26 December Thursday
മുതലപ്പൊഴിയിലെ അപകടങ്ങൾ

മൂന്നാംഘട്ട പഠനം പൂർത്തിയായി

വെബ് ഡെസ്‌ക്‌Updated: Monday Oct 23, 2023

മുതലപ്പൊഴിയിൽ 
സിഡബ്ല്യുപിആർഎസ് സംഘം 
ഉപകരണങ്ങൾ ഉപയോഗിച്ച് 
വിവരങ്ങൾ ശേഖരിക്കുന്നു

ചിറയിൻകീഴ്
മുതലപ്പൊഴിയിൽ സെൻട്രൽ വാട്ടർ പവർ റിസർച്ച് സ്‌റ്റേഷൻ ശാസ്ത്രജ്ഞരുടെ (സിഡബ്ല്യുപിആർഎസ്‌) നേതൃത്വത്തിൽ നടന്ന 10 ദിവസത്തെ മൂന്നാംഘട്ട വിവരശേഖരണം പൂർത്തിയായി. സംഘം പുണെയിലേക്ക്‌ മടങ്ങി. 
മുതലപ്പൊഴിയിൽ തുടർച്ചയായി അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ്‌ വിശദമായ പഠനം നടത്താൻ സംസ്ഥാന സർക്കാർ  സിഡബ്ല്യുപിആർഎസിനോട്‌ നിർദേശിച്ചത്‌. ശാസ്ത്രജ്ഞന്മാരായ ജിതേന്ദ്ര എ ഷിമ്പി, എ എ സോനാവാൻ, ഡോ. എ കെ സിങ്‌, റിസർച്ച് അസിസ്റ്റന്റ് സുബോധ് കുമാർ, ക്രാഫ്റ്റ്സ്മാൻ ബാബാജി ആർ തൊപ്റ്റേ എന്നിവരാണ്‌ സംഘത്തിലുള്ളത്‌. കഴിഞ്ഞ 11നാണ്‌ പഠനം ആരംഭിച്ചത്‌. 
കറണ്ട് മീറ്റർ, വേവ്റീഡർ, ടൈഡ്ഗേജ്, ഇക്കോ സൗണ്ടർ തുടങ്ങി 24 മണിക്കൂറും കടലിലെ വിവരങ്ങൾ റെക്കോഡ് ചെയ്യാനാകുന്ന അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ചായിരുന്നു മൺസൂണിനു ശേഷമുള്ള പൊഴിയിലെ വിവരങ്ങൾ ശേഖരിച്ചത്. പുലിമുട്ടുകൾ തമ്മിലുള്ള ദൂരം, അലൈൻമെന്റിലെ വ്യത്യാസം, ഇരുവശത്തുമുള്ള ആഴം, അഴിമുഖത്തെ ആഴം, കടലിന്റെ ഒഴുക്ക്, വേലിയേറ്റ- വേലിയിറക്ക വ്യത്യാസം, അടിത്തട്ടിലെ മണ്ണ്, തിരമാലകളുടെയും കാറ്റിന്റെയും ഒഴുക്കിന്റെയും ദിശ, അവയുടെ ശക്തി എന്നിവയാണ് പഠനവിധേയമാക്കുക. 
മഴയും കടൽക്ഷോഭവും ഉണ്ടായത്‌ വിവരശേഖരണത്തിന് സഹായകരമായതായി ഉദ്യോഗസ്ഥർ പറഞ്ഞു.  റിപ്പോർട്ട് വേഗത്തിലാക്കാൻ സർക്കാർ അനുമതി ലഭിച്ചാൽ ഹാർബർ എൻജിനിയറിങ്‌ വകുപ്പിലെ ഉദ്യോഗസ്ഥ സംഘം നവംബറിൽ പുണെയിലേക്ക് പോകും. അന്തിമ റിപ്പോർട്ട് ഡിസംബറിൽ സംസ്ഥാന സർക്കാരിന് കൈമാറും. തുടർന്ന് പൊഴിയിൽ മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ എസ്റ്റിമേറ്റ് തയ്യാറാക്കി പദ്ധതി നടപ്പാക്കും. പഠനത്തിനായി 37 ലക്ഷം രൂപയാണ് സർക്കാർ വകയിരുത്തിയത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top