തൃശൂർ
ബ്ലഡ് ബാങ്കിങ് രംഗത്തെ നൂതന സംരംഭമായ അഫറസിസ് യൂണിറ്റ് തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവർത്തനമാരംഭിച്ചു. രക്തത്തിലെ പ്ലാസ്മ, പ്ലേറ്റ്‌ലറ്റ്, ശ്വേതരക്താണുക്കൾ എന്നീ ഘടകങ്ങളിലേതെങ്കിലുമൊന്ന് താരതമ്യേന കൂടുതൽ അളവ് വേർതിരിച്ച് ശേഖരിക്കുകയും മറ്റ് ഘടകങ്ങൾ ദാതാവിന്റെ ശരീരത്തിലേക്ക് തിരിച്ചു കയറ്റുകയും ചെയ്യുന്ന യന്ത്രസംവിധാനമാണിത്. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ലൈസൻസും അനുമതിയും കഴിഞ്ഞ ദിവസമാണ് ബ്ലഡ് ബാങ്കിന് ലഭിച്ചത്. 20 ലക്ഷത്തോളം വില വരുന്ന ഫ്രസിനിയസ് കോംറ്റെക് മെഷീൻ ആണ് തൃശൂരിലെ ഈ സംവിധാനത്തിനായി ലഭ്യമാക്കിയതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ തിരുവനന്തപുരത്ത് പറഞ്ഞു.
കോവിഡ് ചികിത്സയ്ക്ക് നിർദേശിച്ച പ്ലാസ്മാ തെറാപ്പിക്ക് ആവശ്യമായ പ്ലാസ്മ ഈ സംവിധാനത്തിലൂടെ ശേഖരിക്കാനാവും. തുടർച്ചയായി പ്ലേറ്റ്‌ലെറ്റ് കയറ്റേണ്ടി വരുന്ന രക്താർബുദം, പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയുന്ന മറ്റ് അസുഖങ്ങൾ, ഡെങ്കിപ്പനി മുതലായവയ്‌ക്ക് ഇത് ഉപയോഗിക്കാം. മജ്ജ മാറ്റിവയ്‌ക്കൽ, അവയവം മാറ്റിവയ്‌ക്കൽ എന്നീ ചികിത്സകളിൽ അല്ലോഇമ്യുണൈസേഷൻ തടയുന്നതിനും ഉപയോഗിക്കുന്നു.
കോവിഡ് പ്രതിരോധ പ്രോട്ടോക്കോൾ നിലവിലുള്ളതിനാൽ അഫറസിസ് യൂണിറ്റിന്റെ ഉദ്‌ഘാടനം ഔപചാരിക ചടങ്ങുകൾ ഒഴിവാക്കിയാണ് നടത്തിയത്. ബ്ലഡ് ബാങ്കിലെ ജീവനക്കാരനായ സി ഡി സുനിൽകുമാർ ആദ്യദാതാവായി എത്തി. 300 മി.ലി. പ്ലേറ്റ്‌ലറ്റ് ഘടകമാണ് അദ്ദേഹത്തിൽ നിന്നെടുത്തത്. ഇത് ആറ് യൂണിറ്റ് പ്ലേറ്റ്‌ലറ്റ് കോൺസൺട്രേറ്റിന് തുല്യമാണ്. ഇത് പിന്നീട് ക്വാളിറ്റി കൺട്രോൾ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ഉന്നത ഗുണമേന്മയുള്ളതായി കണ്ടെത്തി. യന്ത്രസഹായത്താൽ പ്ലേറ്റ്‌ലറ്റ് ഘടകം വേർതിരിച്ച് ശേഖരിക്കുന്ന പ്രക്രിയ (platelet Pheresis) ഒരു മണിക്കൂർ നീണ്ടുനിന്നു.
ബ്ലഡ് ബാങ്ക് മേധാവി ഡോ. ഡി സുഷമ, ഡോ. വി സജിത്ത്, ഡോ. പി കെ ഇന്ദു, ഡോ. പി എസ് അഞ്ജലി, സയന്റിഫിക് അസിസ്റ്റന്റുമാരായ സാജു എൻ ഇട്ടീര, ടി സത്യനാരായണൻ എന്നിവരും സ്റ്റാഫ് നേഴ്സും ടെക്നീഷ്യന്മാരും പങ്കെടുത്തു.
തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജുകൾക്ക് പിന്നാലെയാണ് തൃശൂർ മെഡിക്കൽ കോളേജിൽ ഈ സംവിധാനം സജ്ജമാക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..