23 December Monday

സ്‌കൂളിൽ പുഴുശല്യം: റോഡിലിറങ്ങി വിദ്യാർഥി പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2024

ബി പി അങ്ങാടി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികളുടെ പ്രതിഷേധം

തിരൂർ
ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ ചോറ്റുപാത്രത്തിൽ പുഴു വീണതിനെ തുടർന്ന് തിരൂർ ബിപി അങ്ങാടി ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാർഥി പ്രതിഷേധം. ക്ലാസ് മുറിയിൽ ചൊറിയൻ പുഴുശല്യമുണ്ടെന്ന്‌ പറഞ്ഞ്‌ വിദ്യാർഥികൾ രംഗത്തിറങ്ങിയതോടെ ബിപി അങ്ങാടി കുലുങ്ങി. സ്കൂളിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച്‌ വിദ്യാർഥികൾ റോഡിലിറങ്ങിയതോടെ അധികൃതർ ഉണർന്നു.
ശോച്യാവസ്ഥയിൽ പൊറുതിമുട്ടിയാണ് വിദ്യാർഥിനികൾ ക്ലാസ് മുറി വിട്ട്  റോഡിലിറങ്ങി പ്രതിഷേധിച്ചത്.  ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ  പ്ലസ്ടു വിദ്യാർഥിനിയുടെ ഭക്ഷണ പാത്രത്തിലേക്ക് തേരട്ട വീഴുകയായിരുന്നു. 
മുമ്പും വിദ്യാർഥികൾ പരാതി പറഞ്ഞിട്ടും സ്‌കൂൾ അധികൃതരോ പിടിഎയോ സ്‌കൂൾ ചുമതലയുള്ള ജില്ലാ പഞ്ചായത്തോ നടപടിയെടുത്തിരുന്നില്ല. ഇതോടെയാണ് കുട്ടികൾ റോഡിലിറങ്ങി കൂട്ടമായി പ്രതിഷേധിച്ചത്.
 ഇടുങ്ങിയ ക്ലാസ് മുറികളും പൊളിഞ്ഞതും മാളങ്ങളുള്ളതുമായി ടോയ്‌ലറ്റുകളുമായി ശോച്യാവസ്ഥയിലാണ്‌ സ്‌കൂൾ പരിസരം. ഇഴജന്തുക്കളുടെ ശല്യമുണ്ട്‌.
 പ്രതിഷേധം നീണ്ടതോടെ രക്ഷിതാക്കളും എസ്എഫ്ഐ നേതാക്കളും സ്‌കൂളിലെത്തി പ്രിൻസിപ്പലുമായി ചർച്ച നടത്തി. ചർച്ചയിൽ കെട്ടിടം അടിയന്തരമായി സീലിങ്‌ ചെയ്യാൻ തീരുമാനമായി. 
സീലിങ്‌ പ്രവൃത്തികൾക്ക് രണ്ടാഴ്‌ച വേണ്ടതിനാൽ പ്രവൃത്തി തീരുംവരെ  ക്ലാസ്‌ എവിടെ നടക്കണമെന്നും മറ്റും തീരുമാനിക്കാൻ ബുധനാഴ്ച തലക്കാട് പഞ്ചായത്ത് ഓഫീസിൽ  യോഗം ചേരും. തിരൂർ പൊലീസും സംഭവസ്ഥലത്തെത്തിയിരുന്നു.
 
"ഉച്ചഭക്ഷണത്തിൽ പുഴു'  വ്യാജ വാർത്തയെന്ന്‌
തിരൂർ
ബി പി അങ്ങാടി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ പുഴുവെന്ന്‌ പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്ന് പ്രധാനാധ്യാപിക വി ശാരദാമണി അറിയിച്ചു. 
ഹയർ സെക്കൻഡറി ക്ലാസിലെ കുട്ടി വീട്ടിൽനിന്ന് കൊണ്ടുവന്ന ഉച്ചഭക്ഷണത്തിൽ വീണ തേരട്ടയാണ്  ഉച്ചഭക്ഷണത്തിൽ  എന്ന പേരിൽ പ്രചരിക്കുന്നത്. 
ഉച്ചഭക്ഷണം  കർശന പരിശോധനക്കുശേഷമാണ്  വിതരണംചെയ്യുന്നതെന്നും പ്രധാനാധ്യാപിക പറഞ്ഞു.
 
 
 അടിയന്തര റിപ്പോർട്ട് നൽകാൻ മലപ്പുറം ആർഡിഡിയെ ചുമതലപ്പെടുത്തി: മന്ത്രി
മലപ്പുറം
തിരൂർ ബിപി അങ്ങാടി ജിജിവിഎച്ച്എസ് സ്‌കൂളിലെ വിദ്യാർഥികളുടെ പ്രതിഷേധത്തിന്റെ കാരണങ്ങൾ പരിശോധിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ മലപ്പുറം ആർഡിഡിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന്‌ മന്ത്രി വി ശിവൻകുട്ടി.
 ഡയറ്റിന്റെ സ്ഥലത്തുള്ള മരങ്ങൾ സ്കൂൾ കെട്ടിടത്തിന്റെ മുകളിലേക്ക് ചാഞ്ഞ് ഇലകൾ വീണ് പുഴുശല്യം ഉണ്ടാകുന്നെന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിന് ശാശ്വതമായ പരിഹാരമെന്ന നിലയിൽ മരം അടിയന്തരമായി മുറിച്ചുമാറ്റാൻ ഡയറ്റ് പ്രിൻസിപ്പലിന് നിർദേശം നൽകി. 
സ്കൂളിന് പുതിയ കെട്ടിടം പണിയുന്നത് അടക്കമുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായി 3.90 കോടി അനുവദിച്ചിട്ടുണ്ട്. സാങ്കേതിക നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി അടിയന്തരമായി കെട്ടിടം പണിയാനുള്ള നടപടിയുണ്ടാകും. ഇതുകൂടാതെ ഒരുകോടി രൂപ പ്ലാൻ ഫണ്ടിൽനിന്ന് അനുവദിച്ചിട്ടുണ്ട്. പ്രിൻസിപ്പലിനോട് സംസാരിച്ചതിന്റെ പശ്ചാത്തലത്തിൽ  സ്കൂളും കോമ്പൗണ്ടും അടിയന്തരമായി ശുചീകരിക്കാൻ നിർദേശിച്ചിട്ടുണ്ട്. 
തലക്കാട് പഞ്ചായത്ത് പ്രസിഡന്റുമായും സംസാരിച്ചിട്ടുണ്ട്‌. സ്കൂൾ ശുചീകരണ പ്രവർത്തനങ്ങളിൽ പഞ്ചായത്ത്‌  ക്രിയാത്മകമായി ഇടപെടും. നിലവിൽ അനുവദിച്ചതിനേക്കാൾ കൂടുതൽ ഫണ്ട് അനുവദിക്കേണ്ട ആവശ്യമുണ്ടെങ്കിൽ അതിന്റെ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ട് ബന്ധപ്പെട്ട ജനപ്രതിനിധികൾ നിവേദനം നൽകിയാൽ അക്കാര്യവും പരിഗണിക്കും. 
സ്കൂളിന്റെ സുഗമമായ പ്രവർത്തനത്തിന് എല്ലാവരും സഹകരിക്കണമെന്നും മന്ത്രി വാർത്താക്കുറിപ്പിൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top