കണ്ണൂർ
വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നുമുള്ള പ്രവാസി സഹോദരങ്ങൾ എത്തിത്തുടങ്ങിയതോടെ ജില്ലയിൽ കോവിഡ് കേസുകൾ കൂടുന്നു. രണ്ട് അമ്മമാരും അവരുടെ പിഞ്ചുകുഞ്ഞുങ്ങളുമടക്കം 12 പേർക്കാണ് വെള്ളിയാഴ്‌ച പുതുതായി രോഗം സ്ഥിരീകരിച്ചത്. വ്യാഴാഴ്‌ച കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവിച്ച ആദിവാസി യുവതിയും രോഗബാധിതരിൽ ഉൾപ്പെടുന്നു.
ആറു പേർ വിദേശരാജ്യങ്ങളിൽനിന്നും അഞ്ചു പേർ മുംബൈയിൽനിന്നും എത്തിയവരാണെന്ന് കലക്ടർ അറിയിച്ചു. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയിൽ ആകെ എണ്ണം 150 ആയി. ഇതിൽ 119 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.
കണ്ണൂർ വിമാനത്താവളം വഴി 17ന് ദുബായിൽനിന്നുള്ള ഐഎക്‌സ് 344 വിമാനത്തിലെത്തിയ മട്ടന്നൂർ സ്വദേശികളായ മുപ്പത്തിനാലുകാരിയും നാലു വയസ്സുകാരി മകളും, 19ന് കുവൈത്തിൽനിന്നുള്ള ഐഎക്‌സ് 790 വിമാനത്തിലെത്തിയ കണ്ണൂർ സ്വദേശി ഇരുപത്തിമൂന്നുകാരൻ, മുഴപ്പിലങ്ങാട് സ്വദേശി നാൽപ്പത്തഞ്ചുകാരൻ, ചൊവ്വ സ്വദേശി നാൽപ്പത്തിനാലുകാരൻ, അതേദിവസം ഖത്തറിൽനിന്നുള്ള ഐഎക്‌സ് 774 വിമാനത്തിലെത്തിയ കുന്നോത്തുപറമ്പ് സ്വദേശി അറുപത്തൊന്നുകാരൻ എന്നിവരാണ് വിദേശത്തുനിന്നുള്ളവർ.
മേക്കുന്ന് സ്വദേശികളായ നാൽപത്തെട്ടുകാരി, ഇരുപത്തൊമ്പതുകാരി, അവരുടെ രണ്ടു വയസ്സുകാരൻ മകൻ എന്നിവർ ഒമ്പതിനും ചെമ്പിലോട് സ്വദേശി പതിനെട്ടുകാരിയും ചെറുവാഞ്ചേരി സ്വദേശി അമ്പതുകാരനും 10നുമാണ് മുംബൈയിൽനിന്നെത്തിയത്.
അയ്യൻകുന്ന് സ്വദേശിനിയായ ആദിവാസി യുവതിക്കാണ് (24) സമ്പർക്കത്തിലൂടെ രോഗബാധ. ബുധനാഴ്‌ചയാണ് 12 പേരും സ്രവ പരിശോധനയ്ക്ക് വിധേയരായത്.
നിലവിൽ 9897 പേർ നിരീക്ഷണത്തിലുണ്ട്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 49ഉം അഞ്ചരക്കണ്ടി കോവിഡ് ചികിത്സാ കേന്ദ്രത്തിൽ 34ഉം തലശേരി ജനറൽ ആശുപത്രിയിൽ ഏഴുപേരും ജില്ലാ ആശുപത്രിയിൽ 17ഉം വീടുകളിൽ 9790 പേരുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതുവരെയായി ജില്ലയിൽനിന്ന് 5314 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതിൽ 5133 ഫലം ലഭ്യമായി. 4869 ഫലം നെഗറ്റീവാണ്. 181 ഫലം ലഭിക്കാനുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..