17 September Tuesday

20 ദിവസം, 8 കോടി കാഴ്ചക്കാർ; ഹിറ്റടിച്ച് ഹുഫിറ്റ്

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024

ലിബിൻ ജോക്കബ്, അനന്യ റെജി, അനുമോൾ റെജി, ഗായന്ത്രി മോഹനൻ എന്നിവർ

രാജപുരം
സാമൂഹ്യ മാധ്യമത്തിലെ ഒരൊറ്റ റീൽസ്‌ കൊണ്ട് താരങ്ങളായി  നാൽവർ സംഘം. രാജപുരം ഹുഫിറ്റ് ഡാൻസ് കമ്പനിയിലെ  ലിബിൻ ജോക്കബ്, അനന്യ റെജി, അനുമോൾ റെജി, ഗായന്ത്രി മോഹനൻ  എന്നിവരാണ്‌ റീൽസിലൂടെ  ശ്രദ്ധയാകർഷിച്ചത്‌.  
ജൂലെെ 29നാണ്  രാജപുരത്തെ നൃത്ത പരിശീലന കേന്ദ്രത്തിന് സമീപത്തെ കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാന പാതയോരത്ത് പാട്ടിനൊത്ത് ചുവടുവച്ച് റീൽസ് ചെയ്തത്. ഇതിനിടെ സമീപത്തെത്തിയ സ്വകാര്യ ബസ് ഹോൺ മുഴക്കിയതോടെ സംഘാംഗമായ ഗായത്രി മോഹനൻ ചിരിച്ചു കൊണ്ട് റോഡരികിലേക്ക് ചാടിമാറി. ഇതടക്കം സമൂഹമാധ്യമങ്ങളിൽ  വൈറലായി.  അടിപൊളി പാട്ടിനൊപ്പം നൃത്തംചെയ്തപ്പോൾ അത്‌ ആകർഷകമായി. 20 ദിവസത്തിനകം എട്ടുകോടിയിലധികം പേർ റീൽസ് കണ്ടു. ‘ഓ. പില്ലഗാ’ എന്ന് തുടങ്ങുന്ന തെലുങ്ക് ഗാനത്തിനൊപ്പമാണ്  സംഘം റീൽസ് തയ്യാറാക്കിയത്. കൊട്ടോടിയിലെ മാർട്ടിൻ ജോണാണ് കാമറാമാൻ.   ഗായത്രി അൽപ്പകാലം ക്ലാസിക്കൽ നൃത്തം പരിശീലിച്ച തൊഴിച്ചാൽ ബാക്കിയെല്ലാവരും സ്വന്തം കഴിവുകളിൽ വിശ്വാസമർപ്പിച്ച് നൃത്തരംഗത്തേക്ക് എത്തിയവർ.   
2022-ലാണ് സമാന ചിന്താഗതിക്കാരായ പെൺകുട്ടികളെയടക്കം ഉൾപ്പെടുത്തി ഏഴു പേരടങ്ങുന്ന സംഘം ഹുഫിറ്റ് ഡാൻസ് കമ്പനി എന്ന ഡാൻസ് ട്രൂപ്പ് രാജപുരത്ത്‌ തുടങ്ങിയത്. നിലവിൽ 12 പേരടങ്ങുന്ന സംഘമാണ്  നൃത്തച്ചുവടുകളുമായി വേദികളിലെത്തുന്നത്.  വിവാഹംപോലുള്ള ആഘോഷങ്ങൾക്കടക്കം 500-ഓളം വേദികളിൽ നൃത്തമവതരിപ്പിച്ചു.  
സാമൂഹികമാധ്യമങ്ങളിലും റീൽസ് ചെയ്യാൻ തുടങ്ങി. രണ്ടുവർഷത്തിനിടെ 130ഓളം റീൽസ് ചെയ്തു. ഇതിൽ ധനുഷ് ചിത്രത്തിലെ മേഘം കറുക്കാത എന്ന ഗാനത്തിനൊപ്പം ചെയ്ത റീൽസ് രണ്ടു കോടി പേർ കണ്ടു.  
 
അഭിനന്ദിച്ച്  
മന്ത്രി ശിവൻകുട്ടി
മിന്നും താരങ്ങളായി മാറിയിരിക്കുയാണ് ഈ ഡാൻസ് വീഡിയോയിലെ  താരങ്ങളെന്ന് മന്ത്രി വി ശിവൻകുട്ടി സമൂഹമാധ്യമത്തിൽ കുറിച്ചു. ലോകമാകെ ഇവരുടെ റീൽസ് കണ്ടു. ഇവർ മലയോരത്തിന്റെ മാത്രമല്ല സംസ്ഥാനത്തിന്റെ തന്നെ അഭിമാനമാണ്. റീലുകൾ നല്ലതാണ് എന്നാൽ റിസ്‌ക് എടുക്കരുതേ എന്നും എല്ലാവരോടും, പ്രത്യേകിച്ച് കുഞ്ഞുങ്ങളോട് മന്ത്രി അഭ്യർഥിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top