18 December Wednesday

എന്ന് നിര്‍ത്തും ഈ അവ​ഗണന

വിനോദ്‌ തലപ്പള്ളിUpdated: Sunday Sep 22, 2024

തിരൂർ റെയിൽവേ സ്റ്റേഷൻ

തിരൂർ
അവ​ഗണനയുടെ പടുകുഴിയില്‍പ്പെട്ട് പരാധീനതകളാല്‍ പാടുപെടുകയാണ് സംസ്ഥാനത്തെ ആദ്യത്തെ റെയില്‍വേ സ്റ്റേഷനായ തിരൂര്‍. വരുമാനത്തില്‍ മുന്നിലാണെങ്കിലും ഒരുസ്റ്റേഷനാണെന്ന പരിഗണനപോലും റെയില്‍വേ തിരൂരിന് നല്‍കാറില്ല. രാജധാനിയും ഒന്നാം വന്ദേ ഭാരതുമടക്കം 24 ട്രെയിനുകളാണ് തിരൂരില്‍ നിര്‍ത്താതെ പോകുന്നത്. കഴിഞ്ഞ സാമ്പത്തികവർഷം 38 ലക്ഷം യാത്രക്കാരിൽനിന്ന് 31.17 കോടി രൂപയാണ് തിരൂർ റെയിൽവേ സ്റ്റേഷനിലൂടെ റെയിൽവേയ്ക്ക് വരുമാനം ലഭിച്ചത്. എന്നാൽ, അതിനനുസരിച്ച് സൗകര്യങ്ങളൊരുക്കാൻ അധികൃതർ തയ്യാറായിട്ടില്ല. അമൃത് ഭാരത് പദ്ധയിൽ സ്റ്റേഷനിൽ വലിയ കവാടം നിര്‍മിക്കുന്നുണ്ടെങ്കിലും ഇത് പുറംപൂച്ച് മാത്രമാണെന്നാണ് ആക്ഷേപം. മേല്‍ക്കൂരയില്ലാത്ത പ്ലാറ്റ്ഫോമില്‍നിന്ന് മഴയും വെയിലും കൊള്ളേണ്ട അവസ്ഥയാണ് യാത്രക്കാർക്ക്. ഫ്ലാറ്റ്ഫോമിന്റെ 50 ശതമാനത്തിലേറെ ഭാഗത്തും മേൽക്കൂരയില്ല. മേല്‍ക്കൂര നീട്ടിപ്പണിയണമെന്ന യാത്രക്കാരുടെ ആവശ്യം ഡിവിഷണൽ മാനേജർമുതൽ വകുപ്പ് മന്ത്രിക്ക് മുന്നില്‍വരെ എത്തിയെങ്കിലും പരിഹാരം അകലെയാണ്. വരുമാനംമാത്രം ലക്ഷ്യമിട്ട് വാഹന പാർക്കിങ്ങിന് കൂടുതൽ സൗകര്യം ഒരുക്കാനും പാർക്കിങ് ഫീസ് മൂന്നിരട്ടിയോളം ഉയർത്താനും റെയില്‍വേ തയ്യാറായിട്ടുണ്ട്.
കോട്ടക്കൽ ആര്യവൈദ്യശാല, കലിക്കറ്റ് സര്‍വകലാശാല, മലയാള സർവകലാശാല, തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രം, ആലത്തിയൂർ ഹനുമാൻ കാവ് ക്ഷേത്രം, സംസ്ഥാനത്തെ ഏറ്റവും വലിയ ഗൾഫ് ബസാര്‍ തുടങ്ങി ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള വാതിലാണ് തിരൂര്‍. ജില്ലയിലെ മറ്റിടങ്ങളിലേക്കെത്തണമെങ്കിലും തിരൂര്‍ സ്റ്റേഷനെയാണ് യാത്രക്കാര്‍ ആശ്രയിക്കുന്നത്. ഉത്തരേന്ത്യയിൽനിന്നടക്കം നിരവധി യാത്രക്കാരാണ് തിരൂരിലെത്തുന്നത്. ദീർഘദൂര യാത്രക്കാരും വിദ്യാര്‍ഥികളുമടക്കം നിരവധി പേരാണ് ​ദിനേനെ സ്റ്റേഷനിലെത്തുന്നത്. എന്നാല്‍, സൗകര്യങ്ങളിലെ അപര്യാപ്തത ഇവരെ തിരൂരില്‍നിന്ന് അകറ്റുന്നു. ഡല്‍ഹിയിലേക്ക് മംഗള എക്സ്പ്രസിനും സമ്പർക്കക്രാന്തി എക്സ്പ്രസിനും മാത്രമാണ് തിരൂരില്‍ സ്റ്റോപ്പുള്ളത്. രാജധാനിക്കുകൂടി തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നാണ് യാത്രക്കാരുടെ വർഷങ്ങളായുള്ള ആവശ്യം. ഷൊര്‍ണൂരോ കോഴിക്കോടോ പോയാണ് ദീര്‍ഘദൂര യാത്രക്കാര്‍ പല ട്രെയിനുകളിലും കയറുന്നത്. 
 

