26 December Thursday

മൂന്നാംപാലത്ത്‌ എ കെ ജി ഹെറിറ്റേജ് സ്‌ക്വയർ വരുന്നു

ഇ പ്രഭാകരൻUpdated: Friday Nov 22, 2024

മാവിലായി മൂന്നാംപാലത്ത് നിർമിക്കുന്ന എ കെ ജി ഹെറിറ്റേജ് സ്ക്വയറിന്റെ രേഖാചിത്രം

മാവിലായി
മാവിലായി മൂന്നാംപാലത്ത് വലിയ തോടിന് സമീപത്തായി ആധുനിക സൗകര്യങ്ങളോടെ ഹെറിറ്റേജ് സ്ക്വയർ വരുന്നു. കണ്ണൂർ–- കൂത്തുപറമ്പ് സംസ്ഥാന പാതയോടുചേർന്ന്‌ എ കെ ജിയുടെ പേരിൽ നിർമിക്കുന്ന ചത്വരത്തിന് കിഫ്ബി അംഗീകാരം നൽകി.
 പെരളശേരി പഞ്ചായത്തിലെ മൂന്നാംപാലത്ത് തകരാറിലായ രണ്ടു പാലങ്ങൾ പുനർനിർമിക്കുന്നതിന്റെ ഭാഗമായി രണ്ടുമീറ്ററോളം റോഡ് ഉയർത്തേണ്ടി വന്നപ്പോൾ പല കച്ചവടസ്ഥാപനങ്ങളും താഴെയായിരുന്നു. ഇത്‌ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ  സ്ഥലം സന്ദർശിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ്‌ മാവിലായിയിൽ ആവശ്യമായ സ്ഥലം ഏറ്റെടുത്ത് വിപുലമായ സൗകര്യങ്ങളോടെ എ കെ ജി ഹെറിറ്റേജ് സ്ക്വയർ നിർമിക്കാൻ ബജറ്റിൽ  25 കോടി അനുവദിച്ചത്‌.
 ഓപ്പൺ എയർ തിയറ്റർ, ഷോപ്പിങ്‌ കിയോസ്‌കുകൾ, കോഫി ഷോപ്പ്, ടോയ്‌ലെറ്റ്, കാർ പാർക്കിങ്ങ് തുടങ്ങി വിവിധ സൗകര്യങ്ങളുള്ള വിശാലമായ ടേക്ക് എ ബ്രേക്ക്  സംവിധാനമാണ് ആദ്യഘട്ട പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുള്ളത്. സഞ്ചാരികൾക്ക് വിശ്രമിക്കാനും സമീപ പ്രദേശങ്ങളിലെ കാഴ്ചകൾ ആസ്വദിക്കാനുംകൂടി ലക്ഷ്യമിട്ടാണ് ഹെറിറ്റേജ് സ്‌ക്വയർ രൂപകൽപ്പന ചെയ്തത്. കരകൗശല വസ്തുക്കളുടെയും കാർഷിക ഉൽപ്പന്നങ്ങളുടെയും വിൽപ്പനയും ലക്ഷ്യമിടുന്നു. ഓപ്പൺ എയർ തിയറ്ററിൽ സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കും.
പെരളശേരി എ കെ ജി മ്യൂസിയം, മക്രേരി അമ്പലം, പെരളശേരി അമ്പലം, ചെറുമാവിലായി ഡാം സൈറ്റ് പാർക്ക്,  അടി ഉത്സവം നടക്കുന്ന മാവിലാക്കാവ് എന്നിവയൊക്കെ ടൂറിസത്തിന്റെ അനന്തസാധ്യതകളിലേക്കാണ് വാതിൽ തുറന്നിടുന്നത്. സ്വദേശികൾക്കും വിദേശികൾക്കും ഒന്നിച്ചൊത്തുകൂടാനും സാംസ്കാരിക പരിപാടികൾ ആസ്വദിച്ച് സായാഹ്നം ചെലവഴിക്കാനുമുള്ള പൊതുഇടമായി മാവിലായി ഹെറിറ്റേജ് സ്ക്വയർ  മാറും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top