22 December Sunday

മെഡിക്കല്‍ കോളേജിന്റെ കരുതലിൽ പെൺകുട്ടിക്ക്‌ പുതുജന്മം

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024
സ്വന്തം ലേഖകൻ
തൃശൂർ
ബാഡ്മിന്റൺ കളിക്കാരിയായ പെൺകുട്ടിക്ക്‌ തൃശൂർ മെഡിക്കൽ കോളേജിന്റെ കരുതലിൽ പുതുജന്മം. പാലക്കാട് കോങ്ങാട് സ്വദേശിനിയായ 12 വയസ്സുകാരിയാണ്‌ ശിശുരോഗ വിഭാഗത്തിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെയെത്തിയത്‌. ജന്മനാ കേൾവിക്കുറവുള്ള ബാലിക രണ്ടാഴ്ച മുമ്പ്‌ നടന്ന ബാഡ്മിന്റൺ ടൂർണമെന്റിൽ സമ്മാനം നേടിയിരുന്നു. ടൂർണമെന്റിന്റെ പിറ്റേന്ന് കുട്ടിക്ക് കലശലായ വയറുവേദനയുണ്ടായി. പരിശോധനയിൽ കുട്ടിയുടെ ഡയഫ്രത്തിന്‌ നടുവിലായി കുറച്ചു ഭാഗത്ത് കനം കുറഞ്ഞ് നെഞ്ചിനുള്ളിലേക്ക് തള്ളിനിൽക്കുന്ന നിലയിലായിരുന്നു.  ആരോഗ്യനില അപകടകരമാണെന്ന് കണ്ടെത്തിയത്തോടെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ജന്മനാ ഡയഫ്രമാറ്റിക് ക്രൂറൽ ഇവൻട്രേഷൻ എന്ന അപൂർവരോഗബാധിതയാണ്‌ കുട്ടി. 
ബാഡ്മിന്റൺ കളിക്കിടയിൽ വയറിനകത്തെ മർദം കൂടുകയും ആമാശയം ഡയഫ്രത്തിലെ കനം കുറഞ്ഞ ഭാഗത്തിലൂടെ നെഞ്ചിനകത്തേക്ക് തള്ളിക്കയറുകയും ചെയ്‌തു. തുടർന്ന്‌ ആമാശയം മടങ്ങി തടസപ്പെട്ട് വീർത്ത് ഗ്യാസ്ട്രിക് വോൾവുലസ് എന്ന അവസ്ഥയുണ്ടായി. ആമാശയം പൊട്ടി കഴിച്ച ഭക്ഷണമെല്ലാം വയറിനകത്ത് ചിതറി ക്കിടക്കുകയുമായിരുന്നു. ശസ്ത്രക്രിയയിലൂടെ ഭക്ഷണശകലങ്ങൾ എല്ലാം നീക്കി ആമാശയത്തിലെ ദ്വാരം അടച്ചു. പിന്നീട് ഇതുപോലെ സംഭവിക്കാതിരിക്കാനുള്ള പ്രതിവിധികളും ചെയ്തു. കുട്ടിയെ കഴിഞ്ഞദിവസം ഡിസ്ചാർജ് ചെയ്തു. മികച്ച പരിചരണം നൽകി കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച മെഡിക്കൽ കോളേജിലെ ടീമിനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.
ശിശു ശസ്ത്രക്രിയാ വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. നിർമൽ ഭാസ്‌കറിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ശശികുമാർ, ജൂനിയർ റെസിഡന്റ് ഡോ. ഫിലിപ്‌സ് ജോൺ എന്നിവരടങ്ങിയ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top