29 December Sunday

വയനാട് ദുരന്തത്തെ ബിജെപി 
നിസാരവൽക്കരിക്കുന്നു: ബിനോയ് വിശ്വം

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024

ആർ രാമചന്ദ്രൻ അനുസ്മരണ സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനംചെയ്യുന്നു

കരുനാഗപ്പള്ളി 
അദാനിക്കും അംബാനിക്കുംവേണ്ടി ഭരിക്കുന്നയാളാണ്‌ നരേന്ദ്രമോദി, വയനാട് ദുരിതബാധിതർക്ക് സഹായം നൽകാത്ത കേന്ദ്രസർക്കാർ കോർപറേറ്റുകളുടെ കോടിക്കണക്കിനു രൂപയുടെ കടം എഴുതിത്തള്ളുന്നവരാണ്‌ എന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സിപിഐ സംസ്ഥാന കൗൺസിൽ അംഗവും കരുനാഗപ്പള്ളി മുൻ എംഎൽഎയുമായ ആർ രാമചന്ദ്രന്റെ ഒന്നാം അനുസ്മരണ സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. 
ദുരിതബാധിതരെ അകറ്റിനിർത്തുകയും കോർപറേറ്റുകളെ ചേർത്തുനിർത്തുകയുംചെയ്യുന്ന സർക്കാർ ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണ്. കോർപറേറ്റുകൾ ഭൂമിയോട് കാട്ടിയ ചൂഷണമാണ് പ്രകൃതിദുരന്തങ്ങളുടെ ഒരു കാരണം. എന്നാൽ, അവർക്ക് പിന്തുണ നൽകുകയാണ് ബിജെപി സർക്കാർ. വയനാട് ദുരന്തത്തെ കേരളത്തിലെ ബിജെപിക്കാർ നിസ്സാരവൽക്കരിച്ചു. ദുരിതബാധിതരെ ഇടതുപക്ഷ സർക്കാർ ചേർത്തുപിടിക്കും. ചൂഷകവർഗത്തിനു ലാഭമുണ്ടാക്കാൻ വർഗീയത വളർത്തുകയാണ് ലക്ഷ്യം. ഇതെല്ലാം തിരിച്ചറിയുന്നവരാണ് കമ്യൂണിസ്റ്റുകാർ എന്നും അദ്ദേഹം പറഞ്ഞു. കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കന്‍ഡറി സ്കൂളിലെ ജീവതാളം വേദിയിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ സംഘാടക സമിതി ചെയർപേഴ്സൺ അഡ്വ. എം എസ് താര അധ്യക്ഷയായി. സെക്രട്ടറി ഐ ഷിഹാബ് സ്വാഗതംപറഞ്ഞു. അഡ്വ. സാം കെ ഡാനിയൽ, അഡ്വ. എസ് വേണുഗോപാൽ, വിജയമ്മാലാലി, കടത്തൂർ മൻസൂർ, അഡ്വ. ഷാജി എസ് പള്ളിപ്പാടൻ, കടത്തൂർ മൻസൂർ, ജഗത് ജീവൻലാലി, അനിൽ പുത്തേഴം, എസ് കൃഷ്ണകുമാർ, കെ ശശിധരൻപിള്ള എന്നിവർ സംസാരിച്ചു. 
രാവിലെ കല്ലേലിഭാഗത്തെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും നടന്നു. സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ പ്രകാശ്‌ബാബു അനുസ്മരണ പ്രഭാഷണം നടത്തി. ഐ ഷിഹാബ് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ, മുൻ മന്ത്രി കെ ഇ ഇസ്മയിൽ, യുഡിഎഫ് ജില്ലാ കൺവീനർ കെ സി രാജൻ, സിപിഐ ജില്ലാ സെക്രട്ടറി പി എസ് സുപാൽ, മുൻ മന്ത്രി കെ രാജു, തൊടിയൂർ മുഹമ്മദ് കുഞ്ഞ്‌ മൗലവി, സുജിത് വിജയൻപിള്ള എംഎൽഎ, സൂസൻകോടി, തൊടിയൂർ രാമചന്ദ്രൻ, എം എസ് ഷൗക്കത്ത്, തഴവാ സത്യൻ, ഷിഹാബ് എസ് പൈനുംമൂട്, പി എം സെയ്ദ് തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top