22 November Friday

മൺസൂണിനെ വരവേൽക്കാൻ

വെബ് ഡെസ്‌ക്‌Updated: Sunday May 24, 2020
ആലപ്പുഴ
ഗതകാല പ്രൗഢി വീണ്ടെടുത്ത്‌ മൺസൂണിനെ വരവേൽക്കാൻ ആലപ്പുഴയിലെ കനാലുകൾ ഒരുങ്ങുന്നു. മാലിന്യം നീക്കി ആഴം കൂട്ടിയും സംരക്ഷണഭിത്തി നിർമിച്ചും തീരം സൗന്ദര്യവൽക്കരിച്ചും പ്രവൃത്തി മുന്നേറുകയാണ്‌. ആദ്യഘട്ടം ഒരു മാസത്തിനകം പൂർത്തിയാകും. തോട്ടപ്പള്ളി പൊഴിമുഖത്തെ മണൽ നീക്കി കാറ്റാടി മരങ്ങൾ മുറിച്ചുമാറ്റി വെള്ളമൊഴുക്ക് സുഗമമാക്കാനും നടപടിയെടുത്തു.
24 കിലോമീറ്ററാണ് നഗരത്തിലെ കനാലിന്റെ നീളം. 18 കിലോ മീറ്റർ കനാൽ വൃത്തിയാക്കി സംരക്ഷണഭിത്തി നിർമിച്ചു. ആറു കിലോമീറ്ററിൽ ജോലി പുരോഗമിക്കുകയാണ്‌.
 ആലപ്പുഴ -ചേർത്തല കനാലിൽ മാത്രം ഒമ്പത് പാലങ്ങളുണ്ട്. ഇവിടങ്ങളിൽ കലുങ്ക്‌ നിർമിക്കും. മൂന്നു കലുങ്കുകളുടെ പ്രവൃത്തി തുടങ്ങി. 
ഷഡാമണി തോട്‌, കാപ്പിത്തോട്‌ എന്നിവയും നവീകരിക്കുകയാണ്. ഒന്നാംഘട്ട കനാൽ നവീകരണത്തിന്‌ 40 കോടി രൂപയാണ്‌ ചെലവ്‌. രണ്ടാം ഘട്ടത്തിൽ നഗരത്തിലെ 57 ചെറിയ കാനാലുകളുടെ നവീകരണം നടത്തും. ഇതിനായി 55 കോടി രൂപയുടെ എസ്റ്റിമേറ്റ്‌ സമർപ്പിച്ചു. കിഫ്ബി ഫണ്ടിലാണ്‌ പദ്ധതി. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്താത്ത കനാലുകൾ രണ്ടാം ഘട്ടത്തിൽ നവീകരിക്കും. കനാലിലേക്ക്‌ വായു കടത്തിവിടാനും സംവിധാനം ഒരുക്കുന്നുണ്ട്. 
കോമളപുരം സ്‌പിന്നിങ്‌ മില്ലിന് സമീപത്തെ മടയൻതോട് പാതിരപ്പള്ളി വടക്ക് നിന്ന് വേമ്പനാട്ട് കായലിലേക്ക് തുറന്ന്‌ എഎസ് കനാലിൽ നീരൊഴുക്കുണ്ടാക്കും.
 കേരള ഇറിഗേഷൻ ഇൻഫ്രസ്ട്രക്ച്ചർ ഡവലപ്പ്മെന്റ്‌ കോർപ്പറേഷനാണ് നവീകരണച്ചുമതല. കോർപ്പറേഷൻ ഡപ്യൂട്ടി ജനറൽ മാനേജർ ഹരൻ ബാബു നേരിട്ടാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
 മന്ത്രിമാരായ ടി എം തോമസ് ഐസക്‌, ജി സുധാകരൻ എന്നിവർ പ്രവൃത്തികൾ കൃത്യമായി ഇടപെടൽ നടത്തു‌ന്നുമുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top