തൃശൂർ
ജില്ലാ കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാക്കി കോൺഗ്രസ് നേതാവ് ടി കെ പൊറിഞ്ചുവിനെതിരെ ഉയർന്ന ലൈംഗിക അതിക്രമ കേസ്. കോൺഗ്രസ് ഭരണത്തിലുള്ള തൃശൂർ സഹകരണ ആശുപത്രിയിൽ വച്ചാണ് കേസിനാസ്‌പദമായ സംഭവം നടന്നത് എന്നതിനാൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഐ ഗ്രൂപ്പ് നേതാവായ പൊറിഞ്ചു, രമേശ് ചെന്നിത്തലയുടെ അടുത്ത അനുയായിയാണ്. ഡിസിസി സെക്രട്ടറിയും ആശുപത്രി പ്രസിഡന്റുമായ പൊറിഞ്ചുവിനെ സംരക്ഷിക്കാനാണ് കോൺഗ്രസ് ശ്രമം. ഇതിന്റെ ഭാഗമായാണ് ആശുപത്രി ജീവനക്കാരിയോട് ലൈംഗിക അതിക്രമം നടത്തിയതിന് പ്രതിചേർത്തിട്ടും പ്രതികരിക്കാൻ കോൺഗ്രസ് ജില്ലാ നേതൃത്വം തയാറാക്കാത്തത്. ആശുപത്രിക്ക് തന്നെ കളങ്കമുണ്ടാകുന്ന സംഭവമായിട്ടും സംഘടനാ തലത്തിൽ നടപടി ആവശ്യമില്ലെന്ന നിലപാടിലാണ് നേതൃത്വം.
15 വർഷമായി ആശുപത്രി പ്രസിഡന്റായി തുടരുന്ന പൊറിഞ്ചുവിനെതിരെ പല ഘട്ടത്തിലായി പരാതികൾ ഉയർന്നിരുന്നുവെങ്കിലും ജില്ലാ നേതൃത്വം മുഖവിലയ്‌ക്ക് എടുത്തിരുന്നില്ല. പരാതികൾ പൊലീസിൽ എത്താതെ ഒതുക്കി ത്തീർക്കാനും ഇടപെടൽ നടത്തിയിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ആശുപത്രി പ്രസിഡന്റ് എന്ന അധികാരം വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന് ഉയർന്നിരുന്ന ആരോപണങ്ങൾ വരുംദിവസങ്ങളിൽ വീണ്ടും ചർച്ചയാകുമെന്ന ഭയത്തിലാണ് നേതൃത്വം. 13 അംഗ ഡയറക്ടർ ബോർഡ് ഉണ്ടെങ്കിലും പൊറിഞ്ചുവിന്റെ അപ്രമാദിത്വത്തിലാണ് ആശുപത്രിയുടെ പ്രവർത്തനം.
മഹിളാ അസോസിയേഷൻ
മാർച്ച് ഇന്ന്
തൃശൂർ
ആശുപത്രി ജീവനക്കാരിയോട് മോശമായി പെരുമാറിയ തൃശൂർ സഹകരണ ആശുപത്രി പ്രസിഡന്റ് ടി കെ പൊറിഞ്ചുവിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജനാധിപത്യ മഹിള അസോസിയേഷൻ തൃശൂർ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ തിങ്കളാഴ്‌ച ആശുപത്രിയിലേക്ക് മാർച്ച് നടത്തും.
രാവിലെ 10ന് സിഎംഎസ് സ്‌കൂൾ പരിസരത്ത് നിന്ന് പ്രകടനം ആരംഭിക്കും. പ്രതിഷേധ പ്രകടനത്തിൽ മുഴുവൻ പ്രവർത്തകരും പങ്കെടുക്കണമെന്ന് ഏരിയ സെക്രട്ടറി അഡ്വ. പി കെ ബിന്ദുവും പ്രസിഡന്റ് പി എസ് ലതയും അഭ്യർഥിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..