14 December Saturday

വാങ്ങാം മധുരമൂറും മാമ്പഴം

വെബ് ഡെസ്‌ക്‌Updated: Sunday Apr 23, 2023

വൈക്കോൽ ഉപയോഗിച്ച് മാങ്ങാ പഴുപ്പിക്കുന്നു

കണ്ണൂർ
വിപണി  കീഴടക്കി മധുരമൂറും മാമ്പഴം. ഈസ്‌റ്റർ, വിഷു,  ചെറിയ പെരുന്നാൾ തുടങ്ങിയ  ഉത്സവകാലങ്ങളിലെ പ്രിയ ഇനം മാമ്പഴമായിരുന്നു. വൻതോതിൽ മാങ്ങ വിറ്റുപോയി. മറ്റ്‌ പഴങ്ങളുടെ മാറ്റും കുറഞ്ഞു. ഉൽപ്പാദനം കുറഞ്ഞതിനാൽ കുറ്റ്യാട്ടൂർ  മാങ്ങ ഉൾപ്പെടെയുള്ളവയ്‌ക്ക്‌ ആദ്യഘട്ടത്തിൽ  നല്ലവില ലഭിച്ചിരുന്നു. ഇപ്പോൾ വില കുറഞ്ഞിട്ടുണ്ട്‌. വൈക്കോലും മറ്റും ഉപയോഗിച്ച്‌ പഴുപ്പിക്കുന്ന ജൈവമാ‌മ്പഴത്തിനാണ്‌ ആവശ്യക്കാരധികം. മാമ്പഴ ജ്യൂസിനും സ്‌ക്വാഷിനും പ്രിയമേറിയിട്ടുണ്ട്‌. 
മൂല്യവർധിത ഉൽപ്പന്നങ്ങളേക്കാൾ മാമ്പഴം തന്നെയാണ്‌ കൂടുതൽ വിറ്റഴിയുന്നത്‌. മാവ്‌ കർഷകർക്ക്‌  കാര്യമായ മധുരം പകരാറില്ലെങ്കിലും  വിപണിയിലെ ഇഷ്‌ടയിനമാണ്‌ മാങ്ങ.  
വാങ്ങാം; 
ഇടനിലക്കാരില്ലാതെ   കുറ്റ്യാട്ടൂർ മാങ്ങ 
വിപണിയിൽ കൂടുതലുള്ളത്‌ കുറ്റ്യാട്ടൂർ മാങ്ങയാണ്‌. വിലക്കുറവും ഈ മാങ്ങയ്‌ക്കാണ്‌. ഭൗമ  സൂചിക പദവി ലഭിച്ചതിനാൽ  കൂറ്റ്യാട്ടൂർ മാമ്പഴം കേരള മാംഗോയെന്ന നിലയിലാണ്‌ പുറം വിപണികളിൽ അറിയപ്പെടുന്നത്‌. അന്തർദേശീയ നിലവാരമുള്ള  ഭൗമസൂചികാ പദവി  (ജിഐ) ടാഗ്‌ നേടിയ കേരളത്തിലെ ഏക മാമ്പഴമാണ്‌. കുറ്റ്യാട്ടൂർ മാംഗോ പ്രൊഡ്യൂസർ കമ്പനി  ഒന്നര കിലോ മാമ്പഴം 100 രൂപയ്‌ക്കാണ്‌ വിൽക്കുന്നത്‌. ഇടനിലക്കാരില്ലാതെ ഗുണനിലവാരമുള്ള മാങ്ങ കുറഞ്ഞവിലയ്ക്ക്‌ നൽകുകയാണ്‌ ലക്ഷ്യം. ഇതിനകം 20 ടൺ മാങ്ങ കർഷകരിൽനിന്ന്‌ സംഭരിച്ചിട്ടുണ്ട്‌.  50 ടൺ മാങ്ങ സംഭരിക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. കുറ്റ്യാട്ടൂർ പഞ്ചായത്തിൽ മാത്രം പ്രതിവർഷം 4000 ടൺ മാങ്ങ ഉൽപ്പാദിപ്പിക്കുന്നുണ്ട്‌. ഇതിന്‌ ആറുകോടി രൂപയുടെ മൂല്യമാണ്‌ കണക്കാക്കുന്നത്‌. വൈക്കോൽ, ചണച്ചാക്ക്‌, കാഞ്ഞിര ഇല എന്നിവയാണ്‌ മാങ്ങ പഴുപ്പിക്കാൻ ഉപയോഗിക്കുന്നത്‌.  റൈപ്പനിങ്‌ ചേമ്പറിലും മാങ്ങ പഴുപ്പിക്കുന്നുണ്ട്‌.
മാങ്ങ വണ്ടി
