22 December Sunday

അഭിമാനമാകാൻ അഴീക്കൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2024

ആധുനികവൽക്കരണ പ്രവൃത്തി നടക്കുന്ന അഴീക്കൽ ഹാർബർ കെ വി സുമേഷ് എംഎൽഎയും സംഘവും സന്ദർശിക്കുന്നു

അഴീക്കോട്
അഴീക്കൽ മത്സ്യബന്ധന തുറമുഖത്തിന്റെ ആധുനികവൽക്കരണ പ്രവൃത്തി വേഗത്തിലാക്കി  2025 മാർച്ച് മാസത്തോടെ നാടിന് സമർപ്പിക്കും. പ്രവൃത്തി വിലയിരുത്താൻ കെ വി സുമേഷ് എംഎൽഎയുടെ അധ്യക്ഷതയിൽ  യോ​ഗം ചേർന്നു. പ്രവൃത്തി വേഗത്തിലാക്കാൻ  ഹാർബർ എൻജിനിയറിങ്‌ വിഭാ​ഗത്തിന് നിർദേശം നൽകി.  
 നിലവിൽ തുറമുഖത്തിന്റെ ചുറ്റുമതിൽ  45 ശതമാനം പ്രവൃത്തി പൂർത്തിയായി.  ഫിഷറീസ് ഓഫീസ്, 186 മീറ്റർ വാർഫ്, ലേലപ്പുര, സാഫ് പ്രൊസസിങ്‌ യൂണിറ്റ്, ലോക്കർ മുറി, ക്യാന്റീൻ കെട്ടിടം, ശുചിമുറികൾ,  കുടിവെള്ള വിതരണ സംവിധാനം,  മഴവെള്ള സംഭരണി, എനർജി മുറി, ഫിഷ് പ്രൊസസിങ് യൂണിറ്റ്  എന്നിവയുടെ പ്രവൃത്തി  പുരോഗമിക്കുകയാണ്.  കൂടാതെ റോഡ് പാർക്കിങ്‌ ഏരിയാ ഡ്രൈൻ എന്നിവയുടെ പ്രവൃത്തിയും ഉടൻ ആരംഭിക്കും. 
 ആയിരത്തിലധികം മത്സ്യത്തൊഴിലാളികൾ അഴീക്കൽ  ഹാർബറിനെ ആശ്രയിച്ച് ഉപജീവനം നടത്തുന്നുണ്ട്. എന്നാൽ ഇവിടെയുള്ള സൗകര്യങ്ങളുടെ അപര്യപ്‌തത തൊഴിലാളികളെ വലയ്‌ക്കുകയാണ്‌.   കെ വി സുമേഷ് എംഎൽഎ ഫിഷറീസ്   മന്ത്രി സജി ചെറിയാന് നിവേദനം നൽകിയതിനെ തുടർന്നാണ്‌ ഫിഷറീസ് വകുപ്പ്    ആധുനികവൽക്കരണത്തിന്‌  25.36 കോടി രൂപ  സർക്കാർ അനുവദിച്ചത്.  മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് മത്സ്യത്തൊഴിലാളികൾക്കായി ഇവിടെ ഒരുക്കുന്നതെന്നും  ആധുനിക വൽക്കരണം പൂർത്തിയാകുന്നതോടെ അഴീക്കൽ മത്സ്യബന്ധന തുറമുഖം കേരളത്തിലെ മാതൃക  മത്സ്യബന്ധന തുറമുഖമാകുമെന്നും  കെ വി സുമേഷ് എംഎൽഎ പറഞ്ഞു.
 പഞ്ചായത്ത് പ്രസിഡന്റ്‌ കെ അജീഷ്,  ഹാർബർ എൻജിനിയറിങ്‌ എക്സിക്യൂട്ടീവ് എൻജിനിയർ ലിൻഡ, അസി. എക്സിക്യൂട്ടീവ് എൻജിനിയർ എൻ വിനയൻ, അസി. എൻജിനിയർ സുനിൽകുമാർ, ഓവർസിയർ ഇ നിവ്യ  എന്നിവർ   സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top