26 November Tuesday

അണ്ണന്റെ കടയിൽ കണ്ണന്‌ സ്നേഹപ്പറ്റ്‌

എ ബി അൻസാർUpdated: Wednesday Jul 24, 2024
പത്തനാപുരം
രാവിലെ രണ്ടുപൊറോട്ട, ഉച്ചയ്‌ക്കും വൈകിട്ട്‌ നാലിനും വട, വൈകിട്ട്‌ 6.30ന്‌ പഴം. കണ്ണന്റെ ആഹാരക്രമം ഹസ്സൻകുട്ടി അണ്ണന്റെ കാണാപ്പാഠം. കണ്ണനെന്നു നാട്ടുകാർ വിളിക്കുന്ന മയിലും പുന്നമൂട്ടിലെ ഹസ്സൻകുട്ടിയും തമ്മിലുള്ള ആത്മബന്ധം മൂന്നുവർഷം പിന്നിടുന്നു. പുന്നമൂട്ടിലെ ഹസ്സൻകുട്ടിയുടെ കടയിൽനിന്നാണ്‌ കണ്ണൻ ദിവസേന ആഹാരം കഴിക്കുന്നത്‌. മൂന്നുവർഷം മുമ്പാണ്‌ പുന്നമൂട്ടിലെ റബർ എസ്റ്റേറ്റിനോടു ചേർന്ന ഹസ്സൻകുട്ടി അണ്ണന്റെ കടയിൽ നാല് പെൺമയിലും ഒരു ആൺമയിലും എത്തിയത്‌. വലുതായപ്പോൾ പെൺമയിലുകൾ സ്ഥലംവിട്ടു. ആൺമയിലും ഹസ്സൻകുട്ടിയും പതിയെ  സുഹൃത്തുക്കളായി. രാവിലെ പൊറോട്ട കഴിച്ച്‌ വയറുനിറയുമ്പോൾ റബർതോട്ടത്തിലും സമീപപ്രദേശങ്ങളിലും കണ്ണൻ കറങ്ങി നടക്കും. ഭക്ഷണം കിട്ടിയില്ലെങ്കിൽ ഒച്ചയുണ്ടാക്കും. ഹസ്സൻകുട്ടിയെ കണ്ടില്ലെങ്കിൽ തിരക്കി നടക്കും. ചിലപ്പോൾ വാവിട്ട്‌ കരയും. ഹസ്സൻകുട്ടിയെ 20 ദിവസം വിദേശത്തു പോയപ്പോൾ കണ്ണൻ നിരാഹാരസമരത്തിലായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. ഏറെ ദിവസത്തിനു ശേഷമാണ് ഭക്ഷണംകഴിക്കാൻ വീണ്ടുമെത്തിയത്‌. കടയിൽ വരുന്നവർക്കും പ്രിയപ്പെട്ടവനാണ്‌ കണ്ണൻ. മയിൽ ഉള്ളതിനാൽ ഇഴജന്തുക്കളുടെ ശല്യം ഉണ്ടായിട്ടില്ലെന്നാണ്‌ പ്രദേശവാസികൾ പറയുന്നത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top