08 September Sunday
ദേശീയപാത വികസനം

അധിക ഭൂമി ഏറ്റെടുക്കൽ നടപടികൾ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2024
കരുനാഗപ്പള്ളി 
ദേശീയപാത വികസനത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ അധിക ഭൂമി ഏറ്റെടുക്കൽ നടപടികൾ തുടങ്ങി. 45 മീറ്റർ വീതിയിൽ ദേശീയപാത നിർമാണത്തിന്‌ ആവശ്യമായ ഭൂമി ഇല്ലാത്ത സ്ഥലങ്ങളിലാണ് വീണ്ടും ഭൂമി ഏറ്റെടുക്കുന്നത്‌. കാവനാട് മുതൽ കടമ്പാട്ടുകോണം വരെയുള്ള റീച്ചിൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി. ഏറ്റെടുത്ത ഭൂമിക്കുള്ള നഷ്ടപരിഹാരം കൈമാറുന്ന നടപടികൾ പുരോഗമിക്കുകയാണ്. 
ഈ ഭാഗത്ത് 40 വീടുണ്ട്‌. ആലപ്പുഴ–-കൊറ്റുകുളങ്ങര മുതൽ കാവനാട് വരെയുള്ള റീച്ചിൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം രണ്ടാഴ്ചയ്‌ക്കുള്ളിൽ പുറത്തിറങ്ങും. പ്രധാന പാതയുടെ ഇരുഭാഗങ്ങളിലുമായി അഞ്ചുമീറ്റർ വീതിയിലാണ് സർവീസ് റോഡുകൾ നിർമിക്കുന്നത്. 1.5 മീറ്റർ വീതിയിൽ ഓടയും 0.5 മീറ്റർ വീതിയിൽ യൂട്ടിലിറ്റി കോറിഡോറുമാണ്‌ നിർമിക്കുക. വൈദ്യുതിക്കമ്പിയും കുടിവെള്ള പൈപ്പ് ലൈനും ഉൾപ്പെടെ കടന്നുപോകുന്നതിനാണ് യൂട്ടിലിറ്റി കോറിഡോർ നിർമിക്കുന്നത്. എന്നാൽ, റോഡ് നിർമാണം ആരംഭിച്ചതോടെ ചില സ്ഥലങ്ങളിൽ പൈപ്പ് ലൈൻ ഉൾപ്പെടെ കടന്നുപോകുന്നതിന് ആവശ്യമായ സ്ഥലം ലഭ്യമാകാതെ വന്നതോടെയാണ് അധികമായി സ്ഥലം ഏറ്റെടുക്കേണ്ടി വന്നത്. 
സർവീസ് റോഡിനോടു ചേർന്നുള്ള ഓടയുടെയും യൂട്ടിലിറ്റി കോറിഡോറിന്റെയും മുകൾഭാഗം ടൈൽ പാകി നടപ്പാത നിർമിക്കും. ജില്ലയിൽ  ഓച്ചിറ മുതൽ കടമ്പാട്ടുകോണം വരെ 57 കിലോമീറ്റർ ദൂരത്തിൽ 17 വില്ലേജിൽനിന്നായി 5736 ഹെക്ടർ ഭൂമിയാണ് ദേശീയപാത വികസനത്തിനായി നേരത്തേ ഏറ്റെടുക്കേണ്ടി വന്നത്. 2025 ഫെബ്രുവരിയിൽ നിർമാണം പൂർത്തിയാക്കി കൈമാറുന്ന തരത്തിൽ വേഗത്തിലുള്ള നിർമാണമാണ്‌ നടന്നുവരുന്നത്. കരുനാഗപ്പള്ളി ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ സർവീസ് റോഡുകൾ നിർമാണം പൂർത്തിയാക്കി ഇതുവഴി ഗതാഗതം തിരിച്ചുവിടുന്നതിനുള്ള പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. ആലപ്പുഴ മുതൽ കൊല്ലം ബൈപാസ് തുടങ്ങുന്ന ആൽത്തറമൂട് വരെയുള്ള പാതയുടെ നിർമാണക്കരാർ ഏറ്റെടുത്തിട്ടുള്ളത് ആന്ധ്ര കേന്ദ്രമായുള്ള വിശ്വസമുദ്ര കമ്പനിയാണ്. ജില്ലയിലെ ബാക്കിയുള്ള ഭാഗത്തെ കരാർ ശിവാലയ എന്ന കമ്പനിക്കാണ്‌.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top