എളവള്ളി
കേരളത്തിൽ ആദ്യമായി പഞ്ചായത്ത് സ്ഥാപിച്ച ഡയപ്പർ ഡിസ്ട്രോയർ യന്ത്രം മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. മുരളി പെരുനെല്ലി എംഎൽഎ അധ്യക്ഷനായി. 14 ലക്ഷം രൂപ മുതൽ മുടക്കിയാണ് 60 ഡയപ്പറുകൾ 45 മിനിറ്റ് കൊണ്ട് സംസ്കരിക്കാവുന്ന യന്ത്രം സ്ഥാപിച്ചത്.
രണ്ടു ചേംബറുള്ള യന്ത്രത്തിന്റെ ആദ്യ ചേംബറിൽ ഡയപ്പറുകൾ സ്വയം നിയന്ത്രിത എൽപിജി ബർണറുകൾ ഉപയോഗിച്ച് കത്തും. തുടർന്ന് ഉണ്ടാകുന്ന ക്ലോറിൻ, ഫ്ലൂറിൻ, സൾഫർ ഡൈ ഓക്സൈഡ്, നൈട്രജൻ എന്നിവ ഡയോക്സിനുകളായി മാറാതെ രണ്ടാമത്തെ ചേംബറിൽ സംസ്കരിക്കും. ഇതിൽ നിന്നും ഉണ്ടാകുന്ന വാതകങ്ങളിലെ പൊടിപടലങ്ങൾ സൈക്ലോണിക് സെപ്പറേറ്ററിൽ ശേഖരിച്ച് വെള്ളം ഉപയോഗിച്ച് പൊടിപടലങ്ങൾ, വാതകത്തിലെ സൾഫർ ഡൈ ഓക്സൈഡ് എന്നിവ നീക്കം ചെയ്യും. പിന്നിട് അവശിഷ്ടങ്ങൾ നിർമാർജനം ചെയ്യുന്നതിനായി സെറ്റിൽമെന്റ് സംഭരണിയിലേക്കും സോക്ക്പിറ്റിലേക്കും കടത്തിവിടുകയും ബ്ലോവറിന്റെ സഹായത്തോടെ പുക പുറന്തള്ളുകയും ചെയ്യും.
ഹരിത കർമസേന വഴിയാണ് മാലിനും ശേഖരിക്കാൻ പദ്ധതിയിട്ടിട്ടുള്ളത്. പഞ്ചായത്ത് വാതക ശ്മശാനത്തോട് ചേർന്നാണ് യന്ത്രം സ്ഥാപിച്ചത്. മുല്ലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ, പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്സ്, തദ്ദേശ വകുപ്പ് ജോ.ഡയറക്ടർ പി എം ഷെഫീക്ക്, ഡെപ്യൂട്ടി ഡയറക്ടർ കെ സിദ്ധിഖ്, ശുചിത്വമിഷൻ ജില്ലാ കോ- ഓർഡിനേറ്റർ കെ കെ മനോജ്, ധന്യ രവി, സി എം അനീഷ്, തോമസ് രാജൻ, സനിൽ കുന്നത്തുള്ളി എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..