തൃശൂർ
സൂരജ് ഇതാ തന്റെ മുച്ചക്രവണ്ടി സ്‌റ്റാർട്ടാക്കുകയാണ്. ഡൽഹിയിൽ നിന്ന് തുടങ്ങി ശ്രീലങ്കൻ അതിർത്തിവരെയാണ് ഇത്തവണത്തെ യാത്ര. കാറപകടത്തിൽ സ്‌പൈനൽ കോഡ് തകർന്ന് അരയ്ക്കുകീഴെ തളർന്നുവെങ്കിലും യാത്രകളിലൂടെ സ്വപ്‌നങ്ങൾ വീണ്ടെടുക്കും. വല്ലച്ചിറ പനങ്ങാട്ട് സൂരജിന് അതീജീവനവഴികളിലൂടെയുള്ള സഞ്ചാരത്തിന് സംസ്ഥാന സർക്കാർ പുരസ്‌കാരവും കരുതലായി. ഈഗിൾ സ്‌പെഷ്യലി എബിൾഡ് റൈഡേഴ്‌സ് ടീമിനൊപ്പം ഡിസംബർ 15 മുതൽ 20 ദിവസമാണ് ഇത്തവണത്തെ യാത്ര. അഞ്ച് ഭിന്നശേഷിക്കാരാണ് 12 സംസ്ഥാനങ്ങളിലൂടെ 6000 കിലോമീറ്റർ യാത്ര ചെയ്യുന്നത്. കേരളത്തിൽ നിന്നും വോയ്‌സ് ഓഫ് ഡിസേബിൾഡിന്റെ പ്രതിനിധിയായാണ് ജനറൽ സെക്രട്ടറി പി എ സൂരജ് പങ്കെടുക്കുന്നത്. ടിവിഎസ് ജൂപിറ്ററിലുള്ള യാത്രയിൽ ഭാര്യ സൗമ്യയും ഒപ്പമുണ്ടാകും. ‘പൊതു സ്ഥലങ്ങളും കെട്ടിടങ്ങളും വീൽച്ചെയർ സൗഹൃദമാക്കുക, റാമ്പ്, ലിഫ്‌റ്റുകൾ എന്നിവ നിർമിച്ച് ഭിന്നശേഷിക്കാരെ ചേർത്ത് പിടിക്കുക’ എന്ന സന്ദേശവുമായാണ് യാത്രയെന്ന് സൂരജ് പറഞ്ഞു. ഭിന്നശേഷി സൗഹൃദമല്ലാത്ത ഇടങ്ങൾ കണ്ടാൽ അധികൃതർക്ക് ഇ മെയിൽ വഴി പരാതി അയയ്ക്കും. ആർപിഡബ്ല്യുഡി ആക്ട് 2016നെക്കുറിച്ച് നിയമ ബോധവൽക്കരണവും നടത്തും.
ഭിന്നശേഷി അവസ്ഥയിലും സാഹസികതകൾ ചെയ്യാമെന്ന് തൃക്കൂരിലുണ്ടായിരുന്ന സുഹൃത്ത് ബലറാം സാമി പഠിപ്പിച്ചു. അദ്ദേഹവുമൊത്ത് സാഹസിക റൈഡിൽ പങ്കെടുത്തു. നേരത്തെ ഹിമാചൽ സോളാൻ യാത്രയും ഡൽഹി കാർഗിൽ യാത്രയും നടത്തിയിട്ടുണ്ട്. ബിരുദപഠനശേഷം സൗദിയിൽ ജോലി തേടി പോയി. 2012ൽ നാട്ടിലെത്തിയപ്പോൾ സുഹൃത്തിനെ കാണാൻ കൊല്ലത്ത് പോയി തിരികെ വരുമ്പോൾ മറ്റൊരാളെ രക്ഷിക്കാൻ വെട്ടിച്ചപ്പോൾ കാർ മറിഞ്ഞാണ് അപകടമുണ്ടായത്. പിന്നെ പുതിയ സൗഹൃദങ്ങൾ. കട്ടിലിൽ കിടന്ന് താലിചാർത്താൻ ഡൽഹിക്കാരി സൗമ്യ തലകുനിച്ചു. വിത്ത് പേനയും വിത്ത് ഫയലും നിർമിച്ച് പുതിയ ജീവിതം. അയ്യായിരത്തിൽപ്പരം ഭിന്നശേഷിക്കാർക്ക് ഈ തൊഴിൽ പരിശീലിപ്പിച്ചു. ഹെലൻ കെല്ലർ അവാർഡുൾപ്പടെ നിരവധി പുരസ്‌കാരങ്ങൾ തേടിയെത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..