14 November Thursday

മുഴപ്പിലങ്ങാട് – ധർമടം ബീച്ച് സമഗ്ര 
വികസനം

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024

മുഴപ്പിലങ്ങാട് ബീച്ച് ടൂറിസം പദ്ധതി പ്രദേശം മന്ത്രി പി എ മുഹമ്മദ്‌ റിയാസ് സന്ദർശിക്കുന്നു

മുഴപ്പിലങ്ങാട് 
മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ നടക്കുന്ന നിർമാണ പ്രവൃത്തികളുടെ ആദ്യഘട്ടം അടുത്തവർഷം ജനുവരിയിൽ പൂർത്തിയാക്കി പുതുവത്സര സമ്മാനമായി നാടിന് സമർപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പൊതുമരാമത്ത്, ടൂറിസം മന്ത്രി പി എ മുഹമ്മദ്‌ റിയാസ് പറഞ്ഞു.
 കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി മുഴപ്പിലങ്ങാട് മുതൽ ധർമടംവരെയുള്ള ബീച്ചിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് നടത്തുന്ന കടൽത്തീരത്തിന്റെ സൗന്ദര്യവൽക്കരണവും ടൂറിസം പദ്ധതികളുടെ നിർമ്മാണ പുരോഗതിയുംനേരിട്ട് വിലയിരുത്താൻ മുഴപ്പിലങ്ങാട് ബീച്ചിലെത്തിയതായിരുന്നു മന്ത്രി റിയാസ്. ഏഷ്യയിലെ  ഏറ്റവും നീളമേറിയ ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാടിനെ ലോകോത്തര ടൂറിസം കേന്ദ്രങ്ങളുടെ നിലവാരത്തിലേക്കുയർത്തുകയാണ് ലക്ഷ്യം.  
  നാലുഘട്ടങ്ങളിലായി നടക്കുന്ന നിർമാണ പ്രവൃത്തികൾ പൂർത്തിയാകുമ്പോൾ ദുബായ് മറീനയെപോലെ മുഴപ്പിലങ്ങാടും മാറുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. 3.8 കിലോമീറ്ററിൽ 233.71 കോടി രൂപ ചെലവിലാണ് മുഴപ്പിലങ്ങാട് –-- ധർമടം ബീച്ച് സമഗ്രവികസനം സാധ്യമാക്കുക.
 1.4 കിലോമീറ്ററിലുള്ള ആദ്യഘട്ടത്തിന്റെ  നിർമാണം 70 ശതമാനം പൂർത്തിയായി. 15 ചെറു ഭക്ഷണശാലകൾ,  നടപ്പാതകൾ, വെയിലും മഴയുമേൽക്കാത്ത 11 ഇരിപ്പിടങ്ങൾ, രണ്ട് ബ്ലോക്കുകളിലായി ആറു വീതം ടോയ്‌ലറ്റുകൾ, സൈക്കിൾ സവാരിക്കാർക്ക് പ്രത്യേക ട്രാക്ക് എന്നിവയാണ് ആദ്യഘട്ടത്തിലുണ്ടാവുക. ഡ്രൈവ് ഇൻ ബീച്ചിനെ ഒരു തരത്തിലും ബാധിക്കാതെയാണ് നിർമാണപ്രവൃത്തികൾ. ഊരാളുങ്കല്‍ ലേബര്‍ കോൺട്രാക്ടിങ് സൊസൈറ്റിക്കാണ് നിര്‍മാണച്ചുമതല. കെടിഡിസിയുടെ ത്രീസ്റ്റാർ ഹോട്ടലിന്റെ നിർമാണം വേഗത്തിൽ പുരോഗമിക്കുന്നു. 55 ശതമാനം പ്രവൃത്തികൾ പൂർത്തിയായി. എട്ടു സ്യൂട്ട് റൂമുകളടക്കം 40 മുറികളുള്ള ഹോട്ടലിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള  സ്പായും, സ്വിമ്മിങ്‌ പൂളും ഉണ്ടാകും. കണ്ണൂരിലെത്തുന്ന വിനോദസഞ്ചാരികൾക്ക്‌ താമസസൗകര്യത്തിന്‌ നേരിടുന്ന പ്രശ്നത്തിന്  ഇതോടെ  പരിഹാരമാകുമെന്നും മന്ത്രി  പറഞ്ഞു.
  മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ്‌ ടി സജിത, വൈസ് പ്രസിഡന്റ്‌ സി  വിജേഷ്, തലശേരി മുനിസിപ്പൽ ആരോഗ്യ വിദ്യാഭ്യാസ വികസന സ്റ്റാൻഡിങ് കമ്മിറ്റി  ചെയർമാൻ കെ ടി  ഫർസാന ടൂറിസം അധികൃതർ, ഊരാളുങ്കൽ ഉദ്യോഗസ്ഥർ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top