കോട്ടയം
മാനസികാരോഗ്യക്കുറവ് കുടുംബബന്ധങ്ങൾ ശിഥിലമാകാൻ കാരണമാകുന്നതായി സംസ്ഥാന വനിതാ കമീഷനംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രനും വി ആർ മഹിളാമണിയും പറഞ്ഞു. വനിതാ കമീഷൻ സിറ്റിങ്ങിനുശേഷം സംസാരിക്കുകയായിരുന്നു അവർ. മാനസികാരോഗ്യം പ്രധാനമാണ്. പക്വതക്കുറവു മൂലം കുടുംബന്ധങ്ങളിൽ വലിയ പ്രശ്‌നങ്ങൾ നേരിടുന്ന നിരവധി കേസുകൾ കമീഷന് മുമ്പിലെത്തുന്നുവെന്നും കൗൺസലിങ് അടക്കമുള്ളവയ്ക്ക് നിർദേശിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
ഗാർഹികപീഡനം, തൊഴിലിടങ്ങളിലെ ഉപദ്രവം, അധിക്ഷേപങ്ങൾ, മക്കൾക്ക് സ്വത്ത് എഴുതിക്കൊടുത്തശേഷം സംരക്ഷണം ലഭിക്കാതിരിക്കൽ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട കേസുകൾ കമീഷന് മുമ്പിലെത്തി. ഒഎൽ എക്‌സിലൂടെ ഫ്‌ളാറ്റ് വിൽപനയ്ക്ക് എന്ന പേരിൽ പരസ്യം ചെയ്ത് 10 ലക്ഷം രൂപ തട്ടിയയാളെ ഹാജരാക്കാൻ പൊലീസിന് നിർദേശം നൽകി. 70 കേസുകളാണ് സിറ്റിങ്ങിൽ പരിഗണിച്ചത്. ഇതിൽ ആറെണ്ണം തീർപ്പാക്കി. 62 കേസുകൾ മാറ്റിവച്ചു. രണ്ട് കേസുകളിൽ പൊലീസ് റിപ്പോർട്ട് തേടി. കമീഷനംഗങ്ങൾക്കൊപ്പം അഡ്വ. സി എ ജോസ്, അഡ്വ. ഷൈനി ഗോപി, അഡ്വ. സി കെ സുരേന്ദ്രൻ എന്നിവരും പരാതികൾ കേട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..