കാസർകോട്
ഓണാവധിക്കുശേഷം ദോഹയിലേക്ക് മടങ്ങിയ കുടുംബത്തിന്റെ പാസ്പോർട്ടും മറ്റു രേഖകളും ട്രെയിനിൽ മറന്നു. കൃത്യസമയത്ത് ഇടപെട്ട പൊലീസുകാർ രേഖകൾ തിരിച്ചുപിടിച്ച് കുടുംബത്തെ ഏൽപ്പിച്ചു. മുന്നാട് ജയപുരത്തെ ജതിൻദാസിനും കുടുംബത്തിനുമാണ് പൊലീസ് ഇടപെടൽ ആശ്വാസമായത്.
ജതിൻദാസും ഭാര്യ ദിവ്യയും കുഞ്ഞും കണ്ണൂർ വിമാനത്താവളത്തിൽനിന്നാണ് ദോഹയിലേക്ക് ടിക്കറ്റാക്കിയത്. കാഞ്ഞങ്ങാടുനിന്നും കണ്ണൂരിലേക്ക് ഇന്റർസിറ്റി ട്രെയിനിൽ പോയി. അവിടെനിന്നും വിമാനത്താവളത്തിലേക്ക് ടാക്സിയിൽ പോയി 20 മിനുട്ട് കഴിഞ്ഞപ്പോഴാണ് ഒരു ബാഗ് കാണാതായെന്ന് തിരിച്ചറിയുന്നത്. മൂന്നുപേരുടെയും പാസ്പോർട്ട്, വിസ കോപ്പി, ലാപ്ടോപ്പ് അടക്കമുള്ള വിലപ്പെട്ട ബാഗാണ് മറന്നത്. ഒരു നിമിഷത്തേക്ക് കണ്ണിൽ ഇരുട്ടുകയറിയ ജതിൻ, ടാക്സി ഡ്രൈവറുടെ നിർദ്ദേശപ്രകാരം ഉടൻ തിരിച്ചുപോയി സ്റ്റേഷൻ മാസ്റ്ററോട് വിവരം പറഞ്ഞു. ട്രെയിൻ വടകരയ്‌ക്ക് എത്തുമ്പോഴേക്കും സ്റ്റേഷൻ മാസ്റ്റർ വിളിച്ച് വിവരം പറഞ്ഞു.
ഇതിനിടെ കേരള റെയിൽവേ പൊലീസിലെ രണ്ടുദ്യോഗസ്ഥരെ കണ്ടു. അവരോട് കാര്യം പറഞ്ഞു. എസ്ഐ വിജേഷ്, രാജേഷ് കാനായി എന്നീ പൊലീസുകാർ ബാഗ് തിരിച്ചുപിടിക്കൽ ദൗത്യം ഏറ്റെടുത്തു. അപ്പോഴേക്കും ട്രെയിൻ വടകരയിൽനിന്നും പുറപ്പട്ടു. രാജേഷ് കാനായി ടിടിയെ ബന്ധപ്പെട്ട് മറന്നുവച്ച ബാഗ് കണ്ടെത്തി. സംഗീത് എന്ന പൊലീസ് ഓഫീസർ ഇടപെട്ട് ഉടൻ ബാഗ് കണ്ണൂരിലെത്തിക്കാൻ ഇടപെട്ടു. ഇതേ സമയം കോഴിക്കോടുനിന്നും കണ്ണൂർ ഭാഗത്തേക്കുള്ള മംഗള എക്സ്പ്രസിന് തിരികെ കയറ്റി അയക്കാനാണ് ശ്രമം. ഇന്റർസിറ്റി കോഴിക്കോടെത്തുന്നത് പകൽ 2.30 ന്. മംഗള കോഴിക്കോടുനിന്ന് തിരിക്കുന്നത് 2.35 ന്. സമയത്തിന് മറ്റെന്തിനേക്കാളും വിലയുള്ള അവസ്ഥ. സംഗീത് നേരെ കോഴിക്കോട് ബന്ധപ്പെട്ട് ബാഗ് കൈമാറാൻ അവിടത്തെ പൊലീസിനോട് അഭ്യർഥിച്ചു.
പൊലീസുകാരായ സംഗീത്, രാജേഷ്, ഉമേശൻ, ലഗേഷ്, വിജേഷ് എന്നിവർ ഒത്തുചേർന്നപ്പോൾ 4.15 ഓടെ മംഗളയിൽ ബാഗ് കണ്ണൂരിലെത്തി. പൊലീസുകാർതന്നെ പോയി ബാഗ് വാങ്ങി ജതിന് കൈമാറി. പിന്നീട് ശരവേഗത്തിൽ നേരെ വിമാനത്താവളത്തിലേക്ക്. സമയത്ത് വിമാനം കയറിയപ്പോഴും പൊലീസ് വിവരം തിരക്കി ഒപ്പം നിന്നുവെന്ന് ജതിൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..