തിരൂരിൽ സ്റ്റോപ്പില്ലാത്ത ട്രെയിനുകൾ 

 
(ബ്രാക്കറ്റില്‍ ദിവസവും ട്രെയിന്‍ നമ്പറും): 
കോഴിക്കോട് ഭാഗത്തേക്ക് 
● ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർ ഫാസ്‌റ്റ് എക്‌സ്‌പ്രസ് (ബുധന്‍– -22655, -22633, ശനി– 22653) 
● കാസർകോട് വന്ദേ ഭാരത് (20634)
● അമൃത്‌സർ വീക്കിലി (ബുധൻ– 12483) 
● യോഗ്നനാഗരി ഋഷികേശ് സൂപ്പർ ഫാസ്റ്റ് (വെള്ളി– 22659) 
● ഹിസാർ എസി സൂപ്പർ ഫാസ്‌റ്റ് (ശനി– 22476) 
● ഗാന്ധിധാം ഹംസഫർ എക്‌സ്‌പ്രസ് (വ്യാഴം– 20923)
● ഇൻഡോർ വീക്കിലി സൂപ്പർ ഫാസ്റ്റ് (വെള്ളി– 20931)
● ദാദർ സെൻട്രൽ സൂപ്പർ ഫാസ്‌റ്റ് (ബുധൻ– 22630)
● രാജധാനി എക്‌സ്‌പ്രസ് (ചൊവ്വ, വ്യാഴം, വെള്ളി– 12431)
● മുംബൈ തുരന്തോ എക്‌സ്‌പ്രസ് (ഞായർ, ബുധൻ– 12224) 
 
ഷൊർണൂർ ഭാഗത്തേക്ക്
● എറണാകുളം തുരന്തോ എക്‌സ്‌പ്രസ് (ഞായർ, ബുധൻ– 12223) 
● കൊച്ചുവേളി സൂപ്പർ ഫാസ്‌റ്റ് (ചൊവ്വ– 12484, ബുധൻ– 22660) 
● കൊച്ചുവേളി വീക്കി‌ലി സുപ്പർ ഫാസ്‌റ്റ് (വെള്ളി– 20932) 
● കോയമ്പത്തൂർ എസി സൂപ്പർ ഫാസ്‌റ്റ് (വെള്ളി– 22475)
● തിരുനെൽവേലി ഹംസഫർ എക്‌സ്‌പ്രസ് (ചൊവ്വ– 20924)
● തിരുവനന്തപുരം സൂപ്പർ ഫാസ്‌റ്റ് (ഞായർ– 22634, ചൊവ്വ– 22654)
● തിരുവനന്തപുരം വന്ദേ ഭാരത് (20633) 
● രാജധാനി എക്‌സ്‌പ്രസ് (തിങ്കൾ, ബുധൻ, വ്യാഴം– 12432)
● തിരുനെൽവേലി സുപ്പർ ഫാസ്‌റ്റ് (വെള്ളി– 22629)
● എറണാകുളം സൂപ്പർ ഫാസ്‌റ്റ് (ശനി– 22656)

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top