23 December Monday

ജോലിക്കുപോയ പിഗ്മി കളക്ഷൻ ഏജന്റിനെ കാണാതായി

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024
കാസർകോട് 
ജോലിക്കുപോയ പിഗ്മി കളക്ഷൻ ഏജന്റിനെ കാണാതായി. കാസർകോട് സർവീസ് സഹകരണ ബാങ്കിലെ പിഗ്മി കളക്ഷൻ ഏജന്റായ ബാരിക്കാട്‌ പാമ്പാച്ചിക്കടവ് അയ്യപ്പഭജന മന്ദിരത്തിനു സമീപത്തെ ബി എ രമേശിനെ (50)യാണ് കാണാതായത്. ഇയാളുടെ സ്‌കൂട്ടർ ചന്ദ്രഗിരിപ്പാലത്തിനു മുകളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പുഴയിൽ ചാടിയതായിരിക്കാമെന്ന നിഗമനത്തിൽ പൊലീസും അഗ്നിരക്ഷാ സേനയും പരിശോധന നടത്തുന്നുണ്ട്‌. സാധാരണ കളക്ഷൻ കഴിഞ്ഞ് രാത്രി എട്ടരയോടെ വീട്ടിലെത്താറുണ്ട്‌. വ്യാഴാഴ്‌ച പതിവുസമയം കഴിഞ്ഞിട്ടും വീട്ടിലെത്തിയില്ല. വീട്ടുകാർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് ഭാര്യാ സഹോദരൻ ദിനേശൻ നൽകിയ പരാതിയിൽ വിദ്യാനഗർ പൊലീസ് കേസെടുത്തു.
അന്വേഷിക്കുന്നതിനിടെയാണ് രമേശിന്റെ സ്‌കൂട്ടർ ചന്ദ്രഗിരിപ്പാലത്തിനു സമീപത്തു കണ്ടത്. പൊലീസെത്തി പരിശോധിച്ചപ്പോൾ ബാഗും ഫോണും സ്വർണാഭരണവും സ്‌കൂട്ടറിൽനിന്ന്‌ കണ്ടെത്തി. പുഴയിൽ ചാടിയതായിരിക്കാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ അഗനിരക്ഷാ സേന തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിരച്ചിലിനിടെ പുഴയിൽനിന്നും അഞ്ചുദിവസം പഴക്കമുള്ള മറ്റൊരു മൃതദേഹം അഗ്നിരക്ഷാ സേന കണ്ടെത്തി. ഇത്‌ 19ന്‌ കുഡ്‌ലുവിൽനിന്നും കാണാതായ യുവാവിന്റെ മൃതദേഹമാണെന്ന്‌ ബന്ധുക്കൾ തിരിച്ചറിഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top