06 November Wednesday

സുബൈദുമ്മ, 
ഈ സ്‌നേഹത്തിന്‌ നൂറുമ്മ

ആർ റോഷൻരാജ്‌Updated: Saturday Apr 24, 2021

വീട്ടിലെ ആടുകൾക്കൊപ്പം സുബൈദ

കൊല്ലം

‘രാവിലെ ടിവിയിൽ കണ്ട വാർത്തയിൽ കോവിഡ് പ്രതിരോധത്തിന് മരുന്ന് പണം കൊടുത്താണ് സർക്കാർ വാങ്ങുന്നതെന്ന് അറിഞ്ഞു. കാശുകൊടുത്ത് മരുന്നു വാങ്ങാൻ കഴിയാത്തവരെ സഹായിക്കാനാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്’–--പ്രളയകാലത്ത്‌ സ്വന്തം ആടുകളെ വിറ്റ്‌ നാടിനു‌ കരുതലേകിയ സുബൈദ വീണ്ടും ഹീറോയായി. ഇത്തവണ വാക്‌സിൻ ചലഞ്ചിൽ പങ്കെടുക്കാനാണ്‌ പള്ളിത്തോട്ടം പൊലീസ്‌ സ്റ്റേഷനു സമീപം ചായക്കട നടത്തുന്ന പോർട്ട്‌ സ്വദേശി സുബൈദ ആടുകളെ വിറ്റ കാശിൽ ഒരു പങ്ക് ചെലവിട്ടത്‌. 5000 രൂപ കലക്ടർ ബി അബ്ദുൽ നാസറിന്‌ കഴിഞ്ഞ ദിവസം ഓഫീസിൽ എത്തി സഹായം കൈമാറി. 

നാട്ടുകാർ സ്‌നേഹത്തോടെ സുബൈദുമ്മ എന്നു വിളിക്കുന്ന സുബൈദ എല്ലാവർഷവും നോമ്പുകാലത്ത്‌ തന്റെ വീടിന്റെ പരിസരത്തുള്ള കുടുംബങ്ങൾക്ക് അരിയും പലവ്യഞ്ജന സാധനങ്ങളും അടങ്ങുന്ന കിറ്റ് നൽകാറുണ്ട്. ഇത്തവണ മുപ്പതോളം കുടുംബങ്ങൾക്ക് കിറ്റും തുകയും നൽകാൻ തന്റെ നാല്‌ ആടുകളെ വിറ്റു. ഇതിൽ ബാക്കിവന്ന തുകയാണ്‌ ദുരിതാശ്വാസനിധിയിലേക്കു നൽകിയത്‌. വെള്ളിയാഴ്ച രാവിലെ ടിവിയിലൂടെയാണ്‌ വാക്സിൻ ചലഞ്ചിനെപ്പറ്റി സുബൈദ ഉമ്മ അറിയുന്നത്. ഉടൻ ഭർത്താവ് അബ്ദുൽ സലാമിനോട് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നൽകണമെന്ന് പറഞ്ഞു. വൈകാതെ കലക്ടറെ നേരിൽക്കണ്ട് തുക കൈമാറുകയായിരുന്നു. സംഭാവന നൽകുന്ന കാര്യം മറ്റാരും അറിയരുതെന്ന്‌ കലക്ടറോട്‌ പറഞ്ഞിരുന്നു. 

വെള്ളിയാഴ്‌ച വൈകിട്ടത്തെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സുബൈദയുടെ പേര് പരമാർശിച്ചതിനു പിന്നാലെ നിരവധി പേരാണ് ആശംസകളുമായി പള്ളിത്തോട്ടത്തെ ചായക്കടയിലേക്ക് എത്തിയത്. "400 രൂപയാണ് വാക്സിൻ വില. അതെടുക്കാൻ ഉള്ളവരും ഇല്ലാത്തവരും കാണും. എനിക്കൊന്നും ഉണ്ടായിട്ടല്ല, എന്നാൽ, കാശില്ലാത്തതിന്റെ പേരിൽ ആരും രോഗംവന്ന്‌ മരിക്കാൻ പാടില്ല. അതുകൊണ്ടാണ്‌ സംഭാവന നൽകിയത്’–- കടയിലെത്തുന്നവരോട്‌ സുബൈദയ്‌ക്ക്‌ പറയാനുള്ളത്‌ ഇത്രമാത്രം. ഹൃദ്‌രോഗിയായ ഭർത്താവ് അബ്ദുൽ സലാമിനും സഹോദരനുമൊപ്പം ചായക്കടയിൽനിന്നു ലഭിക്കുന്ന വരുമാനം കൊണ്ടാണ് സുബൈദയുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. 

