03 December Tuesday

മാലിന്യം തോട്ടിൽ തള്ളിയ വാഹന ഉടമയ്ക്കെതിരെ 20,000 രൂപ പിഴയിട്ട് ആറ്റിങ്ങൽ നഗരസഭ

വെബ് ഡെസ്‌ക്‌Updated: Monday Oct 23, 2023
ആറ്റിങ്ങൽ
 കരിച്ചിയിൽ പ്രദേശത്ത് മാലിന്യം തോട്ടിൽ തള്ളിയ  വാഹനത്തെയും ഉടമയെയും കണ്ടെത്തി 20,000 രൂപ പിഴയിട്ട് ആറ്റിങ്ങൽ നഗരസഭ. കീഴാറ്റിങ്ങൽ ജെപി നിവാസിൽ ജെ പ്രകാശിന്റെ  മഹീന്ദ്ര (കെഎൽ 16എഫ്‌ 5977)  പിക്കപ് വാഹനമാണ്‌  മാലിന്യം തോട്ടിൽ തള്ളിയതായി കണ്ടെത്തിയത്. തുടർന്ന് നഗരസഭ ഉടമയ്ക്ക് ഇരുപതിനായിരം രൂപ പിഴ ചുമത്തുകയായിരുന്നു. മാലിന്യം തോട്ടത്തിൽ തള്ളാൻ ഉപയോഗിച്ച വാഹനം പൊലീസ് കസ്റ്റഡിയിൽ  എടുത്തു. കഴിഞ്ഞമാസം 29 ന്  ആയിരുന്നു കേസിനാസ്പദമായ സംഭവം. ആറ്റിങ്ങൽ കരിച്ചിൽ പ്രദേശത്ത് ചാക്ക് കെട്ടുകളിലാക്കിയ മാലിന്യം തോട്ടിൽ തള്ളിയതിനെ തുടർന്ന് തോട്ടിലെ ഒഴുക്ക് നിലയ്ക്കുകയും തോട് കരകവിഞ്ഞൊഴുകുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തിരുന്നു. നാട്ടുകാരും വാർഡ് കാൺസിലറും ഈ വിവരം നഗരസഭയെ അറിയിക്കുകയും നഗരസഭാ ചെയർപേഴ്സൺ  എസ് കുമാരിയും നഗരസഭാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു.  
നിയമലംഘനം നടത്തിയവരെ കണ്ടെത്തി വാഹനം കസ്റ്റഡിയിൽ എടുക്കണമെന്ന്‌ ആവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറി ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകി. നഗരസഭയും പൊലീസും നടത്തിയ പരിശോധനയിൽ മാലിന്യം തള്ളിയ വാഹനത്തെ തിരിച്ചറിയുകയും വാഹനം കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.  ആലംകോട് കിളിമാനൂർ റോഡിൽ പ്രവർത്തിക്കുന്ന ആക്രിക്കടയിൽ നിന്നുമുള്ള വേസ്റ്റുകളാണ് ചാക്ക് കെട്ടുകളിലാക്കി തന്റെ വാഹനത്തിൽ കൊണ്ടുവന്ന് തോട്ടിൽ തള്ളിയത് എന്ന് വാഹന ഉടമ നഗരസഭയ്‌ക്ക് നൽകിയ മാപ്പ് അപേക്ഷയിൽ പറയുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top