കാഞ്ഞങ്ങാട്
സംസ്ഥാന വടംവലി അസോസിയേഷൻ, സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ ആലുവയിൽ സംഘടിപ്പിച്ച സംസ്ഥാന വടംവലി ചാമ്പ്യൻഷിപ്പിൽ കാസർകോടിന് മിന്നുന്ന ജയം .11 കാറ്റഗറിയിൽ നടന്ന മത്സരത്തിൽ ഏഴ് ഇനത്തിനും ജില്ല മെഡൽ നേടി.
അണ്ടർ 19 ആൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനവും മിക്സഡ് വിഭാഗത്തിൽ രണ്ടാം സ്ഥാനവും അണ്ടർ 17 ആൺ-, പെൺ, -മിക്സഡ് വിഭാഗങ്ങളിലും അണ്ടർ 13, 15 പെൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനവും ജില്ലാനേടി. കുണ്ടംകുഴി ജിഎച്ച്എസ്എസ്സിലെ രഹൻ, അഭിഷേക് ബി സതീഷ്, ആദർശ്, അമൽ, ദക്ഷിൺ, ശ്രീഹരി, അഭിഷേക്, അഭിറാം, തോമപുരം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ എം എസ് അലൻജോ, ഇവിൻ ഷിബു എന്നിവരായിരുന്നു മെഡൽ നേടിയ ടീമിലെ അംഗങ്ങൾ.
ജില്ലയെ പ്രതിനിധീകരിച്ച് കുണ്ടംകുഴി ജിഎച്ച്എസ്, ബന്തടുക്ക ജിഎച്ച്എസ്എസ്, ബാനം ജിഎച്ച്എസ്, സെന്റ് തോമസ് തോമപുരം, വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികളാണ് പങ്കെടുത്തത്. കെ വാസന്തി , കെ എം റിജു, ഷൈജൻ ചാക്കോ, മണിബാനം, ശിവരാജ് എന്നിവരാണ് കോച്ചുമാർ. അസോസിയേഷൻ ജില്ല സെക്രട്ടറി എം വി രതീഷ് വെള്ളച്ചാൽ സെലക്ടറും ബാബു കോട്ടപ്പാറ റഫറിയുമായിരുന്നു.
ചാമ്പ്യൻഷിപ്പ് അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഷാൻ മുഹമ്മദ് അധ്യക്ഷനായി. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോസഫ് വാഴയ്ക്കൻ ട്രോഫി സമ്മാനിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..