23 December Monday

ചെമ്പൈ സംഗീതോത്സവം ഇത്തവണ 
ആഘോഷിക്കുക സുവർണ ജൂബിലി നിറവില്‍

വെബ് ഡെസ്‌ക്‌Updated: Saturday Nov 23, 2024

ചെമ്പൈ വൈദ്യനാഥ ഭാ​ഗവതരും കെ ജെ യേശുദാസും ചേര്‍ന്ന് കച്ചേരി 
അവതരിപ്പിക്കുന്നു (ഫയല്‍ ചിത്രം)

​​ഗുരുവായൂർ
ചെമ്പൈ സംഗീതോത്സവം ഇത്തവണ ആഘോഷിക്കുക സുവർണ ജൂബിലി നിറവിൽ. കർണാടക സംഗീത കുലപതിയായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ഏകാദശി നാദോപാസനയുടെ സ്മരണാർഥം ദേവസ്വം നടത്തി വരുന്ന ചെമ്പൈ സംഗീതോത്സവത്തിന്റെ 50–-ാം വർഷമാണിത്. 
ഗുരുവായൂർ ഏകാദശിക്ക് വർഷങ്ങളോളം ക്ഷേത്ര സന്നിധിയിൽ സംഗീതാർച്ചന നടത്തിയ ചെമ്പൈ വൈദ്യനാഥ ഭാഗവതർ 1974 ഒക്ടോബർ 16നാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ വിയോഗശേഷം ശിഷ്യൻമാരുടെ പങ്കാളിത്തത്തോടെ ആ വർഷം ദേവസ്വം സംഗീതോത്സവം നടത്തുകയായിരുന്നു. ചെമ്പൈയുടെ 80–-ാം പിറന്നാളിന്റെ ഭാ​ഗമായി 1974 മെയ് മാസത്തിൽ അദ്ദേഹവും കെ ജെ യേശുദാസടക്കമുള്ള ശിഷ്യൻമാരും ​ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ കച്ചേരി അവതരിപ്പിച്ചിരുന്നു. ഏകാദശി ദിനങ്ങളിൽ അദ്ദേഹം അവതരിപ്പിച്ചിരുന്ന കച്ചേരികൾക്ക് പുറമെയായിരുന്നു ഈ പ്രത്യേക കച്ചേരി. 1974  ഒക്ടോബർ 16ന് അന്തരിച്ച ചെമ്പൈയുടെ സ്മരണയ്ക്കായി ശിഷ്യന്മാരാണ് ചെമ്പൈ സം​ഗീതോത്സവം നടത്താന്‍ തീരുമാനിച്ചത്. തുടർന്ന് അത്തവണ ദേവസ്വം സം​ഗീതോത്സവം നടത്തുകയും ചെയ്തു. 
ദേവസ്വം മുടക്കമില്ലാതെ ഏകാദശി ആഘോഷിക്കുന്ന സമയത്ത് ചെമ്പൈ സംഗീതോത്സവവും തുടർന്നു. 1975 മുതൽ കൂടുതൽ വിപുലമായി ദേവസ്വം ചൈമ്പൈ സംഗീതോത്സവം സംഘടിപ്പിച്ചുവരുന്നു. പീന്നീട് ഏഷ്യയിലെ ഏറ്റവും വലിയ സംഗീതോത്സവമായി മാറിയ ഇവിടെ മൂവായിരത്തിലധികം സം​ഗീതപ്രതിഭകൾ സം​ഗീതാർച്ചന നടത്തുന്നു. പ്രത്യേക കച്ചേപികളിലായി നൂറിലധികം പ്രമുഖരും കച്ചേരികൾ അവതരിപ്പിക്കും. ഇത്തവണ  ചെമ്പൈ സം​ഗീതോത്സവത്തിൽ മൂവായിരത്തിലധികം പേരെങ്കിലും സം​ഗീതാർച്ചന നടത്തുമെന്നാണ് ദേവസ്വം പ്രതീക്ഷിക്കുന്നത്.
ചെമ്പൈ സം​ഗീതോത്സവം 26ന് ആരംഭിക്കും
​ഗുരുവായൂർ
ഏകാദശിയുടെ ഭാ​ഗമായി ചെമ്പൈ സം​ഗീതോത്സവം 26ന് ആരംഭിക്കും. ചൊവ്വാഴ്ച വൈകിട്ട് ആറിന് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലെ ചെമ്പൈ സംഗീത മണ്ഡപത്തിൽ മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. ദേവസ്വം ചെയർമാൻ ഡോ. വി കെ  വിജയൻ അധ്യക്ഷനാകും. ചടങ്ങിൽ ഈ വർഷത്തെ ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം വയലിൻ വിദൂഷി എ കന്യാകുമാരിക്ക്  മന്ത്രി സമ്മാനിക്കും. സംസ്ഥാന സർക്കാരിന്റെ മികച്ച പിന്നണി ഗായകനുള്ള അവാർഡ് ലഭിച്ച ചെമ്പൈ സംഗീതോത്സവ സബ് കമ്മറ്റി അംഗം പി എസ് വിദ്യാധരൻ മാസ്റ്ററെ ചടങ്ങിൽ മന്ത്രി ആദരിക്കും. എൻ കെ അക്ബർ എംഎൽഎ, ഗുരുവായൂർ നഗരസഭാ ചെയർമാൻ  എം കൃഷ്ണദാസ് എന്നിവർ മുഖ്യാതിഥിയാകും. പുരസ്കാര സ്വീകർത്താവായ എ കന്യാകുമാരിയുടെ സംഗീതകച്ചേരി അരങ്ങേറും. കച്ചേരികൾ ബുധൻ രാവിലെ മുതൽ ആരംഭിക്കും. ഇത്തവണ ചെമ്പൈ സംഗീതോൽസവത്തിൽ പങ്കെടുക്കാൻ 4000 ത്തോളം പേർ അപേക്ഷിച്ചിട്ടുണ്ട്. 
 
ഒരു വർഷം നീളുന്ന ജൂബിലി ആഘോഷങ്ങള്‍
ഗുരുവായൂർ 
ഏകാദശിയുടെ ഭാ​ഗമായി ചെമ്പൈ സം​ഗീതോത്സവ സുവർണ ജൂബിലി. ഒരു വർഷം നീളുന്ന ജൂബിലി ആഘോഷങ്ങൾ നടക്കും. ചെമ്പൈ സംഗീതോത്സവത്തിന്റെ  പ്രാരംഭമായുള്ള സംഗീത സെമിനാർ 24ന് കിഴക്കേ നടയിലെ നാരായണീയം ഹാളിൽ നടക്കും. പിന്നണി ഗായകൻ പി ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ അധ്യക്ഷനാകും. സംഗീതത്തിലെ ശാസ്ത്രം എന്ന വിഷയത്തിൽ  ഡോ.അച്യുത് ശങ്കർ എസ് നായരും സ്വരപ്രസ്താരത്തിലെ ഗണിത വിന്യാസം എന്ന വിഷയത്തിൽ പ്രൊഫ. പാറശാല രവിയും പ്രബന്ധം അവതരിപ്പിക്കും. ഡോ.ഗുരുവായൂർ കെ മണികണ്ഠൻ, ശ്രീ അമ്പലപ്പുഴ പ്രദീപ് എന്നിവർ മോഡറേറ്ററാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top