കൊല്ലം
ഒരാഴ്‌ചയ്ക്കിടെ രണ്ടുമരണം റിപ്പോർട്ട് ചെയ്തതോടെ ജില്ലയിൽ ചിക്കൻപോക്സ് പ്രതിരോധപ്രവർത്തനം ശക്തമാക്കി ആരോഗ്യവകുപ്പ്. ഇളമാട്, ചടയമംഗലം സ്വദേശികളായ വയോധികരാണ് മരിച്ചത്. വേരിസെല്ലാ സോസ്റ്റർ വൈറസ് മൂലമുള്ള പകർച്ചവ്യാധി ശിശുക്കൾ, കൗമാരക്കാർ, മുതിർന്നവർ, ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ, ദീർഘകാലമായി ശ്വാസകോശം–-ത്വക്ക് രോഗമുള്ളവർ എന്നിവരിൽ ഗുരുതരമാകും. കൃത്യമായി ചികിത്സതേടുക എന്നതാണ് പ്രധാനം.
ഒഴിവാക്കാം
സമ്പർക്കം
രോഗമുള്ളവരുമായുള്ള അടുത്ത സമ്പർക്കം വഴി പെട്ടെന്ന് രോഗം പകരും. ശരീരത്തിൽ കുമിളകൾ പൊന്തി തുടങ്ങുന്നതിനു രണ്ടുദിവസം മുമ്പ് മുതൽ അവ ഉണങ്ങി പൊറ്റയാകുന്നത് വരെയുള്ള സമയത്താണിത്. ആരംഭത്തിനു മുമ്പുള്ള ദിവസങ്ങളിലും ആരംഭ ദിവസങ്ങളിലുമാണ് കൂടുതലായി പകരുന്നത്. 10 മുതൽ 21 ദിവസംവരെയുള്ള കാലയളവിലാണ് രോഗലക്ഷണങ്ങൾ പ്രകടമാകുക.
ലക്ഷണങ്ങൾ
പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തിൽ കുമിളകൾ. മുഖം, ഉദരഭാഗം, നെഞ്ച്, പുറം കൈകാലുകൾ എന്നിവിടങ്ങളിൽ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനിൽക്കുന്ന കുമിളകൾ വന്ന് നാലു മുതൽ ഏഴു ദിവസത്തിനുള്ളിൽ അവ പൊട്ടുകയോ പൊറ്റയാവുകയോ ചെയ്യും. നാലു ദിവസത്തിൽ കൂടുതലുള്ള കഠിനമായ പനി, ചുമ, വയറുവേദന, കുമിളകളിൽ വേദന, പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാൻ ബുദ്ധിമുട്ട്, കഴുത്തുവേദന, അടിക്കടിയുള്ള ചർദിൽ, ശ്വാസംമുട്ട്, രക്തസ്രാവം എന്നിവ സങ്കീർണമായ രോഗലക്ഷണങ്ങളാണ്.
വായുസഞ്ചാരമുള്ള മുറിയിൽ പരിപൂർണ വിശ്രമം, ധാരാളം വെള്ളം കുടിക്കുക, പഴവർഗങ്ങൾ കഴിക്കുക, നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുകരോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും 0.5% ബ്ലീച്ചിങ് ലായനിപോലുള്ള അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുക, കുമിളയിൽ ചൊറിഞ്ഞാൽ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക എന്നിവയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
ചികിത്സയും
പ്രതിരോധവും
രോഗം തീവ്രമാകാൻ സാധ്യതയുള്ളവർ ഡോക്ടറുടെ നിർദേശപ്രകാരം അസൈക്ലോവീർ/വാലസൈക്ലോവീർ തുടങ്ങിയ ആന്റിവൈറൽ മരുന്നുകൾ ഉപയോഗിക്കണം. ചികിത്സക്കിടെ സ്ഥിരമായി ഉപയോഗിച്ച് കൊണ്ടിരിക്കുന്ന മറ്റ് മരുന്നുകൾ നിർത്തരുത്. രോഗം വന്നിട്ടില്ലാത്തവർ സമ്പർക്കം വന്നാൽ 72 മണിക്കൂറിനുള്ളിൽ വാക്‌സിൻ എടുത്താൽ പ്രതിരോധിക്കാം. 12 വയസ്സിനു മുകളിലുള്ളവർക്ക് നാലു മുതൽ എട്ടാഴ്ച ഇടവേളയിൽ 2 ഡോസ് വാക്‌സിൻ എടുക്കണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..