22 December Sunday

കോളിച്ചാൽ – പ്രാന്തർകാവ് – പാലച്ചാൽ 
റോഡ് വികസനം വൈകരുത്‌

എ കെ രാജേന്ദ്രന്‍Updated: Friday Nov 22, 2024

വീതി കുറഞ്ഞ കോളിച്ചാൽ പ്രാന്തർകാവ് പാലച്ചാൽ റോഡ്

രാജപുരം
കോളിച്ചാൽ –- പ്രാന്തർകാവ് –- പാലച്ചാൽ റോഡ് വികസനം പൂർത്തിയാക്കണമെന്ന ആവശ്യം ശക്തം. കാഞ്ഞങ്ങാട് –- പാണത്തൂർ സംസ്ഥാന പാതയും മലയോര ഹൈവേയും സംഗമിക്കുന്ന കോളിച്ചാലിൽ നിന്നും ആരംഭിച്ച് പ്രാന്തർകാവിലൂടെ പോകുന്ന ബളാൽ, കള്ളാർ പഞ്ചായത്തുകളെ ബന്ധിക്കുന്ന റോഡ് വികസിപ്പിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. നിരവധി വാഹനങ്ങൾ കടന്നു പോകുന്ന റോഡിന്റെ വികസനം  പൂർത്തിയാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. 5.5 കിലോമീറ്റർ ദൂരമുള്ള റോഡ് കടന്നുപോകുന്ന പ്രദേശത്ത് പ്രാന്തർകാവ് ഗവ സ്‌കൂൾ, അങ്കണവാടി, ആരാധനാലയങ്ങൾ, നിരവധി ഉന്നതികൾ എന്നിയുണ്ട്‌.  നൂറുകണക്കിന് കൂടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്‌. വീതി കുറഞ്ഞ, കുത്തനെയുള്ള കയറ്റമുള്ള റോഡിൽ പലപ്പോഴും വാഹനങ്ങൾ അപകടത്തിൽപ്പെടുന്നു. രണ്ടു വാഹനങ്ങൾക്ക് ഇരുഭാഗത്തേക്കും കടന്നുപോകാൻ പ്രയാസമാണ്‌. 
മലയോര ഹൈവേയ്ക്ക് സമാന്തരമായുള്ള ഈ റോഡ് മലയോര ഹൈവേയേക്കാൾ  രണ്ടു കിലോമീറ്റർ ദൂരം കുറഞ്ഞുകിട്ടുന്നതിനാൽ പല വാഹനങ്ങളും  ആശ്രിക്കുന്നുണ്ട്‌. റോഡ് വീതി കൂട്ടി മെക്കാഡം ടാറിങ്‌ ചെയ്യണമെന്നത്‌  പ്രദേശവാസികളുടെ ഏറെ കാലത്തെ ആവശ്യമാണ്. സംസ്ഥാന ബജറ്റിൽ കഴിഞ്ഞ വർഷം  റോഡിന്   ചെറിയ തുക മാറ്റി വച്ചെങ്കിലും പദ്ധതി  യാഥാർഥ്യമായില്ല. 
ഏറെ കാലത്തെ ആവശ്യം
മലയോര ജനതയുടെ ഏറെ കാലത്തെ ആവശ്യമാണ് കോളിച്ചാൽ പ്രാന്തർകാവ് പാലച്ചാൽ റോഡ് വികസനം. ബന്ധപ്പെട്ടവർക്ക് പല തവണ നിവേദനം നൽകിയിട്ടും  റോഡ് വികസനം നടന്നിട്ടില്ല. റോഡിനെ ആശ്രയിക്കുന്ന നിരവധി കുടുംബങ്ങൾ  പ്രദേശത്തുണ്ട്‌.  റോഡ് ഇപ്പോൾ പൂർണമായും തകർന്നു. ചെറുവാഹനങ്ങൾക്ക് പോലും പോകാൻ കഴിയുന്നില്ല.  
ടി വേണുഗോപാലൻ, സിപിഐ എം കോളിച്ചാൽ ലോക്കൽ സെക്രട്ടറി
ഫണ്ട് ലഭ്യതക്കുറവ് പ്രയാസമുണ്ടാക്കുന്നു
പനത്തടി പഞ്ചായത്തിലൂടെ കടന്നുപോകുന്ന  റോഡിൽ പഞ്ചായത്തിന് ചെയ്യാൻ പറ്റുന്ന വികസനം നടത്തുന്നുണ്ടെങ്കിലും ഫണ്ടിന്റെ ലഭ്യത വലിയ പ്രയാസം സൃഷ്ടിക്കുന്നു.  ജില്ലാ പാക്കേജിൽ ഉൾപ്പെടുത്തിയും മറ്റും റോഡ് വികസനം യാഥാർഥ്യമാക്കണമെന്ന്‌  ആവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് പല തവണ നിവേദനം നൽകി. ഇനിയും റോഡ് വികസനം വൈകരുത്‌.  
പി എം കുര്യാക്കോസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ്
മെക്കാഡം ടാർ ചെയ്യണം
കോളിച്ചാൽ പ്രാന്തർകാവ് പാലച്ചാൽ റോഡ് കടന്നു പോകുന്ന പ്രദേശത്ത് നിരവധി കൂടുംബങ്ങൾ താമസിക്കുന്നുണ്ട്. മലയോര ഹൈവേ ഉൾപ്പെടെ ബന്ധിപ്പിക്കുന്നതും മറ്റു പഞ്ചായത്തുകളുമായി ബന്ധിക്കുന്നതുമാണ് റോഡ്‌.   വർഷങ്ങളുടെ പഴക്കമുള്ള റോഡ് എന്ന നിലയിൽ പല സ്ഥലങ്ങളിലും ആവശ്യത്തിന് വീതിയില്ല.  റോഡ് മെക്കാഡം ടാർ ചെയ്യാൻ നടപടിയുണ്ടാവണം.
എം പത്മകുമാരി, പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top