കുറ്റ്യാട്ടൂർ മാമ്പഴ വിൽപ്പനയ്‌ക്കായി  മാങ്ങ വണ്ടി ഏർപ്പാടാക്കിയിട്ടുണ്ട്‌.  കഴിഞ്ഞദിവസം തളിപ്പറമ്പ്‌, ധർമശാല, പുതിയയതെരു, കണ്ണൂർ ആർടിഒ ഓഫീസ്‌ പരിസരം, കണ്ണൂർ സർവകലാശാല ആസ്ഥാനം എന്നിവിടങ്ങളിൽ മാങ്ങ വണ്ടിയെത്തിയിരുന്നു. കണ്ണൂർ സർവകലാശലയിൽ 50,000 രൂപയുടെ മാമ്പഴം വിറ്റിരുന്നു. റസിഡന്റ്‌സ്‌ അസോസിയേഷൻ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും വണ്ടിയിൽ മാങ്ങയെത്തിക്കുന്നുണ്ടെന്ന്‌ കമ്പനി ചെയർമാൻ വി ഒ പ്രഭാകരൻ പറഞ്ഞു. മൂല്യവർധിത ഉൽപ്പന്നങ്ങളായ മാംഗോ പൾപ്പ്‌, സ്‌ക്വാഷ്‌ ജാം, ജ്യൂസ്‌, മാംഗോബർ, പച്ച മാങ്ങ സ്‌ക്വാഷ്‌, ജാം, ജ്യൂസ്‌, ഗ്രീൻ മാംഗാേ പൗഡർ, അടമാങ്ങ എന്നിവ ഉൽപാദിപ്പിച്ച്‌ മാംഗോ പ്രോഡ്യൂസർ കമ്പനി  വിൽപ്പന  നടത്തുന്നുണ്ട്‌. ഫോൺ: 9744202555, 9605203214,8137870182.
മാമ്പഴ വിൽപ്പനക്ക്‌ 
സ്‌റ്റാർട്ടപ്പ്‌
കണ്ണൂരിലെ മാമ്പഴ വിണിയിൽ പുത്തൻ ചുവടുവയ്‌പ്പുമായി സ്‌റ്റാർട്ടപ്പായ ഓർഗാനോ എസ്‌ട്രാക്ട്‌സ്‌  പ്രൈവറ്റ്‌ ലിമിറ്റഡിന്റെ കലർപ്പില്ലാത്ത മാമ്പഴ രുചിക്കുള്ള  ‘ബീ മാംഗാേസ്‌’. ജൈവ മാമ്പഴമാണെന്നതാണ്‌ പ്രത്യേകത. വൈക്കോലിലാണ്‌ മാങ്ങ പഴുപ്പിക്കുന്നത്‌. കണ്ണൂർ ചേംബർ ഹാൾ ബിൽഡിങ്ങിന്റെ ഒരുവശത്താണ്‌ മാങ്ങ വിൽപ്പനയും പഴുപ്പിക്കാനുള്ള ഗോഡൗണുമുള്ളത്‌.  ചാലാടും ചൊവ്വക്കും ഗോഡൗണുണ്ട്‌. ഇരുപതിലേറെ മാങ്ങ ഇനങ്ങൾ ഇവിടെ വിൽപ്പനക്കുണ്ട്‌.  കുറ്റ്യാട്ടൂർ, പാലക്കാട്‌, ഗുരുവായൂർ,  പട്ടാമ്പി, വടകര എന്നിവിടങ്ങളിൽനിന്നാണ്‌ മാങ്ങയെത്തിക്കുന്നത്‌.  ദിവസം ശരാശരി 500 കിലോ മാമ്പഴം ഇവിടെനിന്ന്‌ വിൽക്കുന്നു.  ഫോൺ: 6282053353.
മൽഗോവ,  ഒളോർ മാമ്പഴങ്ങൾക്കാണ്‌  ഏറ്റവും കൂടിയ വില. കിലോവിന്‌ 160 രൂപ നൽകണം.  വിലകുറവ്‌ കുറ്റ്യാട്ടൂർ, റോസ്‌ ബോൾ  മാങ്ങകൾക്കാണ്‌. കിലോവിന്‌ 60 രൂപയാണ്‌.  നാട്ടി സുഗന്ധി–-100, മുണ്ടപ്പൻ–-100, ബ്ലാക്ക്‌ റോസ്‌–-140, നാടൻ മല്ലിക–-120,  റെഡ്‌ റോസ്‌–-140,ടോണിക്ക്‌–-140, കിളി കുട്ടി–-80, പ്രിയൂർ–-140,  മൂവാണ്ടൻ–-100, സിന്ദൂരം–-140, ഏറാമല ഒളോർ–-140, സിന്ദൂരി–-120, രാജഗിരി–-140, തോത്തപുരി–-100, റുമാനിയ–-120 എന്നിങ്ങനെയാണ്‌ മറ്റ്‌ മാങ്ങകളുടെ വില.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top