻ പിടികൂടുമെന്നും പൊലീസ്‌ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top