22 December Sunday

പ്രസിഡന്റ്‌സ്‌ ട്രോഫി വീയപുരത്തിന്‌; കാരിച്ചാൽ സിബിഎല്‍ ചാമ്പ്യൻ

വെബ് ഡെസ്‌ക്‌Updated: Sunday Dec 22, 2024

ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ നാലാം സീസണില്‍ ഓവറോൾ ചാമ്പ്യന്മാരായ പള്ളാത്തുരുത്തി ബോട്ട് ക്ലബ് ട്രോഫി ഏറ്റുവാങ്ങുന്നു

 

കൊല്ലം

അഷ്ടമുടിക്കായലിന്റെ ഓളപ്പരപ്പിൽ മിന്നൽപ്പിണർ തീർത്ത കാരിച്ചാൽ ചുണ്ടൻ ചാമ്പ്യൻസ്‌ ബോട്ട്‌ ലീഗിലും വീയപുരം ചുണ്ടൻ പ്രസിഡന്റ്‌സ്‌ ട്രോഫിയിലും ജലരാജാക്കൻമാരായി. സിബിഎല്ലിൽ ആറു മത്സരങ്ങളിൽനിന്നായി 58 പോയിന്റ്‌ നേടിയാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ കാരിച്ചാൽ ചുണ്ടൻ അഷ്ടമുടിയിൽ വെന്നിക്കൊടി പാറിച്ചത്. 57 പോയിന്റുമായി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടൻ രണ്ടാംസ്ഥാനവും 48 പോയിന്റുമായി നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടൻ മൂന്നാംസ്ഥാനവും നേടി. ആവേശം അണപൊട്ടിയ ഇഞ്ചോടിഞ്ച്‌ മത്സരത്തിൽ മൂന്നുമിനിറ്റ്‌ 53 സെക്കൻഡ്‌ 85 മൈക്രോ സെക്കൻഡിലാണ്‌ വീയപുരം പ്രസിഡന്റ്‌സ്‌ ട്രോഫിയിൽ മുത്തമിട്ടത്‌. മൂന്നുമിനിറ്റ് 55 സെക്കൻഡ് 14 മൈക്രോ സെക്കൻഡിൽ കാരിച്ചാൽ ചുണ്ടനും മൂന്നുമിനിറ്റ് 55 സെക്കൻഡ് 62 മൈക്രോ സെക്കൻഡിൽ നിരണം ചുണ്ടനും രണ്ടും മൂന്നും സ്ഥാനം നേടി. വനിതകളുടെ മൂന്ന് വള്ളങ്ങൾ അടക്കം 10 ചെറുവള്ളങ്ങളുടെ മത്സരവും നടന്നു. ഇരുട്ടുകുത്തി ബി വിഭാഗത്തിൽ ഡാനിയേലും എ വിഭാഗത്തിൽ പി ജി കർണനും കരുത്തു തെളിയിച്ചപ്പോൾ വെപ്പ് എ ഗ്രേഡിൽ ആശാ പുളിക്കിക്കളവും തെക്കനോടി വനിതകളുടെ മത്സരത്തിൽ ദേവസും ജേതാക്കളായി. ഒന്നാംസമ്മാനമായി 25 ലക്ഷം രൂപയാണ്‌ കാരിച്ചാലിനു ലഭിക്കുക. രണ്ടാംസ്ഥാനത്തിന് 15 ലക്ഷവും മൂന്നാം സ്ഥാനത്തിന് 10 ലക്ഷവും. പ്രസിഡന്റ്‌സ്‌ട്രോഫിയുടെ ഒന്നാംസമ്മാനം അഞ്ചുലക്ഷം രൂപ വീയപുരം ചുണ്ടനു ലഭിച്ചു. എൻ കെ പ്രേമചന്ദ്രൻ എംപി ഉദ്ഘാടനംചെയ്തു. മേയർ പ്രസന്ന ഏണസ്റ്റ് പതാക ഉയർത്തി മത്സരങ്ങൾക്ക് തുടക്കംകുറിച്ചു. എം മുകേഷ് എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ മാസ് ഡ്രിൽ ഫ്ലാഗോഫ്‌ചെയ്തു. എം നൗഷാദ് എംഎൽഎ, കലക്ടർ എൻ ദേവിദാസ്, ടൂറിസം ഡയറക്ടർ ശിഖാ സുരേന്ദ്രൻ, സബ് കലക്ടർ നിഷാന്ത് സിൻഹാര, സിറ്റി പൊലീസ് കമീഷണർ ചൈത്ര തെരേസ ജോൺ, എഡിഎം ജി നിർമൽകുമാർ, സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് എക്സ് ഏണസ്റ്റ് തുടങ്ങിയവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top