21 December Saturday
ഫിഷറീസ്‌ റെസ്‌ക്യു ബോട്ടുകൾ ആശ്വാസമാവുന്നു

കടലിൽ കുടുങ്ങിയ വള്ളവും 
50 തൊഴിലാളികളെയും രക്ഷിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jul 23, 2023

കടലില്‍ അകപ്പെട്ട ബോട്ടും തൊഴിലാളികളെയും വടം കെട്ടി കരയ്‌ക്കെത്തിക്കുന്ന ഫിഷറീസ് റെസ്ക്യുബോട്ട്

ചാവക്കാട് 
കടല്‍ അപകടങ്ങളില്‍  ഫിഷറീസ് റെസ്ക്യു ബോട്ടുകളുടെ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാകുന്നു. ശനിയാഴ്‌ച രാവിലെ എൻജിൻ നിലച്ച് കടലിൽ കുടുങ്ങിയ  വള്ളവും 50 മത്സ്യത്തൊഴിലാളികളെയും  രക്ഷപ്പെടുത്തി . -ചേറ്റുവ ഹാർബറിൽനിന്നും മത്സ്യബന്ധനത്തിന് പോയ വലപ്പാട്‌ സ്വദേശി ശശിധരന്റെ കാവടി എന്ന വള്ളമാണ്  അപകടത്തിൽപ്പെട്ടത്. ഫിഷറീസ്‌ റെസ്ക്യൂബോട്ടാണ്‌ ഇവരെ രക്ഷിച്ച് കരയ്‌ക്കെത്തിച്ചത്‌. വാടാനപ്പളളി വടക്കുപടിഞ്ഞാറ് കരയിൽനിന്നും പത്തൊമ്പത്  നോട്ടിക്കൽ മൈൽ അകലെ    എ‍ൻജിൻ കേടുവന്ന്‌  പ്രവർത്തനം നിലയ്‌ക്കുകയായിരുന്നു. അരമണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ അഴീക്കോട്‌ സ്റ്റേഷനിൽ ബന്ധപ്പെട്ടു. തുടർന്ന് റെസ്ക്യൂബോട്ടെത്തി അപകടത്തിൽപ്പെട്ട വള്ളം വടം കെട്ടിവലിച്ച്  കരയ്‌ക്കെത്തിച്ചു.
ചാവക്കാട് മുനക്കക്കടവ്, അഴീക്കോട് എന്നിവിടങ്ങളിലെ  ഫിഷറീസ് സ്റ്റേഷനുകളിൽ രണ്ട് റെസ്ക്യൂബോട്ടുകൾ പ്രവർത്തനമാരംഭിച്ചതോടെ വലിയ ആശ്വാസവും സാമ്പത്തിക നേട്ടവുമാണ് ബോട്ടുകാർക്കും തൊഴിലാളികൾക്കുമുണ്ടാകുന്നത്. ആദ്യകാലങ്ങളിൽ ഇത്തരത്തിൽ  കടലിൽ അകപ്പെട്ടാൽ സ്വകാര്യ ബോട്ടുകളെ കരയിൽനിന്നും വിളിച്ചുവരുത്തിയാണ്‌ രക്ഷപ്രവർത്തനം നടത്തിയിരുന്നത്‌. രക്ഷാപ്രവർത്തനത്തിനെത്തുന്ന ബോട്ടുകളുടെ ഇന്ധനച്ചെലവും കേടുപാടുകൾ പരിഹരിക്കുന്നതിനുള്ള  ചെലവും അപകടത്തിൽപ്പെട്ടവർ വഹിക്കേണ്ടിവരുമായിരുന്നു . സർക്കാർ റെസ്ക്യൂ ബോട്ടുകളും ആധുനിക സൗകര്യങ്ങളും ഏർപ്പെടുത്തിയതോടെ തൊഴിലാളികൾക്കും ബോട്ടുടമകൾക്കും വലിയ ആശ്വാസമായി. ഈ മാസം തന്നെ  അപകടത്തിൽപ്പെട്ട അഞ്ചാമത്തെ ബോട്ടാണ് രക്ഷിച്ച് ഫിഷറീസ് അധികൃതർ കരയ്‌ക്കെത്തിച്ചത്.    
 മറൈൻ എൻഫോഴ്സ്‌മെന്റ് ഉദ്യേഗസ്ഥരായ വി എൻ പ്രശാന്ത് കുമാർ, ഇ ആർ ഷിനിൽകുമാർ, വി എം ഷൈബു  എന്നിവരുടെ നേതൃത്വത്തിൽ കോസ്റ്റൽ എസ്ഐ സജീവ്കുമാർ, സിപിഒ സനീഷ്, റസ്‌ക്യൂ ഗാർഡുമാരായ ബി എച്ച് ഷെഫീക്‌, സി എൻ പ്രമോദ്,പി എസ് ഫസൽ, കെ ബി ഷിഹാബ്,  സ്രാങ്കുമാരായ പി എം റസാഖ്, ടി ദേവസി, എൻജിൻ ഡ്രൈവർ കെ റോക്കി, പി എം റഷീദ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top