22 December Sunday
കോടികളുടെ നിക്ഷേപത്തട്ടിപ്പ്

കാരാട്ട് കുറീസ് അടച്ചുപൂട്ടി

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024

വേങ്ങര കൂരിയാട്ടെ കാരാട്ട് കുറീസ് ഓഫീസ് അടച്ചുപൂട്ടിയനിലയിൽ

വേങ്ങര
കൂരിയാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനം കാരാട്ട് കുറീസ് അടച്ചുപൂട്ടി ഉടമകള്‍ മുങ്ങി. കരിപ്പൂർ സ്വദേശി യു വൈശാഖിന്റെ
പരാതിയിൽ വേങ്ങര പൊലീസ് കേസെടുത്തു. നവംബർ 20ന് സ്ഥാപനം അടച്ചിട്ടതോടെ വിവിധ പ്രദേശങ്ങളിലുള്ള നിരവധി നിക്ഷേപകരാണ് വേങ്ങര സ്റ്റേഷനിലെത്തി പരാതി നൽകുന്നത്. ഇതിനകം 40 പേർ പരാതി നൽകി.
40,000മുതൽ ആറുലക്ഷം രൂപവരെ നിക്ഷേപിച്ചവരുണ്ട്. 19ന് അർധരാത്രി  സ്ഥാപനത്തിലെത്തി ഉടമകൾ സാധനസാമഗ്രികൾ കടത്തിയതായാണ് വിവരം. ബുധൻ പുലര്‍ച്ചെ കാരാട്ട് കുറീസ് മാനേജിങ്‌ ഡയറക്ടർ കെ ആർ സന്തോഷ്, ഡയറക്‌ടര്‍ മുബഷീര്‍ പാലോളി എന്നിവര്‍ ഒളിവില്‍പ്പോയി. ജീവനക്കാരെ ഫോണില്‍ വിളിച്ച് സ്ഥാപനങ്ങള്‍ തുറക്കരുതെന്ന് നിര്‍ദേശിച്ചാണ്‌ ഇരുവരും മുങ്ങിയത്. സ്ഥാപനങ്ങള്‍ക്ക് കോടതിയുടെ സ്റ്റേയുണ്ടെന്ന് പറഞ്ഞ് ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ചു.
എആർ നഗർ കൊളപ്പുറത്ത് ഇർഫാൻ ബിൽഡിങ്ങിലാണ്  കാരാട്ട് കുറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് രജിസ്റ്റർ ചെയ്‌തത്‌. ഇവിടെ സ്ഥാപനം പ്രവർത്തിക്കുന്നില്ല.
തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലായി 14 ബ്രാഞ്ചുകളാണ് കാരാട്ട് കുറീസിനുള്ളത്. മണ്ണാർക്കാട്, നിലമ്പൂർ, മുക്കം അടക്കം വിവിധ സ്ഥലങ്ങളിലെ സ്ഥാപനം അടച്ചുപൂട്ടിയതറിഞ്ഞതോടെ  പരാതിക്കാരുടെ ഒഴുക്കാണ്.
 
മേലാറ്റൂരിലും പരാതി
മേലാറ്റൂര്‍
കാരാട്ട് കുറീസിനെതിരെ മേലാറ്റൂരിലും പരാതി.  എടപ്പറ്റ ഏപ്പിക്കാട് സ്വദേശി ചെട്ടിയാന്‍ത്തൊടി മജീദ് (58)ആണ് ചിട്ടിയിൽ അടച്ച പണം തിരിച്ചുനല്‍കിയില്ലെന്ന് മേലാറ്റൂര്‍ പൊലീസില്‍ പരാതി നൽകിയത്‌.  മേലാറ്റൂര്‍ പാണ്ടിക്കാട് റോഡിലുള്ള സ്ഥാപനത്തിന്റെ ഓഫീസിലാണ്‌ പണം അടച്ചത്‌. 2023 ജൂലൈ 20 മുതൽ 2024 ജൂലൈ 25 വരെയുള്ള കാലയളവിൽ നാല് ലക്ഷം രൂപയുടെ ചിട്ടിയിലാണ് ചേർന്നത്. 3,54,560 രൂപ അടയ്‌ക്കുകയുംചെയ്തു. എന്നാല്‍, കാലാവധി കഴിഞ്ഞിട്ടും  പണം തിരിച്ചുനല്‍കിയില്ലെന്ന് മജീദ്  പരാതിയില്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top