19 December Thursday

പാടത്തിറങ്ങണോ? 
 പണം കൊടുക്കണം

സ്വന്തം ലേഖകൻUpdated: Friday Aug 23, 2024

സാമ്പവർവടകരയിലെ സൂര്യകാന്തിപ്പാടത്ത് സെൽഫി എടുക്കുന്ന മലയാളിക്കുട്ടികൾ

കടയ്ക്കൽ
സൂര്യകാന്തിപ്പാടത്തിറങ്ങി പടമെടുക്കണോ? എങ്കില്‍ ഇനി പണംമുടക്കണം. തെങ്കാശിയിലെ സൂര്യകാന്തി പാടങ്ങളിലാണ്  കർഷകർ പണം ഈടാക്കാൻ തുടങ്ങിയത്. ഈ സീസണിൽ തെങ്കാശി ജില്ലയിൽ സൂര്യകാന്തി കൃഷി കുറവാണ്. ഉള്ളതാകട്ടെ ചെറിയപാടങ്ങളും. 
അവധിദിവസങ്ങളിൽ തെക്കൻ കേരളത്തിൽനിന്ന് പൂപ്പാടം കാണാൻ സഞ്ചാരികളുടെ ഒഴുക്കാണ്. സൂര്യകാന്തിപ്പൂക്കൾ കാണാനെത്തുന്ന സഞ്ചാരികൾ വീഡിയോയും സെൽഫിയുമൊക്കെ എടുക്കാനുള്ള ധൃതിയിൽ ചെടികൾ നശിപ്പിക്കുന്നത് പതിവായിരുന്നു. ഇതാണ് പാടത്തിറങ്ങുന്നതിന് തുക ഈടാക്കാന്‍ കാരണമെന്ന് കർഷകർ പറയുന്നു. 
ഒരാൾക്ക് 25 രൂപയാണ് സൂര്യകാന്തിപ്പാടത്ത് ഇറങ്ങാൻ ഈടാക്കുന്നത്. വരുന്നസംഘത്തിൽ ആളെത്ര കൂടിയാലും ഡിസ്കൗണ്ടുമില്ല. എല്ലാവർക്കും 25വീതം ഈടാക്കുകയാണ്. വർഷങ്ങളായി സൂര്യകാന്തിപ്പൂക്കൾ കാണാൻ മലയാളികൾ തെങ്കാശിയുടെ വിവിധ ഭാഗങ്ങളിൽ എത്താറുണ്ട്. എന്നാല്‍, കഴിഞ്ഞതവണ തിരക്ക് നിയന്ത്രിക്കാൻ കഴിയുന്നതിനും അപ്പുറമായിരുന്നു. ഇടറോഡുകളും ഒഴിഞ്ഞ വയലുകളിലുമെല്ലാം മലയാളികളുടെ വാഹനങ്ങൾ നിറഞ്ഞു. പലപ്പോഴും സാമ്പവർവടകര, സുന്ദരപാണ്ഡ്യപുരം മേഖലകളിൽ ചെറുകച്ചവട സംഘങ്ങളെകൊണ്ട് നിറയുന്ന അവസ്ഥയും ഉണ്ടായി. പച്ചക്കറിയും പഴവർഗങ്ങളും ഉൾപ്പെടെ വിൽക്കാനുള്ള ചന്തകളായി സൂര്യകാന്തിപ്പാടങ്ങളോട് ചേർന്ന പ്രദേശങ്ങൾ മാറി. 
സൂര്യകാന്തിപ്പാടം കാണാനെത്തുന്നവർ വിശാലമായ സൂര്യകാന്തിക്കൃഷി കാണാൻ കഴിയാത്തതിൽ നിരാശരാണ്. ഫോട്ടോയെടുക്കാൻ ഉദ്ദേശിക്കുന്നവർ മാത്രമേ ഇക്കുറി പണം കൊടുത്ത് പാടങ്ങളിലിറങ്ങുന്നുള്ളൂ. ആസ്വദിക്കാനെത്തുന്നവർ റോഡരികിൽനിന്ന് കാഴ്ചകണ്ട്‌ മടങ്ങുന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top