 

ഹിറ്റായി വാക്‌സിൻ ചലഞ്ച്‌

സ്വന്തം ലേഖകൻ
കൊല്ലം
വാക്‌സിൻ സൗജന്യമായി നൽകുമെന്ന വാഗ്‌ദാനം വിഴുങ്ങി പണം ഈടാക്കുമെന്നു പ്രഖ്യാപിച്ച കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കുമെതിരെ പ്രതിഷേധം പടരുന്നു. ഒപ്പം പറഞ്ഞവാക്കിൽ ഉറച്ച്‌‌ സൗജന്യമായി വാക്‌സിൻ നൽകുമെന്നു പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന പ്രവാഹം തുടരുന്നു. 
കേന്ദ്രസർക്കാരിന്‌ എതിരായ പ്രതിഷേധത്തിൽ അണിചേർന്നാണ്‌ മിക്കവരും വാക്‌സിൻ എടുക്കുന്ന കുടുംബാംഗങ്ങളുടെ എണ്ണം കണക്കാക്കി തുക ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകുന്നത്‌. ജില്ലയിൽ വാക്‌സിൻ ചലഞ്ച്‌ ഏറ്റെടുത്ത്‌ എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ തുടങ്ങിയ സംഘടനകളും വ്യക്തികളും ഇതിനകം സംഭാവന നൽകിക്കഴിഞ്ഞു. പിന്തുണയുമായി ബഹുജന പ്രസ്ഥാനങ്ങളും മുന്നിലുണ്ട്‌. 
വാക്‌സിൻ പണംകൊടുത്ത്‌ വാങ്ങേണ്ടിവരുന്ന‌ സംസ്ഥാന സർക്കാരിന്‌ വാക്‌സിന്റെ വിലയേക്കാൾ അധികം നൽകുന്നവരുമുണ്ട്‌‌. പലരും തുക ഓൺലൈനായാണ്‌ നൽകിയത്‌. ചിലർ കലക്ടറെ ഏൽപ്പിച്ചു. പ്രളയകാലത്ത്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ആടിനെ വിറ്റുകിട്ടിയ തുക സംഭാവന നൽകിയ പള്ളിത്തോട്ടം പൊലീസ് സ്റ്റേഷനു സമീപം ചായക്കട നടത്തുന്ന പോർട്ട് കൊല്ലം സ്വദേശിനി സുബൈദ ഇക്കുറിയും ആടിനെ വിറ്റ പണംകൊണ്ട്‌ വാക്‌സിൻ ചലഞ്ചിൽ പങ്കാളിയായി. തുക കലക്ടർ ബി അബ്ദുൽ നാസറിനെ ഏൽപ്പിച്ചു. കാഷ്യൂ കോർപ്പറേഷൻ രണ്ട്‌ ലക്ഷം രൂപയാണ്‌ കൊടുത്തത്‌. കോവിഡിനെ അതിജീവിച്ച അഞ്ചലിലെ 105 വയസ്സുകാരി അസുമാബീവി കഴിഞ്ഞദിവസം സംഭാവന നൽകിയിരുന്നു. മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മയും കുടുംബവും 2000 രൂപ നൽകി ചലഞ്ചിൽ പങ്കാളികളായി. അധ്യാപകരും ജീവനക്കാരും സംഘടനകളും സാംസ്‌കാരിക പ്രസ്ഥാനങ്ങളും വ്യാപാരികളും സംഭാവന നൽകുന്നുണ്ട്‌.
 
 
കാഷ്യൂ കോർപറേഷൻ 
2 ലക്ഷം നൽകി
കൊല്ലം 
സംസ്ഥാന കശുവണ്ടി വികസന കോർപറേഷനിലെ ജീവനക്കാരും തൊഴിലാളികളും വാക്സിൻ ചലഞ്ചിന്റെ ഭാഗമായി സ്വരൂപിച്ച രണ്ടുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നൽകി. 
കാഷ്യൂ കോർപറേഷൻ ഹെഡ് ഓഫീസിൽ നടന്ന ചടങ്ങിൽ ചെയർമാൻ എസ് ജയമോഹൻ തുക ഏറ്റുവാങ്ങി. കോർപറേഷൻ എംഡി രാജേഷ് രാമകൃഷ്ണൻ, സുനിൽ ജോൺ, വി ഷാജി, എസ്‌ അജിത്, രാജശേഖരപിള്ള, വി പി ഹരിലാൽ, കെ ഗോപുകുമാർ, യൂണിയൻ പ്രതിനിധികളായ പി എസ്‌ ജയന്തി, സുനിൽകുമാർ (സിഐടിയു), വി എൻ എബ്രഹാം (എഐടിയുസി), സുനിൽകുമാർ (ഐഎൻടിയുസി), വിക്രമൻ (യുടിയുസി) എന്നിവർ പങ്കെടുത്തു. 
 
 
വാക്സിൻ തുക 
മുഖ്യമന്ത്രിയുടെ ഫണ്ടിലേക്കു നൽകി  മുൻ അധ്യാപകൻ
അഞ്ചൽ
കോവിഡ് വാക്സിനായി രജിസ്റ്റർ ചെയ്യാൻ എസ്എഫ്ഐ തയ്യാറാക്കിയ ക്യാമ്പിലെത്തിയയാൾ വാക്സിന്റെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനായി കൈമാറി. മലപ്പുറം കക്കോ ഹൈസ്കൂൾ പ്രധാനാധ്യാപകനായി വിരമിച്ച അഞ്ചൽ മോഹനത്തിൽ മോഹൻകുമാറാണ് വാക്സിന് വില ഈടാക്കുന്ന കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ചും വാക്സിൻ സൗജന്യമാണെന്നു പ്രഖ്യാപിച്ച സംസ്ഥാന സർക്കാരിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും തുക അടച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top